Connect with us

Sports

അണ്ടർ 19 ലോകകപ്പിൽ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; ഇംഗ്ലണ്ട് എതിരാളികൾ

Published

|

Last Updated

ആന്റിഗ്വ | അണ്ടർ 19 ലോകകപ്പ് കിരീടം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ആന്റിഗ്വ നോർത്ത് സൗണ്ടിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. ടൂർണമെന്റിന്റെ ചരിത്രത്തിൽ എട്ടാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യ അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2000, 2008, 2012, 2018 വർഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് ജേതാക്കളായത്.

കരുത്തരായ ആസ്‌ത്രേലിയയെ സെമിയിൽ 96 റൺസിന് തുരത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അഫ്ഗാനിസ്ഥാന്റെ വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ടും ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ 15 റൺസിനായിരുന്നു ഇംഗ്ലീഷ് പടയുടെ വിജയം. ഓസീസിനെതിരെ സെഞ്ച്വറി നേടിയ നായകൻ യഷ് ദൂൾ, ഓപണർ അംഗ്കൃഷ് രഘുവംശി ഉൾപ്പെടുന്ന ബാറ്റിംഗ് നിര ഫോമിലാണെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഉഗാണ്ടക്കെതിരായ സെഞ്ച്വറി (144) ഉൾപ്പെടെ 278 റൺസാണ് രഘുവംശി ടൂർണമെന്റിൽ ഇതുവരെ നേടിയത്.

ഇടംകൈയൻ സ്പിന്നർ വിക്കി ഒസ്ത്വാൾ, നിഷാന്ത് സിന്ധു, രവികുമാർ എന്നിവരടങ്ങിയ ബൗളിംഗ് നിരയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റെടുത്ത ഒസ്്ത്്വാൾ ടൂർണമെന്റിൽ ഇതുവരെ 12 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആൾറൗണ്ടർ അംഗദ് ബാവയും മികച്ച ഫോമിലാണ്.
കൗമാര ലോകകപ്പിൽ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 1998ലായിരുന്നു അവരുടെ അവസാന കിരീട നേട്ടം. അന്ന് ന്യൂസിലാൻഡ് ആയിരുന്നു ഫൈനലിൽ എതിരാളികൾ.

ഫൈനൽ പ്രവേശം ഇങ്ങനെ
ഇന്ത്യ

ഗ്രൂപ്പ് ഘട്ടം: ദക്ഷിണാഫ്രിക്കയെ 45 റൺസിന് തോൽപ്പിച്ചു
അയർലാൻഡിനെതിരെ 174 റൺസ് ജയം
ഉഗാണ്ടക്കെതിരെ 326 റൺസ് ജയം
ക്വാർട്ടർ: ബംഗ്ലദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം
സെമി ഫൈനൽ: ആത്രേലിയക്കെതിരെ 96 റൺസ് ജയം
ഇംഗ്ലണ്ട്
ഗ്രൂപ്പ് ഘട്ടം: ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് ജയം
കാനഡക്കെതിരെ 106 റൺസ് ജയം
യു എ ഇക്കെതിരെ 189 റൺസ് ജയം
ക്വാർട്ടർ: ദക്ഷിണാഫ്രിക്കക്കെതിരെ ആറ് വിക്കറ്റ് ജയം
സെമി ഫൈനൽ: ബംഗ്ലാദേശിനെതിരെ 15 റൺസ് ജയം.

 

Latest