Kerala
കലോത്സവ നഗരിയില്‍ ഓട്ടോറിക്ഷ- ടാക്‌സികള്‍ അമിത ചാര്‍ജ് ഈടാക്കിയാല്‍ പിടിവീഴും
അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്.
		
      																					
              
              
            കൊല്ലം | കലോത്സവ നഗരിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളും ടാക്‌സികളും അമിത ചാര്‍ജ് ഈടാക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പും പോലീസും രംഗത്ത്. സംസ്ഥാന കലോത്സവത്തിന്റെ മറവില്‍ ഓട്ടോറിക്ഷകളും ടാക്‌സികളും അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നുമുതല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവരോട് യാതൊരു കാരണവശാലും അമിത ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കുകയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഓട്ടോറിക്ഷകള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു മാത്രമേ സര്‍വീസ് നടത്താന്‍ അനുവദിക്കൂ. അല്ലാതെ, സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് അടക്കം റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കും.കലോത്സവത്തിന്റെ ഭാഗമായ എല്ലാ വേദികളുടെ സമീപവും മറ്റു പ്രധാന സ്ഥലങ്ങളിലും പൊലീസ് – മോട്ടര്‍ വാഹന വകുപ്പ് എന്നിവയുടെ പരിശോധനകളും പട്രോളിങും ഉണ്ടാകും.അമിത കൂലി വാങ്ങുന്ന തരത്തിലുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വാഹനം കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും.
എല്ലാ ഓട്ടോ – ടാക്‌സി ജീവനക്കാരും കലോത്സവത്തിന്റെ വിജയത്തിനായി ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
