Uae
സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയും യു എ ഇയും
ഇന്ത്യ - യു എ ഇ കൾച്ചറൽ കൗൺസിൽ യോഗം അബൂദബിയിൽ നടന്നു

അബൂദബി|ഇന്ത്യ-യു എ ഇ കൾച്ചറൽ കൗൺസിലിന്റെ രണ്ടാമത് സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗം അബൂദബിയിൽ നടന്നു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറൽ കെ. നന്ദിനി സിംഗ്ല അധ്യക്ഷത വഹിച്ച യോഗത്തിൽ യു എ ഇ വിദേശകാര്യ മന്ത്രാലയത്തിലെ സംസ്ഥാന മന്ത്രി നൂറ അൽ കഅബി പങ്കെടുത്തു. യുവജന പങ്കാളിത്തം, കായികം, യോഗ, കല, വിദ്യാഭ്യാസം, ടൂറിസം, ആർക്കൈവൽ സഹകരണം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള നിരവധി സംരംഭങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ധാരണാപത്രങ്ങളും ഒപ്പിട്ടു.
യു എ ഇയിലെ 43 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ സാംസ്‌കാരിക പാലമാണെന്ന് നന്ദിനി സിംഗ്്ല പറഞ്ഞു. ഇന്ത്യൻ പക്ഷത്തുനിന്നും വിദേശകാര്യ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം, നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ, നളന്ദ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. യു എ ഇ വിദേശകാര്യ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം, സാമ്പത്തിക, ടൂറിസം മന്ത്രാലയം, അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ്, ദുബൈ കൾച്ചർ, ദുബൈ ടൂറിസം, നാഷണൽ യൂത്ത് ഫെഡറേഷൻ, നാഷണൽ ലൈബ്രറി & ആർക്കൈവ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യു എ ഇ പക്ഷത്തുനിന്നും യോഗത്തിൽ പങ്കെടുത്തു.