Connect with us

National

വൈദ്യുതീകരണത്തിലേക്ക് ചുവടുമാറ്റിയാല്‍ ഇന്ത്യക്ക് പ്രതിവര്‍ഷം 9.6 ലക്ഷം കോടി രൂപ ലാഭിക്കാമെന്ന് പഠനം

ക്ലൈമറ്റ് കോംപാറ്റിബിള്‍ ഫ്യൂച്ചേഴ്‌സ് (സി സി എഫ്) തയ്യാറാക്കിയ ഡീകപ്ലിംഗ് ഫ്രം ഫോസില്‍ ഫ്യൂവല്‍ ഇമ്പോര്‍ട്ട്‌സ്: ആന്‍ ആക്‌സിലറേറ്റഡ് ഇലക്ട്രിഫിക്കേഷന്‍ സിനാരിയോ ഫോര്‍ ഇന്ത്യ പഠനത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | പെട്രോളിയം ഇന്ധനങ്ങളില്‍ നിന്ന് വൈദ്യുതി, ഗ്രീന്‍ ഹൈഡ്രജന്‍, ബയോ എനര്‍ജി എന്നിവയിലേക്കുള്ള മാറ്റം വേഗത്തിലാക്കിയാല്‍ 2035 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യക്ക് ഇന്ധന ഇറക്കുമതിച്ചെലവില്‍ 40 ശതമാനത്തിലധികം കുറവു വരുത്താമെന്ന് പഠനം. ക്ലൈമറ്റ് കോംപാറ്റിബിള്‍ ഫ്യൂച്ചേഴ്‌സ് (സി സി എഫ്) തയ്യാറാക്കിയ ഡീകപ്ലിംഗ് ഫ്രം ഫോസില്‍ ഫ്യൂവല്‍ ഇമ്പോര്‍ട്ട്‌സ്: ആന്‍ ആക്‌സിലറേറ്റഡ് ഇലക്ട്രിഫിക്കേഷന്‍ സിനാരിയോ ഫോര്‍ ഇന്ത്യ പഠനത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ വാര്‍ഷിക ഇറക്കുമതിച്ചെലവ് 7.4 ലക്ഷം കോടി രൂപയായി കുറക്കാനായാല്‍ 2035 സാമ്പത്തിക വര്‍ഷത്തോടെ പ്രതിവര്‍ഷം 9.6 ലക്ഷം കോടി രൂപയുടെ ലാഭം രാജ്യത്തിന് കൈവരിക്കാനാകും.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇറക്കുമതിച്ചെലവ് 17 ലക്ഷം കോടി രൂപയായി ഉയര്‍ന്നേക്കാമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വേഗത്തിലുള്ള വൈദ്യുതീകരണ പാത സ്വീകരിച്ചാല്‍ 2045ഓടെ ഫോസില്‍ ഇന്ധനങ്ങളുടെ നേരിട്ടുള്ള ഇറക്കുമതി പൂര്‍ണമായും ഒഴിവാക്കാന്‍ ഇന്ത്യക്ക് സാധിക്കും. നിലവിലെ രീതിയില്‍ തുടരുകയാണെങ്കില്‍ 2045ല്‍ ഇന്ധന ഇറക്കുമതിച്ചെലവ് 23.3 ലക്ഷം കോടി രൂപയായി ഉയരാന്‍ സാധ്യതയുണ്ട്.

രാജ്യത്തിന്റെ ഊര്‍ജമേഖലയില്‍ ഇതിനകം തന്നെ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ ബ്രോഡ്‌ഗേജ് ശൃംഖലയുടെ 99.6 ശതമാനവും വൈദ്യുതീകരിച്ചു കഴിഞ്ഞു. 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് രാജ്യത്തെ വാഹന വില്‍പ്പനയുടെ 13.11 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 84 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ, രാജ്യത്തെ സ്ഥാപിത വൈദ്യുതി ഉല്‍പ്പാദന ശേഷിയുടെ പകുതിയിലധികവും ഇപ്പോള്‍ ഫോസിതര സ്രോതസ്സുകളില്‍ നിന്നാണ്.

ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വങ്ങള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ചരക്കുനീക്ക തടസ്സങ്ങള്‍ കാരണം ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതോടെ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് 48 ശതമാനം വര്‍ധിച്ചിരുന്നു. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കുകയും 2026ല്‍ ഡോളറിനെതിരെ രൂപ 96.90 എന്ന റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് താഴുകയും ചെയ്തു. 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ക്രൂഡ് ഓയിലിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമായി ഇന്ത്യ 174.9 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ മൊത്തം ഇറക്കുമതിച്ചെലവിന്റെ 22 ശതമാനത്തോളമാണ്.

Content Highlights: A study by Climate Compatible Futures shows that accelerating electrification and green energy adoption can save India 9.6 lakh crore rupees annually by 2035. Shifting away from fossil fuels will significantly reduce heavy import bills caused by global oil price volatility. India has already made strides with massive railway electrification and rising EV adoption rates
---- facebook comment plugin here -----

Latest