Connect with us

Uae

സ്വദേശിവത്കരണം;ലക്ഷ്യം പൂർത്തിയാക്കാത്ത കമ്പനികൾക്കെതിരെ നടപടി തുടങ്ങി

ഡിസംബർ 31-നകം നിയമനം പൂർത്തിയാക്കണമെന്ന് മന്ത്രാലയം

Published

|

Last Updated

അബൂദബി | 2025-ലെ സ്വദേശിവത്കരണ ലക്ഷ്യം കൈവരിക്കാത്ത സ്വകാര്യ കമ്പനികൾക്കെതിരെ പിഴ ചുമത്തി മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. നിയമിക്കാത്ത ഓരോ സ്വദേശിക്കും 1,08,000 ദിർഹം വീതമാണ് കമ്പനികൾ പിഴയായി നൽകേണ്ടത്.
ഡിസംബർ 31-നകം നിയമനം പൂർത്തിയാക്കണമെന്ന് മന്ത്രാലയം കർശന നിർദേശം നൽകിയിരുന്നു. ഇത് പാലിക്കാത്ത കമ്പനികളിൽ നിന്നാണ് ഇപ്പോൾ പിഴ ഈടാക്കിത്തുടങ്ങിയത്.
50-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ വിദഗ്ധ തസ്തികകളിൽ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം.

20 മുതൽ 49 വരെ ജീവനക്കാരുള്ള തിരഞ്ഞെടുക്കപ്പെട്ട 14 മേഖലകളിലെ കമ്പനികൾ 2025-ൽ ചുരുങ്ങിയത് ഒരു സ്വദേശിയെയെങ്കിലും നിയമിച്ചിരിക്കണം. നിയമനം കടലാസിൽ മാത്രം ഒതുക്കുന്ന “വ്യാജ സ്വദേശിവത്കരണ’ത്തിനെതിരെ മന്ത്രാലയം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കമ്പനികളെ തരംതാഴ്ത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

അതേസമയം, നിയമം കൃത്യമായി പാലിക്കുന്ന കമ്പനികൾക്ക് മന്ത്രാലയത്തിന്റെ സേവന ഫീസുകളിൽ 80 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ സർക്കാർ കരാറുകളിൽ ഇവർക്ക് മുൻഗണനയും ലഭിക്കും. ഉദ്യോഗാർഥികളെ കണ്ടെത്താൻ കമ്പനികൾ നാഫിസ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു.