International
ഖത്വര്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണം; അപലപിച്ച് യു എ ഇ
നയതന്ത്ര കാര്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന രാജ്യാന്തര നിയമങ്ങളുടെയും വിയന്ന കണ്‍വെന്‍ഷന്റെയും നഗ്നമായ ലംഘനമാണിതെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം.
അബൂദബി | യുക്രൈന്‍ തലസ്ഥാനമായ ഖീവില്‍ ഖത്വര്‍ എംബസി കെട്ടിടത്തിനു നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ യു എ ഇ ശക്തമായി അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന രാജ്യാന്തര നിയമങ്ങളുടെയും വിയന്ന കണ്‍വെന്‍ഷന്റെയും നഗ്നമായ ലംഘനമാണ് ഇതെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധസാഹചര്യങ്ങളിലും നയതന്ത്ര ദൗത്യങ്ങള്‍ക്കും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് യു എ ഇ ഓര്‍മിപ്പിച്ചു.
നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയുള്ള ഏതൊരു തരത്തിലുള്ള ആക്രമണവും അംഗീകരിക്കാനാവില്ലെന്ന് യു എ ഇ വ്യക്തമാക്കി. സമാധാന ചര്‍ച്ചകള്‍ക്കും തടവുകാരെ മോചിപ്പിക്കുന്നതിനും ഖത്വര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച യു എ ഇ, ഇത്തരം ആക്രമണങ്ങള്‍ സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. റഷ്യ-യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകളുടെയും നയതന്ത്ര നീക്കങ്ങളുടെയും പാത സ്വീകരിക്കണമെന്നാണ് യു എ ഇയുടെ ഉറച്ച നിലപാടെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ റഷ്യ നടത്തിയ വലിയ തോതിലുള്ള മിസൈല്‍-ഡ്രോണ്‍ ആക്രമണത്തിനിടെയാണ് ഖത്വര്‍ എംബസി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ ജീവനക്കാര്‍ക്കോ പരുക്കേറ്റിട്ടില്ലെന്ന് ഖത്വര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കീവിലെ ജനവാസ മേഖലകളെയും ഊര്‍ജ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഖത്വര്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജി സി സി രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.





