Connect with us

operation sindoor

പ്രകോപനമില്ലാതെ ഇന്ത്യ യുദ്ധത്തിന് മുതിരുന്നു; തിരിച്ചടിക്കുമെന്ന് പാകിസ്താന്‍

ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പാകിസ്താനും പാക് സൈന്യത്തിനും അറിയാം

Published

|

Last Updated

ഇസ്ലാമാബാദ്  | ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിറകെ പ്രതികരണവുമായി പാകിസ്താന്‍. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്താന് അവകാശമുണ്ടെന്നായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ആദ്യ പ്രതികരണം.ഇന്ത്യന്‍ നടപടിക്ക് എതിരെ ശക്തമായ മറുപടി നല്‍കും. മുഴുവന്‍ രാഷ്ട്രവും സായുധ സേനയ്‌ക്കൊപ്പം നില്‍ക്കും. ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പാകിസ്താനും പാക് സൈന്യത്തിനും അറിയാം. എതിരാളികളുടെ ദുഷ്ട ലക്ഷ്യങ്ങള്‍ വിജയിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

ഇന്ത്യന്‍ ആക്രമണത്തോടുള്ള പ്രതികരണങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് പാകിസ്താന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാര്‍ പ്രതികരിച്ചു. പാക് സൈന്യത്തിന്റെ പ്രതികരണങ്ങള്‍ക്ക് പൗരന്‍മാരുടെ പൂര്‍ണ പിന്തുണയുണ്ടാകും. സമാധാനം ആഗ്രഹിക്കുന്ന ജനതയാണ് പാകിസ്ഥാനിലേത്. എന്നാല്‍ വെല്ലുവിളികളെ നേരിടും. അതിനെതിരെ മുഴുവന്‍ രാഷ്ട്രവും പ്രതികരിക്കുമെന്നും ഒരു അഭിമുഖത്തില്‍ തരാര്‍ വ്യക്തമാക്കുന്നു.

പ്രകോപനമില്ലാതെ ഇന്ത്യ യുദ്ധത്തിന് മുതിരുന്നു എന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രതികരിച്ചു. ഇന്ത്യയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് കൊല്ലപ്പെട്ടത് എന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഭീകരവാദം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യ പ്രാദേശിക സമാധാനം ഇല്ലാതാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ നടപടി രണ്ട് ആണവായുധ രാഷ്ട്രങ്ങളെയും ഒരു വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണെന്നും പ്രസ്താവനയില്‍ പാകിസ്താന്‍ പറയുന്നു

ഇന്ത്യയുടെ നടപടികളോട് യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍-51 അനുസരിച്ചും അന്താരാഷ്ട്ര നിയമം അനുസരിച്ചും പ്രതികരിക്കാനുള്ള അവകാശം പാകിസ്താനുണ്ട്. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ ആക്രമിച്ചത്.ഒന്‍പത്‌ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Latest