Connect with us

Kerala

ചുരിദാർ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്കൂൾ ഗേറ്റിൽ തടഞ്ഞ സംഭവം: സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്

സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തതിന് പിന്നാലെ സ്കൂൾ മാനേജ്മെന്റ ഇയാളെ പിരിച്ചുവിട്ടു

Published

|

Last Updated

കൊല്ലം | കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പോലീസ്. സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെയാണ് കേസ്. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തതിന് പിന്നാലെ സ്കൂൾ മാനേജ്മെന്റ ഇയാളെ പിരിച്ചുവിട്ടു. സ്‌കൂളിലെ പ്രധാനാധ്യാപികയായ സിന്ധു എസ് നായരെ അന്യായമായി തടഞ്ഞു വെച്ചതിനാണ് പോലീസ് കേസ് എടുത്തത്. പരാതിക്കാരിയെ അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം സ്‌കൂള്‍ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവെച്ചുവെന്നും ഇത് സ്‌കൂള്‍ കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍ പരാതിക്കാരിയുടെ അന്തസ്സിന് ഹാനി വരുത്തിയതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു.

കൊട്ടാരക്കര നെടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം. പ്രധാന അധ്യാപികയായ സിന്ധു രാവിലെ സ്‌കൂളിലെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ് തുറന്നില്ല. ചുരിദാര്‍ ധരിച്ചെത്തിയതിനാല്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിര്‍ദ്ദേശമെന്നായിരുന്ന ജീവനക്കാരന്റെ മറുപടി. കുട്ടികള്‍ക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു.

പോലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാര്‍ ചുരിദാര്‍ ധരിച്ച് വരുന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. എന്നാല്‍ വസ്ത്രത്തിന്റെ പേരില്‍ ആരെയും തടയാന്‍ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം. അധ്യാപികയില്‍ നിന്നു മൊഴിയെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Latest