Connect with us

Kerala

ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല; ഭീതിയുടെ ബോഗിയില്‍ യാത്രക്കാര്‍

ഏത് നിമിഷവും സ്റ്റേഷനിലും ട്രെയിനകത്തും സാമൂഹിക വിരുദ്ധര്‍ക്ക് കയറിക്കൂടാനും അക്രമം നടത്താനും സാധിക്കുന്ന അവസ്ഥയാണെന്ന്‌ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍

Published

|

Last Updated

പാലക്കാട് ട്രെയിനില്‍ സുരക്ഷാ ജീവനക്കാരുടെ കുറവ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. യാത്രക്കാരുടെ സുരക്ഷക്ക് പ്രഥമ പരിഗണനയെന്ന് റെയില്‍വേ ആവര്‍ത്തിക്കുമ്പോഴാണ് ഈ ദുര്‍ഗതി. യാത്രക്കിടെ കവര്‍ച്ചയും സാമൂഹിക വിരുദ്ധരുടെ ആക്രമണവും ആവര്‍ത്തിക്കുമ്പോഴും ഇത് തടയാനായി റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ല.

കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 570 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന പാലക്കാട് റെയില്‍വേ ഡിവിഷനില്‍ വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് റെയില്‍വേ ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. കവര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ ആക്രമണവും ആവര്‍ത്തിക്കുമ്പോഴും സുരക്ഷ ശക്തമാക്കുമെന്ന പ്രഖ്യാപനമല്ലാതെ നടപടി മാത്രമുണ്ടാകുന്നില്ല.

പാലക്കാട് ഡിവിഷനില്‍ 274 റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍ പി എഫ്) ഉദ്യോഗസ്ഥര്‍ മാത്രമാണ് സുരക്ഷാ ഡ്യൂട്ടിക്കായുള്ളത്. പാലക്കാട് ഡിവിഷന്‍ വിഭജിച്ചപ്പോള്‍ നല്ലൊരു വിഭാഗം ആര്‍ പി എഫ് ജവാന്മാര്‍ സേലം ഡിവിഷന് കീഴിലായി. തുടര്‍ന്ന് മതിയായ ജീവനക്കാരെ നിയമിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല.

ഡിവിഷനു കീഴിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള പോലീസ് സ്റ്റേഷനുകളില്‍ നിയോഗിക്കുന്ന കേരള പോലീസുകാരുടെ എണ്ണവും കുറവാണ്. ഷൊര്‍ണൂര്‍ മുതല്‍ മംഗലാപുരം വരെയും പാലക്കാട് മുതല്‍ പൊള്ളാച്ചി വരെയും പോത്തന്നൂരിനടുത്ത് കിനാട്ടിക്കടവി വരെയും ഉള്‍പ്പെടുന്ന ഡിവിഷനിലെ ആറ് റെയില്‍വേ പോലീസ് സ്റ്റേഷനുകള്‍ നിയന്ത്രിക്കാന്‍ നാമമാത്ര കേരള പോലീസുകാര്‍ മാത്രമാണുള്ളത്. റെയില്‍വേ പോലീസില്‍ 40 ശതമാനത്തോളം ജീവനക്കാര്‍ക്കും മറ്റു ജോലികളും നല്‍കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ 50 ശതമാനം ജീവനക്കാരെ മാത്രമേ റെയില്‍വേ സുരക്ഷക്കായി ലഭിക്കുന്നുള്ളൂ.

ജീവനക്കാരുടെ കുറവ് ട്രെയിനുകളിലെ മൊബൈല്‍ പട്രോള്‍ ഡ്യൂട്ടിയെയും ബാധിക്കാറുണ്ട്. മൂന്ന് മൊബൈല്‍ പട്രോളിങ് സ്‌ക്വാഡുകള്‍ മാത്രമാണ് പലപ്പോഴും പാലക്കാട് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്നത്. തിരക്കേറിയ കമ്പാര്‍ട്ടുമെന്റുകളില്‍ പച്ചക്കറികളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന കച്ചവടക്കാരും യാചകരും യാത്രക്കാര്‍ക്ക് ശല്യമാകുന്നുണ്ട്.

സ്റ്റേഷനുകളിലും ട്രെയിനിനകത്തും യാത്രക്കാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹിക വിരുദ്ധര്‍ കൈയടക്കുമ്പോഴും നിയന്ത്രിക്കാന്‍ യാതൊരുവിധ സംവിധാനവുമില്ല. ഏത് നിമിഷത്തിലും സ്റ്റേഷനിലും ട്രെയിനകത്തും സാമൂഹിക വിരുദ്ധര്‍ക്ക് കയറിക്കൂടാനും അക്രമം നടത്താനും സാധിക്കുന്ന അവസ്ഥയാണെന്നാണ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പറയുന്നത്. ഇതു തുടര്‍ന്നാല്‍ എലത്തൂരിലുണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല.