Kerala
സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കും, കേന്ദ്ര നയങ്ങള്‍ക്കെതിരെ ആഗസ്റ്റ് 10ന് രാജ്ഭവനു മുമ്പില്‍ ധര്‍ണ: ഇ പി ജയരാജന്‍
ആഗസ്റ്റ് 11 മുതല്‍ 14 വരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടത്തും. ആഗസ്റ്റ് 15ന് രാവിലെ 10ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വലിയ ആഘോഷ പരിപാടികളുണ്ടാകും.

തിരുവനന്തപുരം | സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ആഗസ്റ്റ് 11 മുതല്‍ 14 വരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടത്തും. ആഗസ്റ്റ് 15ന് രാവിലെ 10ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വലിയ ആഘോഷ പരിപാടികളുണ്ടാകും. ഇടത് മുന്നണിയുടെ ജില്ലയിലെ നേതാക്കളെല്ലാം പരിപാടിയില്‍ സജീവമായി പങ്കെടുക്കും. സ്വാതന്ത്ര്യ ദിന പ്രതിജ്ഞയുമെടുക്കും. ആഗസ്റ്റ് 11ന് കോഴഞ്ചേരി, 12ന് വൈക്കം, 13ന് പയ്യന്നൂര്‍, 14ന് കോഴിക്കോട് എന്നിവിടങ്ങളില്‍ പതാക ഉയര്‍ത്തി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ആഗസ്റ്റ് 10 ന് രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ നടത്തും. കിഫ്ബിയെ തകര്‍ക്കാനാണ് ഇ ഡി ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പദ്ധതി വിഹിതം വെട്ടിച്ചുരുക്കുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.