Connect with us

International

അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം: ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിക്കും

ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലറും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.

Published

|

Last Updated

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സമ്മേളന വേദിയില്‍.

കോഴിക്കോട് | ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അസ്സീസിയുടെ മേല്‍നോട്ടത്തില്‍ കൈറോയില്‍ നടക്കുന്ന 36-ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിക്കും. ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലറും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഹുസൈന്‍ സഖാഫി സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. ഈജിപ്ത് സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് അഫയേഴ്സിന്റെ ആഭിമുഖ്യത്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലത്തെ തൊഴിലുകളുടെ ധാര്‍മികതയും സാധ്യതയും’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 50 ലധികം രാജ്യങ്ങളില്‍ നിന്നുള്ള മുഫ്തിമാരും യൂണിവേഴ്സിറ്റി തലവന്മാരും പണ്ഡിതരും ഗവേഷകരും പങ്കെടുക്കും.

‘പരമ്പരാഗത തൊഴിലുകളും പുതിയ സാധ്യതകളും ‘ എന്ന വിഷയത്തില്‍ ഇന്ന് (ചൊവ്വ) ഉച്ചക്ക് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ ഡോ. ഹുസൈന്‍ സഖാഫി പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. സാമ്പത്തിക വിശുദ്ധി, തൊഴില്‍ ധാര്‍മികത, ഓണ്‍ലൈന്‍ വ്യവസായങ്ങളും ധാര്‍മികതയും, ഡിജിറ്റല്‍ മാര്‍ക്കറ്റിങും കൃത്രിമ ബുദ്ധിയും തുടങ്ങിയ വിവിധ വിഷയങ്ങളിലെ ഇസ്‌ലാമിക വീക്ഷണങ്ങള്‍ രണ്ടു ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും.

ഈജിപ്ത് മതകാര്യ വകുപ്പ് മന്ത്രി ഡോ. ഉസാമ അല്‍ അസ്ഹരി, ഗ്രാന്‍ഡ് മുഫ്തി ഡോ. നാസിര്‍ അയ്യദ്, ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയ്യിബിന്റെ പ്രതിധിനി ഡോ. മുഹമ്മദ് അബ്ദുറഹ്മാന്‍ ളുവൈനി, ജോര്‍ദാന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് മുസ്‌ലിം അല്‍ ഖലൈഹ്, ഒമാന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സഈദ് അല്‍ മാമാരി, ഫലസ്തീന്‍ ചീഫ് ജഡ്ജ് മഹ്മൂദ് അല്‍ ഹബാഷ്, ബഹ്റൈന്‍ ഇസ്‌ലാമിക് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ്, ജിബൂട്ടി മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഅ്മിന്‍ ഹസന്‍ തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

നേരത്തെ യു എ ഇ, റഷ്യ, ജോര്‍ദാന്‍, അമേരിക്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഡോ. ഹുസൈന്‍ സഖാഫി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മര്‍കസ് ഹയര്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ അക്ബര്‍ ബാദുഷ സഖാഫിയും സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കുന്നുണ്ട്.

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സമ്മേളന വേദിയില്‍.