National
ശ്രീലങ്കയിലേക്കുള്ള പാക് സഹായ വിമാനത്തിന് അടിയന്തരമായി വ്യോമപാത തുറന്നുനൽകി ഇന്ത്യ
'ദിത്വ' ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ കനത്ത നാശനഷ്ടം തുടരുന്നു
ന്യൂഡൽഹി | പ്രളയം നാശം വിതച്ച ശ്രീലങ്കയിലേക്കുള്ള പാകിസ്ഥാൻ്റെ ദുരിതാശ്വാസ വിമാനത്തിന് വ്യോമപാത തുറന്നുനൽകി ഇന്ത്യ. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളായതുകൊണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ക്ലിയറൻസ് നൽകിയതായി അധികൃതർ വ്യക്തമാക്കി. ദുരിതാശ്വാസ വിമാനത്തിന് ഇന്ത്യ വ്യോമപാത നിഷേധിച്ചു എന്ന തരത്തിൽ പാക് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ഇന്ത്യ തള്ളി.
ഇന്ത്യൻ ഉദ്യോഗസ്ഥർ നൽകിയ വിവരം അനുസരിച്ച്, ഡിസംബർ 1-ന് ഉച്ചയ്ക്ക് 1:00 മണിയോടെയാണ് (ഐ എസ് ടി.) പാകിസ്ഥാൻ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചത്. ഇന്ത്യൻ വ്യോമപാതയിലൂടെ അന്നേ ദിവസം തന്നെ പറന്നുപോകാൻ വേണ്ട അനുമതിയാണ് ആവശ്യപ്പെട്ടത്. ഈ അനുമതി നാല് മണിക്കൂറിനുള്ളിൽ അനുവദിച്ചതായി കേന്ദ്രം വ്യക്തമാക്കി.
ശ്രീലങ്കയ്ക്കുള്ള മാനുഷിക സഹായവുമായി ബന്ധപ്പെട്ട അപേക്ഷയായതിനാൽ, ഇന്ത്യൻ സർക്കാർ വേഗത്തിൽ അനുമതി നൽകുകയും വൈകുന്നേരം 5:30-ന് (ഐ എസ് ടി.) ഔദ്യോഗിക ചാനലുകൾ വഴി പാകിസ്ഥാൻ സർക്കാരിനെ അറിയിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, ‘ദിത്വ’ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ കനത്ത നാശനഷ്ടം തുടരുകയാണ്. 200-ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തത്തിൻ്റെ വ്യാപ്തി കാരണം മേഖലയിലെ രാജ്യങ്ങളിൽ നിന്ന് കൊളംബോ സർക്കാർ സഹായം തേടിയിട്ടുണ്ട്. നാവിക, വ്യോമ, ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെ വിന്യസിച്ചുകൊണ്ട് ഇന്ത്യയാണ് നിലവിൽ പ്രധാന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ചുഴലിക്കാറ്റ് മൂലമുണ്ടായ ജീവഹാനികളിലും നാശനഷ്ടങ്ങളിലും ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു. ഓപ്പറേഷൻ സാഗർ ബന്ധു എന്ന ദൗത്യത്തിന് കീഴിൽ കൂടുതൽ പിന്തുണ വാഗ്ദാനം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കായി ടീമുകളെ വിന്യസിച്ചതിനും നാവികസേനയുടെ സഹായത്തിനും അടിയന്തര സാധനങ്ങൾ എത്തിച്ചുനൽകിയതിനും പ്രസിഡൻ്റ് ദിസനായക ഇന്ത്യയോട് “അഗാധമായ നന്ദി” രേഖപ്പെടുത്തി.

