Uae
ഇന്ത്യ-പാക് സംഘർഷം;ഗൾഫിൽ നിന്നും തിരിച്ചും വിമാന സർവീസുകൾ റദ്ദാക്കി
വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കും പാകിസ്ഥാനിലെ എല്ലാ വ്യോമാതിർത്തികളിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചവയിൽ ഉൾപെടും.

ദുബൈ | ഇന്ത്യ -പാക് അതിർത്തിയിൽ യുദ്ധ പശ്ചാത്തലത്തിൽ വടക്കേ ഇന്ത്യ, പാകിസ്ഥാൻ ഭാഗങ്ങളിലേക്ക് ഗൾഫിൽ നിന്ന് വിമാന സർവീസ് നിർത്തിവെച്ചു. “ദക്ഷിണേഷ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്വർ വിമാനക്കമ്പനികൾ വ്യക്തമാക്കി. ദുബൈ, അബൂദബി, ദോഹ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും സർവീസുകളെ കാര്യമായി ബാധിച്ചു. വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കും പാകിസ്ഥാനിലെ എല്ലാ വ്യോമാതിർത്തികളിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചവയിൽ ഉൾപെടും. ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് അറിയിച്ചു.
ഇൻഡിഗോയും സ്പൈസ്ജെറ്റും മുന്നറിയിപ്പ് നൽകി. “ധർമശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ എന്നിവയുൾപ്പെടെ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലെ വിമാനത്താവളങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നു.’ സ്പൈസ്ജെറ്റ് ബുധനാഴ്ച രാവിലെ അറിയിച്ചു. ദുബൈയിൽ നിന്നും സിയാൽകോട്ട്, ലാഹോർ, ഇസ്്ലാമാബാദ്, പെഷവാർ ഉൾപ്പെടെയുള്ള വിമാന സർവീസുകൾ എമിറേറ്റ്സ് റദ്ദാക്കി. ഉപയോക്താക്കൾ ചില വിമാനത്താവളത്തിലേക്ക് പോകരുത്. കറാച്ചിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ ഇത് ബാധിക്കില്ല, ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കും.’ ഒരു പ്രസ്താവനയിൽ എയർ ഇന്ത്യ, ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നവയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. മെയ് പത്ത് ന് രാവിലെ 5.29 വരെ ഈ വിമാനങ്ങൾ നിർത്തിവച്ചിരിക്കും.
“മെയ് ആറിന് പാകിസ്ഥാനിലേക്ക് പോയ ഇത്തിഹാദ് എയർവേയ്സ് വിമാനങ്ങൾ ഇ വൈ 284 (അബൂദബിയിൽ നിന്ന് ലാഹോറിലേക്ക്), ഇ വൈ 296 (അബൂദബിയിൽ നിന്ന് കറാച്ചിയിലേക്ക്), ഇ വൈ 302 (അബുദബിയിൽ നിന്ന് ഇസ്്ലാമാബാദിലേക്ക്) – അബൂദബിയിലേക്ക് മടങ്ങി. കറാച്ചിയിൽ നിന്ന് അബൂദബിയിലേക്കും ലാഹോറിൽ നിന്ന് അബൂദബിയിലേക്കും ഇസ്്ലാമാബാദിൽ നിന്ന് അബൂദബിയിലേക്കുമുള്ള വിമാനങ്ങൾ താത്കാലികമായി നിർത്തി’ എയർലൈൻ അറിയിച്ചു. ഫ്ലൈ ദുബൈ, എയർ അറേബ്യ, ഇൻഡിഗോ തുടങ്ങി മിക്ക വിമാനക്കമ്പനികളും ഷെഡ്യൂൾ മാറ്റിയിട്ടുണ്ട്.