Ongoing News
ഇന്ത്യയുടെ പാരാലിംപിക് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പ്രമോദ് ഭഗതിന് സസ്‌പെന്‍ഷന്‍; പാരീസ് ഒളിംപിക്‌സ് നഷ്ടമാകും
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. 18 മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
ക്വാലാലംപുര്‍ | ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ ടോക്കിയോ ഒളിംപിക്‌സ് പാരാലിംപിക് സ്വര്‍ണ മെഡല്‍ ജേതാവിന് സസ്‌പെന്‍ഷന്‍. ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗതിനെയാണ് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ (ബി ഡബ്ല്യു എഫ്) 18 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ ഈ വര്‍ഷത്തെ പാരീസ് 2024 പാരാലിംപിക്‌സ് ഒളിംപിക്‌സ് ഭഗതിന് നഷ്ടമാകും.
ഉത്തേജക മരുന്ന് വിരുദ്ധ നിയമം ഭഗത് ലംഘിച്ചതായി 2024 മാര്‍ച്ച് ഒന്നിന് കായിക കോടതി (സി എ എസ്) യുടെ ഉത്തേജക മരുന്ന് വിഭാഗം കണ്ടെത്തിയതായി ബി ഡബ്ല്യു എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. 2024 ജൂലൈ 29ന് ഭഗതിന്റെ അപ്പീല്‍ സി എ എസ് തള്ളുകയും ചെയ്തു. താരത്തിന്റെ അയോഗ്യത ഇപ്പോള്‍ മുതല്‍ പ്രാബല്യത്തില്ഡ വന്നിരിക്കുകയാണെന്ന് ബി ഡബ്ല്യു എഫ് വ്യക്തമാക്കി.
ഈ വര്‍ഷമാദ്യം എസ് എല്‍3 പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം ഭഗത് നിലനിര്‍ത്തിയിരുന്നു. തായ്‌ലന്‍ഡിലെ പട്ടായയില്‍ നടന്ന പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ കടുത്ത പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ഡാനിയല്‍ ബെറ്റ്‌ഹെല്ലിനെയാണ് ഭഗത് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 40 മിനുട്ടും നീണ്ട അങ്കത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് 35കാരനായ ഭഗത് ബദ്ധപ്രതിയോഗിയില്‍ നിന്ന് വിജയം (14-21, 21-15), 21-15) തട്ടിയെടുത്തത്. ഭഗതിന്റെ നാലാമത്തെ ലോക കിരീടമായിരുന്നു ഇത്. 2015, 2019, 2022 ചാമ്പ്യന്‍ഷിപ്പാണ് ഇതിനു മുമ്പ് താരം സ്വന്തമാക്കിയിരുന്നത്.