National
ഇൻഡിഗോ പ്രതിസന്ധി: സിഇഒയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്; 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണം
തുടർച്ചയായ അഞ്ചാം ദിവസവും ഇൻഡിഗോ സർവീസുകൾ താളം തെറ്റുകയും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ ശക്തമായ നടപടി
ന്യൂഡൽഹി | രാജ്യത്തെ വ്യോമയാന മേഖലയിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിമാനങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനും പ്രവർത്തനങ്ങൾ തകരാറിലായതിനും വിശദീകരണം നൽകണമെന്നാണ് ഡി ജി സി എയുടെ ആവശ്യം. മറുപടി നൽകാൻ സിഇഒയ്ക്ക് 24 മണിക്കൂറാണ് സമയം അനുവദിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും ഡി ജി സി എ മുന്നറിയിപ്പ് നൽകി.
തുടർച്ചയായ അഞ്ചാം ദിവസവും ഇൻഡിഗോ സർവീസുകൾ താളം തെറ്റുകയും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ ശക്തമായ നടപടി. ശനിയാഴ്ച മാത്രം 850-ൽ അധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. മണിക്കൂറുകളോളം നീണ്ട ക്യൂകൾ, കണക്ഷൻ വിമാനങ്ങൾ നഷ്ടപ്പെടൽ, ലഗേജ് പ്രശ്നങ്ങൾ തുടങ്ങിയ ദുരിതങ്ങൾ രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് നേരിടേണ്ടിവന്നു.
അംഗീകൃത ‘ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ്’ (എഫ് ഡി ടി എൽ) പദ്ധതി സുഗമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഇൻഡിഗോ ഏർപ്പെടുത്തിയില്ല എന്നതാണ് പ്രശ്നങ്ങളുടെ പ്രാഥമിക കാരണം. വൻതോതിലുള്ള ഈ പ്രവർത്തന തകർച്ച, ആസൂത്രണം, മേൽനോട്ടം, വിഭവശേഷി കൈകാര്യം ചെയ്യൽ എന്നിവയിലെ ഗുരുതരമായ വീഴ്ചയെയാണ് സൂചിപ്പിക്കുന്നതെന്നും റെഗുലേറ്റർ വ്യക്തമാക്കി. വിമാനങ്ങൾ റദ്ദാക്കുകയോ, അധികമായി വൈകുകയോ, ബോർഡിംഗ് നിഷേധിക്കയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് നൽകേണ്ട വിവരങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടു. വിശ്വസനീയമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും യാത്രക്കാർക്ക് അർഹമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും സിഇഒ തന്റെ കടമയിൽ പരാജയപ്പെട്ടു എന്നും നോട്ടീസ് പറയുന്നു.
യാത്രാ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, കേന്ദ്ര വ്യോമയാന മന്ത്രാലയം വിഷയത്തിൽ നേരത്തെ ഇടപെട്ടിരുന്നു. തീർപ്പാക്കാത്ത എല്ലാ റീഫണ്ടുകളും ഞായറാഴ്ച വൈകുന്നേരത്തോടെ നൽകിത്തീർക്കാനും, വേർപെട്ടുപോയ ലഗേജുകൾ 48 മണിക്കൂറിനുള്ളിൽ ഉടമകളിൽ എത്തിക്കാനും മന്ത്രാലയം ഇൻഡിഗോക്ക് നിർദേശം നൽകി. കൂടാതെ, പരാതികൾ കൈകാര്യം ചെയ്യുന്നതിനും യഥാസമയം വിവരങ്ങൾ നൽകുന്നതിനുമായി പ്രത്യേക യാത്രാ-സഹായ, റീഫണ്ട്-സൗകര്യ സെല്ലുകൾ സ്ഥാപിക്കാനും ഇൻഡിഗോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.



