Connect with us

Uae

കണ്ടന്റ് ക്രിയേഷന്‍ ഭാവി സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്: ശൈഖ് മുഹമ്മദ്

ദുബൈയില്‍ നടക്കുന്ന വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് സമ്മിറ്റിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.

Published

|

Last Updated

ദുബൈ | കണ്ടന്റ് ക്രിയേഷന്‍ (ഉള്ളടക്ക നിര്‍മാണം) വെറുമൊരു വിനോദമല്ലെന്നും അത് സമൂഹത്തില്‍ ബോധവത്കരണം സൃഷ്ടിക്കുന്നതിനും വികസനത്തിനും ഭാവി സമ്പദ് വ്യവസ്ഥയുടെ കരുത്തിനും അത്യന്താപേക്ഷിതമാണെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദുബൈയില്‍ നടക്കുന്ന വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് സമ്മിറ്റിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ ഉള്ളടക്ക നിര്‍മാണ മേഖലയിലെ ഏറ്റവും വലിയ സംഗമമാണിത്.

നമ്മുടെ സമൂഹത്തെ മികച്ച രീതിയില്‍ മാറ്റിയെടുക്കാനുള്ള ദൗത്യമാണ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് മുന്നിലുള്ളതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കഴിവുകളെ സ്വാധീനങ്ങളായും ആശയങ്ങളെ സുസ്ഥിരമായ സംരംഭങ്ങളായും മാറ്റിയെടുക്കുന്ന ബുദ്ധിശക്തിയിലാണ് രാജ്യം നിക്ഷേപം നടത്തുന്നത്. ലോകത്തെ എല്ലാ ക്രിയേറ്റര്‍മാര്‍ക്കും സ്വപ്നം കാണുന്നവര്‍ക്കും ഒത്തുകൂടാനുള്ള പ്രിയപ്പെട്ട കേന്ദ്രമായി യു എ ഇ എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30,000ത്തോളം ക്രിയേറ്റര്‍മാരാണ് ഇത്തവണ സമ്മിറ്റില്‍ പങ്കെടുക്കുന്നത്.

സമ്മിറ്റിന്റെ ഭാഗമായി പ്രമുഖ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റാഗ്രാം, എക്‌സ്, യൂട്യൂബ്, ടിക് ടോക്, ഗൂഗിള്‍ ജെമിനി തുടങ്ങിയവ ഒരുക്കിയ പവലിയനുകള്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. പ്രമുഖ യൂട്യൂബര്‍ മിസ്റ്റര്‍ ബീസ്റ്റുമായി ചേര്‍ന്ന് ആരംഭിച്ച ‘ഒരു ബില്യണ്‍ കരുണപ്രവൃത്തികള്‍’ എന്ന ക്യാമ്പയിനെക്കുറിച്ചും അദ്ദേഹം വിശകലനം ചെയ്തു. ഗൂഗിള്‍ ജെമിനിയുമായി ചേര്‍ന്ന് നടത്തുന്ന ഒരു ദശലക്ഷം ഡോളറിന്റെ എ ഐ ഫിലിം അവാര്‍ഡ് ഉള്‍പ്പെടെയുള്ള നൂതന സംരംഭങ്ങളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.

സാമൂഹിക മാധ്യമത്തിലൂടെയുള്ള സ്വാധീനം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാന്‍ യുവതലമുറയെ പ്രാപ്തരാക്കുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം. അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും ആയിരക്കണക്കിന് ക്രിയേറ്റര്‍മാര്‍ തങ്ങളുടെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാന്‍ ഈ വേദിയില്‍ എത്തുന്നുണ്ട്. സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും മനുഷ്യന്റെ സര്‍ഗാത്മകത തന്നെയാണ് കലയുടെ അടിസ്ഥാനമെന്നും സമ്മിറ്റ് ഓര്‍മിപ്പിക്കുന്നു. യുവതലമുറയെ ശാക്തീകരിക്കുന്നതിനുള്ള മികച്ച വേദിയായാണ് സമ്മിറ്റിനെ യു എ ഇ കാണുന്നത്.

 

---- facebook comment plugin here -----