Connect with us

Kerala

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ഉറപ്പുവരുത്തണം;ഹാരിസ് ബീരാന്‍ എം പി ധനമന്ത്രിക്ക് കത്തയച്ചു

പ്രവാസി ഇന്ത്യക്കാരെ പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന്‌നിരുത്സാഹപ്പെടുത്താതിരിക്കാനും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലുള്ള അവരുടെ വിശ്വാസം നിലനിര്‍ത്താനും അവര്‍ക്ക് ഇന്‍ഡക്സേഷന്‍ ആനുകൂല്യം ആവശ്യമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി |  ദീര്‍ഘകാല മൂലധനത്തിനുമേല്‍ 2024-25 ലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്‍ഡക്സേഷന്‍ ആനുകൂല്യത്തില്‍ പ്രവാസി ഇന്ത്യക്കാരെ ഉള്‍പ്പെടുത്താത്ത നടപടി പുനപരിശോധിക്കണമെന്നും എന്‍ ആര്‍ ഐക്കാര്‍ക്കും ഇന്‍ഡക്സേഷന്‍ ആനുകൂല്യം ഉറപ്പുവരുത്തണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം പി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്ച യൂണിയന്‍ ബജറ്റ് പ്രഖ്യാപിക്കാനിരിക്കെയാണ് എം പി നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

2024 ജൂലൈ 23-ന് മുമ്പ് സ്വായത്തമാക്കിയ പ്രോപ്പര്‍ട്ടികകളുടെമേല്‍ ദീര്‍ഘകാല മൂലധനത്തിനുള്ള ഇന്‍ഡക്സേഷന്‍ ആനുകൂല്യം പുനരാരംഭിച്ച കേന്ദ്ര നടപടി അഭിനന്ദനീയമാണെന്നും, എന്നാല്‍ പ്രസ്തുത ആനുകൂല്യം ഏറ്റവും അര്‍ഹതപ്പെട്ട വിഭാഗമാണ് പ്രവാസി ഇന്ത്യക്കാര്‍ എന്നും ഹാരിസ് ബീരാന്‍ സൂചിപ്പിച്ചു.

1961-ലെ ആദായനികുതി നിയമത്തിന്റെ 112-ാം വകുപ്പിന് കീഴിലുള്ള ഇന്‍ഡെക്സേഷന്‍ ആനുകൂല്യം ലഭിക്കുന്നതില്‍ നിന്ന് പ്രവാസി ഇന്ത്യക്കാരെ (എന്‍ആര്‍ഐ) ഒഴിവാക്കിയ നടപടി ബോധപൂര്‍വ്വമായിരിക്കാന്‍ ഇടയില്ല എന്നും അത്തരം അനീതികള്‍ എത്രയും വേഗം തിരുത്തേണ്ടത് അനിവാര്യമാണെന്നും എം പി ആവശ്യപ്പെട്ടു.

പ്രവാസി ഇന്ത്യക്കാരെ പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന്‌നിരുത്സാഹപ്പെടുത്താതിരിക്കാനും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലുള്ള അവരുടെ വിശ്വാസം നിലനിര്‍ത്താനും അവര്‍ക്ക് ഇന്‍ഡക്സേഷന്‍ ആനുകൂല്യം ആവശ്യമാണ്. നിലവില്‍ എന്‍ആര്‍ഐകള്‍ ഉള്‍പ്പെടുന്ന പ്രോപ്പര്‍ട്ടി ഇടപാടുകള്‍ ഗണ്യമായി കുറഞ്ഞതു വഴി മൊത്തത്തിലുള്ള പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനെയും സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു.
ഇന്‍ഡെക്‌സേഷന്‍ ഇല്ലാതെയുള്ള ഉയര്‍ന്ന നികുതി ഭാരം എന്‍ആര്‍ഐകള്‍ക്കിടയില്‍ പ്രതികൂലമായ വികാരം സൃഷ്ടിച്ചു, ഇത് ഭാവിയിലെ ഇന്ത്യയിലെ നിക്ഷേപങ്ങളെ തടയാന്‍ സാധ്യതയുണ്ടെന്നും ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി.

ഇത്തരമൊരു ഭേദഗതി എന്‍ആര്‍ഐകള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക മാത്രമല്ല, ഇന്ത്യയെ അനുകൂലമായ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ അവരുടെ വിശ്വാസം വീണ്ടെടുക്കുന്നതിലേക്ക് നയിക്കുമെന്നും എം പി പ്രത്യാശ പ്രകടിപ്പിച്ചു.

 

---- facebook comment plugin here -----

Latest