Kerala
ഇന്ത്യ-പാക് സംഘര്‍ഷം; കേരളത്തിലും കനത്ത സുരക്ഷ
സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങള്‍, കര, നാവിക, വ്യോമസേനാ താവളങ്ങള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം | ഇന്ത്യ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ കേരളത്തിലും കനത്ത സുരക്ഷ. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങള്‍, കര, നാവിക, വ്യോമസേനാ താവളങ്ങള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി.
കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊച്ചി നാവികത്താവളം, ഐ എന്‍ എസ് ദ്രോണാചാര്യ, ഐ എന്‍ എസ് ഗരുഡ, നാവിക വിമാനത്താവളം, ഐ എന്‍ എച്ച് എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു. കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടി.
സൈനികത്താവളങ്ങള്‍ക്കു പുറമേ, വിമാനത്താവളം, തുറമുഖം, എണ്ണശുദ്ധീകരണശാല, എല്‍ എന്‍ ജി ടെര്‍മിനല്‍, ഷിപ്യാഡ്, കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു. ഇടുക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ക്ക് പതിവു സുരക്ഷ തുടരും. സംഘര്‍ഷ സാഹചര്യം നേരിടാനുള്ള സേനാ വിന്യാസം കേരളത്തിലില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.