Uae
നോട്ടുകള്‍ കേടുവരുത്തരുത്; കര്‍ശന നിര്‍ദേശവുമായി യു എ ഇ സെന്‍ട്രല്‍ ബേങ്ക്
നിയമലംഘകര്‍ക്കെതിരെ നടപടിയുണ്ടാകും.
അബൂദബി | യു എ ഇ കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സെന്‍ട്രല്‍ ബേങ്ക് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബേങ്ക് നോട്ടുകള്‍ മടക്കാനോ ചുരുട്ടാനോ സ്റ്റേപ്പിള്‍ ചെയ്യാനോ പാടില്ലെന്ന് ബേങ്ക് പ്രത്യേകം ഓര്‍മിപ്പിച്ചു. കറന്‍സിയുടെ ആയുസ്സും ഗുണനിലവാരവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. കറന്‍സി നോട്ടുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളോടുള്ള അനാദരവായി കണക്കാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നോട്ടുകളില്‍ എഴുതുന്നതും തുളകള്‍ ഇടുന്നതും കറന്‍സി കേടുവരുത്തുന്നതിന് തുല്യമാണ്. പ്ലാസ്റ്റിക് കറന്‍സികളായ പോളിമര്‍ നോട്ടുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണെങ്കിലും അവ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് നോട്ടിന്റെ സുരക്ഷാ ഫീച്ചറുകളെ ബാധിച്ചേക്കാം. കറന്‍സി നോട്ടുകള്‍ വികൃതമാക്കുന്നവര്‍ക്ക് യു എ ഇ നിയമപ്രകാരം കര്‍ശനമായ പിഴയും ശിക്ഷയും ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രവൃത്തികള്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും കറന്‍സിയുടെ അന്തസ്സിനെയും ബാധിക്കുമെന്ന് സെന്‍ട്രല്‍ ബേങ്ക് ചൂണ്ടിക്കാട്ടി.
കീറിയതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സെന്‍ട്രല്‍ ബേങ്ക് സൗകര്യം ഒരുക്കുന്നുണ്ട്. എന്നാല്‍ ബോധപൂര്‍വം നോട്ടുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യത്തിലും കറന്‍സി നോട്ടുകളുടെ മൂല്യം കുറയുന്നില്ലെന്നും അവ ശരിയായ രീതിയില്‍ വാലറ്റുകളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.





