Connect with us

Siraj Article

നെഹ്‌റു കണ്ടെത്തിയ ഇന്ത്യ

സോവിയറ്റ് ബ്ലോക്കിന്റെ പതനത്തോടെ ഏകധ്രുവലോകം എന്ന നിലയിൽ ലോക ശാക്തികബലം മാറിമറിഞ്ഞപ്പോൾ, ഇതിനെ കരുത്തോടെ പ്രതിരോധിക്കേണ്ട ചേരിചേരാ പ്രസ്ഥാനമെന്ന മൂന്നാം മുന്നണി അതിന്റെ കരുത്ത് ചോർന്ന് ശുഷ്‌കമായത് നേതൃസ്ഥാനത്ത് നിന്ന ഇന്ത്യയുടെ നിലപാടുമാറ്റം കൊണ്ടായിരുന്നു. സാമ്പത്തിക നയം, വികസനം, ഫെഡറലിസം, ശാസ്ത്ര വീക്ഷണം, വിദേശനയം തുടങ്ങി സർവതല സ്പർശിയായി നെഹ്‌റുവിലേക്ക് മടങ്ങേണ്ട ഘട്ടത്തിൽ അദ്ദേഹത്തെ നിരന്തരം ത്യജിക്കുന്നതിനേക്കാൾ വലിയ ആത്മഹത്യ മറ്റെന്താണ് ഇന്ത്യക്കുള്ളത്?

Published

|

Last Updated

ധുനിക ഇന്ത്യയുടെ ശിൽപ്പിയായ ജവഹർലാൽ നെഹ്റുവിന്റെ 132ാം ജന്മവാർഷിക ദിനമാണിന്ന്. മഹാത്മജി കഴിഞ്ഞാൽ ഇന്ത്യയെ ഏറ്റവും വിസ്മയിപ്പിച്ച നേതാവാണ് നെഹ്‌റു. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാരിൽ ഏറ്റവും സൂക്ഷ്മവും വശ്യവുമായ ഭാഷയുടെ ഉടമയമുമായ നെഹ്‌റു എക്കാലവും ഇന്ത്യയുടെ യശസ്സ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു.

കുട്ടികളുടെ ചാച്ചാജിയായി അവരോടൊപ്പം കളിച്ച നെഹ്‌റു, പാശ്ചാത്യ വസ്ത്ര ധാരിയായി ആഗോള വേദികളിൽ പ്രത്യക്ഷപ്പെട്ടു. അസാധാരണ ധിഷണയും കരുത്തുറ്റ വായനയും മികവാർന്ന വാഗ്‌വിലാസവും ചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഒപ്പം അന്താരാഷ്ട്ര തലത്തിൽ ചേരിചേരാനയം അവതരിപ്പിച്ച് രാഷ്ട്ര തന്ത്രജ്ഞതയും അദ്ദേഹം പ്രകടമാക്കി.

നെഹ്‌റുവിനെ തമസ്‌കരിക്കാനും അദ്ദേഹത്തിന്റെ നിലപാടുകളെ തെറ്റായി വ്യാഖാനിച്ച് രാഷ്ട്രീയ അജൻഡകൾ സൃഷ്ടിക്കാനും ഇന്ന് രാജ്യം ഭരിക്കുന്നവർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ അദ്ദേഹത്തെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുകയെന്നത് ഏറ്റവും ശരിയായ രാഷ്ട്രീയ പ്രവർത്തനമായിരിക്കും. 1889 നവംബർ 14ന് മോത്തിലാൽ നെഹ്‌റുവിന്റെയും സ്വരൂപ്‌റാണി തുസ്സുവിന്റെയും മകനായി അലഹബാദിൽ ജനിച്ച ജവാഹർലാൽ നെഹ്‌റു ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ഇംഗ്ലണ്ടിലെ ഹാരോസ്‌കൂൾ, കാംബ്രിഡ്ജ് -ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു നെഹ്‌റുവിന്റെ സർവകലാശാലാ വിദ്യാഭ്യാസം. ട്രിനിറ്റി കോളജിൽ നിന്ന് നെഹ്‌റു ജീവശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ലോകപ്രശസ്തരായ എഴുത്തുകാരുടെ കൃതികളിൽ അദ്ദേഹം ആകൃഷ്ടനായി. ബെർണാഡ് ഷാ, എച്ച് ജി വെൽസ്, റസ്സൽ തുടങ്ങിയവരുടെ രചനകൾ നെഹ്‌റുവിൽ രാഷ്ട്രീയത്തെക്കുറിച്ചും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുമുള്ള ചിന്തകളുടെ വിത്തുകൾ പാകി. പിന്നീട് രണ്ട് കൊല്ലക്കാലം ലണ്ടനിലെ ഇന്നർ ടെംപിളിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി 1912 ൽ ബാരിസ്റ്റർ പരീക്ഷ പാസ്സായി തികഞ്ഞ പാശ്ചാത്യ ജീവിത രീതികളും ചിന്തകളുമായാണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്.

രാഷ്ട്രീയത്തോടുള്ള താത്പര്യം കാരണം അഭിഭാഷക ജോലി വിട്ട് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് മാറുകയും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ട് ത്യാഗ സഹനങ്ങൾക്ക് തയ്യാറാകുകയും ചെയ്തു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിന്ന നെഹ്‌റു തന്റെ മാർഗദർശി കൂടിയായ ഗാന്ധിജിയുടെ അനുഗ്രഹത്തോടെയും മൗനസമ്മതത്തോടെയും കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നത് വരെ ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു.

പ്രധാനമന്ത്രി എന്ന നിലയിൽ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാർഥ്യമാക്കി തീർക്കാനുള്ള ബൃഹത് പദ്ധതികൾ നെഹ്‌റു ആവിഷ്‌കരിച്ചു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ശാസ്ത്രീയ രംഗങ്ങളിലൊക്കെയും നവീകരണ പദ്ധതികൾ നടപ്പാക്കി. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ പ്രചാരം എന്നിവയിലെല്ലാം നെഹ്‌റുവിന്റെ ദീർഘവീക്ഷണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും കാണാവുന്നതാണ്. ഇതിനെല്ലാമുപരിയായി കോളനി വാഴ്ചയിൽ നിന്ന് ഇന്ത്യക്കൊപ്പം മോചിതമായ മറ്റ് പല രാജ്യങ്ങളും സ്വേച്ഛാധിപത്യത്തിന്റെയും പട്ടാള ആധിപത്യത്തിന്റെയും പിടിയലമർന്നപ്പോഴും ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് ജവഹർലാൽ നെഹ്‌റുവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാം.
യു എസ് എസ് ആറിനെ മാതൃകയാക്കി രാജ്യത്തിന്റെ സർവതോന്മുഖ വികസനത്തിനും വളർച്ചക്കും പുരോഗതിക്കും ലക്ഷ്യമിട്ട് 1951 ൽ തുടക്കമിട്ടതാണ് പഞ്ചവത്സര പദ്ധതികൾ. അതേ ലക്ഷ്യം വെച്ച് നിലവിൽ വന്നതാണ് 1950 ലെ ആസൂത്രണ കമ്മീഷനും. രണ്ടിന്റെയും ഉപജ്ഞാതാവ് നെഹ്‌റു ആയിരുന്നു. പലവിധത്തിലുള്ള അന്തച്ഛിദ്രങ്ങൾക്ക് ഇടയിൽപ്പെട്ട് കലുഷമായ രാഷ്ട്രീയ പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ നിന്ന് കൊണ്ടാണ് നെഹ്‌റു ഈ പദ്ധതികളൊക്കെയും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൃഷി, വ്യവസായം, സാമൂഹിക വികസനം എന്നിങ്ങനെ യഥാക്രമം മുൻഗണന നൽകപ്പെട്ടിരുന്ന ഈ മൂന്ന് പദ്ധതികളുമാണ് ഇന്ത്യയുടെ മുഖച്ഛായ മാറ്റുകയും ലോകരാജ്യങ്ങളുടെ മുമ്പിൽ നിവർന്ന് നിൽക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയും ചെയ്തത്.
ഇന്ന് ഈ സംവിധാനങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കേണ്ട സമയമാണിത്.

ജനാധിപത്യത്തോടും സോഷ്യലിസത്തോടും മതേതരത്വത്തോടുമൊക്കെയുള്ള നെഹ്‌റുവിന്റെ പ്രതിബദ്ധത അത്യന്തം രൂഢമായിരുന്നു. ഗാന്ധിജിയെയും നെഹ്‌റുവിനെയുമൊക്കെ തീർത്തും വിമർശനാത്മകമായി വിലയിരുത്തുന്ന “ദ ഇന്ത്യൻ ഐഡിയോളജി’ എന്ന ഗ്രന്ഥത്തിൽ പെറി ആൻഡേഴ്‌സൻ, “ഏകാധിപതികൾ ഏറെ വാഴുന്ന പടിഞ്ഞാറിതര ലോകത്തിന്റെ ഭാഗമായിട്ടും ജനാധിപത്യ ബോധമുള്ള നേതാവായി ഭരിക്കാൻ കഴിഞ്ഞതാണ് നെഹ്‌റുവിന്റെ മഹത്വം’ എന്ന് സമ്മതിക്കുന്നുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ വിഭജനത്തിന്റെ മുറിപ്പാടുകളും വർഗീയകലാപങ്ങളും നാട്ടുരാജാക്കന്മാർ ഉയർത്തിയ ഭീഷണികളും കശ്മീർ സമസ്യയും ഒക്കെയായി എണ്ണമറ്റ വെല്ലുവിളികളുണ്ടായിരുന്നു. എന്നിട്ടും തൊട്ടുടനെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ നെഹ്‌റു കാണിച്ച ധൈര്യവും ഉത്സാഹവും അപാരമായിരുന്നു. അനിയന്ത്രിത വോട്ടവകാശം ലഭിച്ച 1952 ൽ തന്നെ ഇന്ത്യൻ ജനത നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന് നൽകിയ വൻ ഭൂരിപക്ഷം അദ്ദേഹത്തിന്റെ തീരുമാനം ഏറ്റവും ശരിയായിരുന്നു എന്ന് തെളിയിക്കുകയും ചെയ്തു.

“നെഹ്‌റു, ജോർജ് വാഷിംഗ്ടൺ ആയിരുന്നു. ലിങ്കനും റൂസ്‌വെൽറ്റും ഐസനോവറുമെല്ലാം സംഗമിച്ച വ്യക്തിത്വമായിരുന്നു’ എന്ന കാനഡക്കാരനായ ഒരു നയതന്ത്രജ്ഞന്റെ വാക്കുകൾ രാമചന്ദ്ര ഗുഹ തന്റെ ഒരു ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. മഹാത്മാ ഗാന്ധി, സർദാർ പട്ടേൽ, അംബേദ്കർ തുടങ്ങിയവരുമായൊക്കെ നെഹ്‌റുവിന്റെ ബന്ധം നല്ല നിലയിലായിരുന്നില്ല എന്ന വിമർശനങ്ങളൊക്കെ ഇടക്കിടെ പൊങ്ങി വരാറുണ്ട്. വലിയ രാജ്യത്തെ വലിയ പ്രസ്ഥാനത്തിനകത്ത് അഭിപ്രായവ്യത്യാസങ്ങളും വേറിട്ട ചിന്തകളുമൊക്കെ സ്വാഭാവികമാണെന്നതാണ് നൽകാവുന്ന മറുപടി. ഗാന്ധിജിയുമായി വല്ല അഭിപ്രായ വ്യത്യാസങ്ങളും പ്രകടമാക്കിയാൽ തന്നെ ഉടനെ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “അലസനും തെറ്റുകാരനും ആണെങ്കിലും രാഷ്ട്രീയത്തിൽ ഞാൻ അങ്ങയുടെ കുട്ടി അല്ലേ?’

പൂർണ ജനാധിപത്യ വാദിയായിരുന്ന നെഹ്‌റുവിന് ഭരണഘടനയുടെ 370ാം വകുപ്പ് സംബന്ധിച്ചൊക്കെ പട്ടേലുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും അവസാനം പട്ടേലിനെ പൂർണമായും പിന്തുണക്കുകയായിരുന്നു. ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ അംബേദ്കർ നെഹ്‌റു മന്ത്രിസഭയിൽ നിന്ന് വിട്ടുപോയെങ്കിലും അവർ തമ്മിലുള്ള ബന്ധം വിശാലവും സുദൃഢവുമായിരുന്നു. ജനാധിപത്യവിരുദ്ധതയെയും കുടുംബാധിപത്യത്തെയും എതിർത്ത നെഹ്‌റു, ഞാനൊരു രാജവംശം സ്ഥാപിക്കാനില്ലെന്നും പിൻഗാമിയെ നിശ്ചയിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അതേ നെഹ്‌റുവിന്റെ മകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യം കണ്ട വലിയ ജനാധിപത്യ ധ്വംസനം നടത്തിയെന്നത് പിന്നീട് കണ്ട വൈപരീത്യം.

കമലാ നെഹ്‌റുവിന്റെ സംസ്‌കാരച്ചടങ്ങുകൾക്ക് ശേഷം സ്വിറ്റ്‌സർലാൻഡിൽ നിന്ന് മടങ്ങും വഴി, ഇറ്റലി സന്ദശിക്കാനുള്ള മുസോളിനിയുടെ ക്ഷണവും 1939 ൽ ജർമനി സന്ദർശിക്കാനുള്ള നാസികളുടെ ക്ഷണവും നെഹ്‌റു നിരസിച്ചത്, ഫാസിസത്തിനെതിരെ എക്കാലവും അദ്ദേഹം ഉയർത്തിപ്പിടിച്ച നിലപാടുകളുടെ നിദർശനമായിരുന്നു. മതം വ്യക്തി ജീവിതത്തിന്റെ ഭാഗം മാത്രമാണെന്നും രാഷ്ട്രീയ ജീവിതത്തിന്റെ കോണുകളിൽപ്പോലും അതിനു സ്ഥാനമില്ലെന്നുമുള്ള നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ടും സ്വജീവിതത്തിൽ അത് നടപ്പാക്കിക്കണ്ടും മതാധിഷ്ഠിത ഇന്ത്യൻ സമൂഹത്തിൽ മതേതര സങ്കൽപ്പം രൂപപ്പെടുത്താൻ ശ്രമിച്ചു നെഹ്‌റു. ശാസ്ത്രമെന്നാൽ കുറെ അറിവുകൾ മാത്രമല്ലെന്നും, അതൊരു ജീവിതവീക്ഷണം കൂടിയാണെന്നും ഇന്ത്യയെപ്പോലെ ബൃഹത്തും വൈവിധ്യ പൂർണവുമായ ഒരു രാജ്യത്തെയും അവിടുത്തെ നാനാവിധ ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്നതിനുതകുന്ന പ്രവർത്തനപരിപാടിയായി അത് മാറണമെന്നും നെഹ്‌റു ഉൾക്കൊണ്ടു.

കോമൺവെൽത്തിലെ ഇന്ത്യയുടെ അംഗത്വവും ചേരിചേരാ പ്രസ്ഥാനത്തിലെ നേതൃത്വപരമായ പങ്കും രാഷ്ട്ര താത്പര്യം വിദേശികൾക്ക് അടിയറവ് വെക്കാതെ തന്നെ അവരുമായി എങ്ങനെ സൗഹൃദം പങ്കിടാം എന്നതിനുള്ള നെഹ്‌റുവിയൻ മാതൃകകളാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും മൂല്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ടാകണം വിദേശനയം. യുദ്ധങ്ങൾക്കും മത്സരങ്ങൾക്കും പകരം സഹകരണമാണ് വേണ്ടതെന്ന് അദ്ദേഹം കരുതി. സോവിയറ്റ് ബ്ലോക്കിന്റെ പതനത്തോടെ ഏകധ്രുവലോകം എന്ന നിലയിൽ ലോക ശാക്തികബലം മാറിമറിഞ്ഞപ്പോൾ, ഇതിനെ കരുത്തോടെ പ്രതിരോധിക്കേണ്ട ചേരിചേരാ പ്രസ്ഥാനമെന്ന മൂന്നാം മുന്നണി അതിന്റെ കരുത്ത് ചോർന്ന് ശുഷ്‌കമായത് നേതൃസ്ഥാനത്ത് നിന്ന ഇന്ത്യയുടെ നിലപാടുമാറ്റം കൊണ്ടായിരുന്നു.

സാമ്പത്തിക നയം, വികസനം, ഫെഡറലിസം, ശാസ്ത്ര വീക്ഷണം, വിദേശനയം തുടങ്ങി സർവതല സ്പർശിയായി നെഹ്‌റുവിലേക്ക് മടങ്ങേണ്ട ഘട്ടത്തിൽ അദ്ദേഹത്തെ നിരന്തരം ത്യജിക്കുന്നതിനേക്കാൾ വലിയ ആത്മഹത്യ മറ്റെന്താണ് ഇന്ത്യക്കുള്ളത്?

Latest