Connect with us

Saudi Arabia

ഇത്തിഹാദ് റെയില്‍ യു എ ഇ-സഊദി അതിര്‍ത്തി പ്രദേശങ്ങളുടെ മുഖച്ഛായ മാറ്റും

ഈ വര്‍ഷം അവസാനത്തോടെ പാസഞ്ചര്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.

Published

|

Last Updated

ദുബൈ | ഇത്തിഹാദ് റെയില്‍ യു എ ഇ-സഊദി അതിര്‍ത്തി പ്രദേശങ്ങളുടെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷ. അല്‍ സില ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ ഈ റെയില്‍ ശൃംഖല സഹായിക്കും. ദീര്‍ഘകാലമായി യാത്രാക്ലേശം അനുഭവിച്ചിരുന്ന അതിര്‍ത്തി നിവാസികള്‍ക്ക് വലിയ ആശ്വാസമാണ് ഇത്തിഹാദ് റെയില്‍ നല്‍കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുന്നത് ഇതോടെ ഒഴിവാക്കാനാകും.

ദീര്‍ഘദൂരം വാഹനമോടിക്കാന്‍ പ്രയാസമുള്ള കുടുംബങ്ങള്‍ക്കും പ്രായമായവര്‍ക്കും ട്രെയിന്‍ യാത്ര വലിയ അനുഗ്രഹമായിരിക്കും. ഇത്തിഹാദ് ദേശീയ പാസഞ്ചര്‍ ശൃംഖല പുതുതായി പ്രഖ്യാപിച്ച ഏഴ് സ്റ്റേഷനുകളില്‍ സില ഉള്‍പ്പെടുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പാസഞ്ചര്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. യു എ ഇയുടെ പാസഞ്ചര്‍ റെയില്‍ പദ്ധതിയിലെ നിര്‍ണായക നാഴികക്കല്ലാണിത്. അബൂദബിയിലെ അല്‍ ദഫ്‌റ മേഖലയിലും ഷാര്‍ജയിലും പുതുതായി പ്രഖ്യാപിച്ച സ്റ്റേഷനുകള്‍ വിദൂര ഗ്രാമങ്ങളെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കും.

അബൂദബി മുതല്‍ ഹജര്‍ പര്‍വതനിരകള്‍ വരെയുള്ള മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഈ യാത്രയിലൂടെ സാധിക്കും. മദീന സായിദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ റെയില്‍ ശൃംഖലയുടെ പ്രധാന കേന്ദ്രബിന്ദുക്കളായി മാറും. നിത്യവും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും. റോഡിലെ തിരക്ക് കുറയ്ക്കാനും യാത്രാ സുരക്ഷ വര്‍ധിപ്പിക്കാനും റെയില്‍ ശൃംഖല സഹായിക്കുമെന്ന് താമസക്കാര്‍ അഭിപ്രായപ്പെട്ടു.

അല്‍ ദന്ന, അല്‍ മിര്‍ഫ, മെസൈറ, അല്‍ ഫയ, അല്‍ ദൈദ് എന്നിവയാണ് റെയിലിന്റെ പുതുതായി പ്രഖ്യാപിച്ച മറ്റ് സ്റ്റേഷനുകള്‍. നേരത്തെ അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ദുബൈ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റി, ഫുജൈറയിലെ അല്‍ ഹിലാല്‍ ഏരിയ എന്നിവിടങ്ങളിലും സ്റ്റേഷനുകള്‍ പ്രഖ്യാപിച്ചിരുന്നു. സര്‍വീസുകളുടെ നിരക്കും സമയവിവരപ്പട്ടികയും വരും ദിവസങ്ങളില്‍ അധികൃതര്‍ പുറത്തുവിടും.

 

---- facebook comment plugin here -----

Latest