Connect with us

തെളിയോളം

ജയിച്ച് തോല്‍ക്കാറുണ്ടോ നിങ്ങള്‍?!

ഒരിക്കൽ നാം നമ്മുടെ ജോലിസ്ഥലത്തുനിന്നോ സംഘടനയിൽനിന്നോ പദവിയിൽനിന്നോ വിടപറയും. അന്ന് നാം നടത്തിയ യോഗങ്ങളുടെ എണ്ണമോ നൽകിയ നിർദേശങ്ങളോ വഹിച്ച പദവികളോ ആളുകൾ മറന്നേക്കാം.

Published

|

Last Updated

നമ്മളെ എല്ലാവരും ബഹുമാനിക്കണം, നമ്മുടെ അഭിപ്രായങ്ങൾ കേൾക്കണം, ചെറിയ പരിശ്രമങ്ങൾ പോലും അംഗീകരിക്കണം, തെറ്റുകൾ ക്ഷമിക്കണം, വികാരങ്ങൾ മനസ്സിലാക്കണം. ഇതൊക്കെയാണ് നമ്മുടെ ആഗ്രഹങ്ങൾ. എന്നാൽ മറ്റൊരാൾക്ക് ഇതേ പരിഗണന നൽകേണ്ടിവരുമ്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ചില നിബന്ധനകൾ പ്രത്യക്ഷപ്പെടും! നമ്മളെ വിമർശിക്കരുത്, പക്ഷേ മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കണം. നമ്മുടെ പത്ത് മിനുട്ട് നീളുന്ന വിശദീകരണം എല്ലാവരും ക്ഷമയോടെ കേൾക്കണം, എന്നാൽ മറ്റൊരാളുടെ മുപ്പത് സെക്കൻഡ് നീളുന്ന വിയോജിപ്പ് പോലും സഹിക്കാൻ കഴിയില്ല. സ്വന്തം അഭിപ്രായം പറയുമ്പോൾ അത് ജനാധിപത്യം; മറ്റൊരാൾ പറയുമ്പോൾ അത് അനാവശ്യ തർക്കം! ഒരു മീറ്റിംഗിൽ പുതിയൊരു ആശയം അവതരിപ്പിക്കുന്ന സഹപ്രവർത്തകനോട്, “ഇതൊക്കെ പ്രായോഗികമാണോ? ഇതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?’ എന്ന് ഇടക്കുകയറി ചോദിക്കുന്ന ഒരാളെ സങ്കൽപ്പിക്കുക.

ആ ചോദ്യം ചോദിച്ചയാൾക്ക് വലിയൊരു ബൗദ്ധിക വിജയം നേടിയതുപോലെ തോന്നിയേക്കാം. എന്നാൽ ആശയം അവതരിപ്പിച്ചയാൾ അടുത്ത മീറ്റിംഗിൽ മിണ്ടാതിരിക്കാനായിരിക്കും തീരുമാനിച്ചിട്ടുണ്ടാവുക. അയാളുടെ ആശയം മാത്രമല്ല അവിടെ നിരസിക്കപ്പെട്ടത്; ഇനിയൊരു ആശയം പങ്കുവെക്കാനുള്ള ആവേശം കൂടിയാണ്. ആളുകൾ എല്ലായ്പ്പോഴും പ്രതിഷേധിച്ചുകൊണ്ടല്ല അനാദരവിനോട് പ്രതികരിക്കുന്നത്. ചിലപ്പോൾ അവർ നിശബ്ദരാകും, ഉത്തരവാദിത്വങ്ങളിൽനിന്ന് പിന്മാറും, ചെയ്യേണ്ടത് മാത്രം ചെയ്യും. ഒരു തർക്കത്തിൽ ജയിക്കുമ്പോൾ ഒരു ബന്ധത്തിൽ തോൽക്കരുത്. കാരണം, നമ്മുടെ വാദം ശരിയാണെന്ന് തെളിയിക്കുന്നതിനേക്കാൾ പ്രധാനമാണ് മറ്റൊരാളുടെ അന്തസ്സ് സംരക്ഷിച്ചുകൊണ്ട് അത് ബോധ്യപ്പെടുത്താൻ കഴിയുക.

രസകരമായ മറ്റൊരു കാര്യമുണ്ട്. ചിലർക്ക് ഓരോ വ്യക്തിയോടും പെരുമാറാൻ ഓരോ സ്വഭാവമാണ്. പ്രിൻസിപ്പലിനെ കാണുമ്പോൾ വിനയം, മാനേജറെ കാണുമ്പോൾ പുഞ്ചിരി, ഉയർന്ന ഉദ്യോഗസ്ഥനെ കാണുമ്പോൾ “യെസ് സർ!’ എന്ന നീണ്ട അഭിവാദ്യം. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനോടും ശുചീകരണ തൊഴിലാളിയോടും കീഴ്ജീവനക്കാരനോടും സംസാരിക്കുമ്പോൾ ഈ വിനയമൊക്കെ എവിടെയോ പോയി ഒളിച്ചിരിക്കും! രാവിലെ വാട്സാപ്പിൽ “എല്ലാവരെയും ബഹുമാനിക്കുക, സ്നേഹം പങ്കുവെക്കുക’ എന്ന മനോഹരമായ സന്ദേശം പങ്കുവെച്ച അതേ വ്യക്തി പത്ത് മണിക്ക് ഒരു ചെറിയ തെറ്റ് വരുത്തിയ സഹപ്രവർത്തകനോട് ദേഷ്യപ്പെടുകയും ചെയ്യും.

ഒരുപക്ഷേ ആ സന്ദേശം മറ്റുള്ളവർക്ക് വായിക്കാനുള്ളതായിരുന്നു, സ്വയം പ്രാവർത്തികമാക്കാനുള്ളതായിരുന്നില്ല! യഥാർഥ ബഹുമാനം എന്നത് എല്ലാവരോടും യോജിക്കലോ എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കലോ അല്ല. ഒരാളുടെ അഭിപ്രായത്തോട് വിയോജിക്കുമ്പോഴും അയാളുടെ അന്തസ്സിനെ മാനിക്കാനുള്ള കഴിവാണ്. “ഇതിലും വലിയ വിഡ്ഢിത്തം കേട്ടിട്ടില്ല’ എന്നു പറയുന്നതിനുപകരം “ഈ ആശയത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് തോന്നുന്നു’ എന്നു പറയാൻ കഴിയുന്നതിലാണ് വ്യക്തിത്വത്തിന്റെ സൗന്ദര്യം. തീരുമാനങ്ങൾ ഒരുപോലെയായിരിക്കാം; പക്ഷേ, അവ അവതരിപ്പിക്കുന്ന രീതിക്ക് ബന്ധങ്ങളെ സംരക്ഷിക്കാനോ തകർക്കാനോ കഴിയും. വിദ്യാർഥിയെ അപമാനിക്കുന്ന അധ്യാപകന് നിശബ്ദത ലഭിച്ചേക്കാം, പഠനതാത്പര്യം ലഭിക്കണമെന്നില്ല. ജീവനക്കാരെ ഭയപ്പെടുത്തുന്ന മാനേജർക്ക് അനുസരണം ലഭിച്ചേക്കാം, ആത്മാർഥമായ സഹകരണം ലഭിക്കണമെന്നില്ല. അതുകൊണ്ട് ബഹുമാനം എന്നത് അധികാരത്തിന്റെ അടയാളമല്ല, വ്യക്തിത്വത്തിന്റെ അടയാളമാണ്.

മറ്റൊരാൾ നമ്മളോട് അസുഖകരമായ എന്തെങ്കിലും പറയുമ്പോൾ നമ്മുടെ വായ പലപ്പോഴും ചിന്തയെക്കാൾ വേഗത്തിൽ പ്രവർത്തിക്കും. സഹപ്രവർത്തകൻ നമ്മുടെ ജോലിയെ വിമർശിച്ചാൽ ഉടൻ അയാളുടെ വ്യക്തിത്വത്തെ വിമർശിക്കും. സുഹൃത്ത് ഒരു പരിപാടിക്ക് ക്ഷണിക്കാൻ മറന്നാൽ ഇരുപത് വർഷം മുമ്പ് അയാൾ വരുത്തിയ തെറ്റുകൾ വരെ ഓർമിപ്പിക്കും. ചെറിയൊരു അഭിപ്രായവ്യത്യാസം പെട്ടെന്ന് ചരിത്രാന്വേഷണമായി മാറും! ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുന്നതിനുമുമ്പ് അൽപ്പമൊന്ന് നിർത്തുക. എന്താണ് നമ്മെ അസ്വസ്ഥരാക്കിയത് എന്ന് തിരിച്ചറിയുക. മറ്റൊരാളുടെ ഭാഗത്തുനിന്ന് സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കുക. എന്നിട്ട് നമ്മുടെ മൂല്യങ്ങൾക്ക് യോജിച്ച രീതിയിൽ പ്രതികരിക്കുക. ചിലപ്പോൾ മൂന്ന് സെക്കൻഡ് നേരത്തെ ഒരു ഇടവേള മൂന്ന് വർഷം നീണ്ടുനിൽക്കുമായിരുന്ന ഒരു ബന്ധം തകരാതെ സംരക്ഷിച്ചേക്കാം. അതേസമയം, ബഹുമാനം എന്നത് അനീതികൾ സഹിക്കലോ തെറ്റായ പെരുമാറ്റങ്ങൾക്ക് മുന്നിൽ മൗനം പാലിക്കലോ അല്ല. അപമാനിക്കാതെ തിരുത്താനും പരുഷതയില്ലാതെ അതിരുകൾ നിശ്ചയിക്കാനും കാരുണ്യത്തോടെ ഉറച്ച നിലപാടെടുക്കാനും കഴിയും. സൗമ്യത ദൗർബല്യമല്ല; ശക്തി തെളിയിക്കാൻ ക്രൂരതയുടെ ആവശ്യമില്ല.

നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ആളുകളെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. പ്രതിസന്ധിയിൽ നമ്മളെ പ്രോത്സാഹിപ്പിച്ച ഒരാൾ, കഴിവുകളിൽ വിശ്വാസമർപ്പിച്ച അധ്യാപകൻ, ചെറിയ പരിശ്രമങ്ങൾ പോലും അംഗീകരിച്ച സഹപ്രവർത്തകൻ. അവർ പറഞ്ഞ കൃത്യമായ വാക്കുകൾ ഒരുപക്ഷേ നാം മറന്നുപോയിട്ടുണ്ടാകും. പക്ഷേ അവർ നമ്മളിൽ സൃഷ്ടിച്ച ആത്മവിശ്വാസവും സന്തോഷവും മറന്നിട്ടുണ്ടാകില്ല. അതുപോലെ, മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെട്ടതിന്റെ വേദനയും എളുപ്പത്തിൽ മറക്കാൻ കഴിയില്ല. “നിനക്ക് ഇത് ചെയ്യാൻ കഴിയും’ എന്നൊരു വാക്ക് ഒരാൾക്ക് വർഷങ്ങളോളം ആത്മവിശ്വാസം നൽകിയേക്കാം. അതേസമയം, “നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്നൊരു പരാമർശം അയാളുടെ മനസ്സിൽ ദീർഘകാലം മുറിവായി അവശേഷിച്ചേക്കാം. അതുകൊണ്ടാണ് ബഹുമാനം ഒരു നിക്ഷേപമാണെന്ന് പറയുന്നത്.

അതിന്റെ ലാഭം ഉടനടി ലഭിക്കണമെന്നില്ല. ഒരാളെ അപമാനിച്ചാലും അയാൾ ജോലിയിൽ തുടർന്നേക്കാം; പക്ഷേ അയാളുടെ ആവേശം അതിനുമുമ്പേ രാജിവെച്ചിട്ടുണ്ടാകാം! ജോലികൾ പൂർത്തിയാക്കും, യോഗങ്ങളിൽ പങ്കെടുക്കും, ഉത്തരവാദിത്വങ്ങൾ നിറവേറ്റും. എന്നാൽ പ്രതീക്ഷിച്ചതിനപ്പുറം എന്തെങ്കിലും ചെയ്യാനുള്ള താത്പര്യം ക്രമേണ ഇല്ലാതാകും. അതിനാൽ നമ്മുടെ സ്വാധീനം അളക്കേണ്ടത് നമുക്ക് താഴെ എത്രപേരുണ്ട് എന്നതിലല്ല, നമ്മളോടൊപ്പം നിൽക്കുമ്പോൾ എത്രപേർക്ക് തങ്ങൾ വിലമതിക്കപ്പെടുന്നവരാണെന്ന് അനുഭവപ്പെടുന്നു എന്നതിലാണ്. നമ്മളോട് വിയോജിപ്പ് തുറന്നുപറയാൻ മറ്റുള്ളവർക്ക് കഴിയുന്നുണ്ടോ? തെറ്റ് സംഭവിച്ചാൽ അപമാനിക്കപ്പെടുമെന്ന ഭയമില്ലാതെ അത് സമ്മതിക്കാൻ കഴിയുന്നുണ്ടോ? അവരുടെ അഭിപ്രായങ്ങൾക്ക് നാം ഇടം നൽകുന്നുണ്ടോ? ഓരോ അധ്യാപകനും നേതാവും രക്ഷിതാവും സുഹൃത്തും സഹപ്രവർത്തകനും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണിവ.

ഒരിക്കൽ നാം നമ്മുടെ ജോലിസ്ഥലത്തുനിന്നോ സംഘടനയിൽനിന്നോ പദവിയിൽനിന്നോ വിടപറയും. അന്ന് നാം നടത്തിയ യോഗങ്ങളുടെ എണ്ണമോ നൽകിയ നിർദേശങ്ങളോ വഹിച്ച പദവികളോ ആളുകൾ മറന്നേക്കാം. എന്നാൽ ആരും കേൾക്കാതിരുന്നപ്പോൾ നാം അവരെ കേട്ടത് ഒരാൾ ഓർക്കും. മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കാതെ സ്വകാര്യമായി തെറ്റ് തിരുത്തിയത് മറ്റൊരാൾ ഓർക്കും. തെറ്റ് സംഭവിച്ചപ്പോൾ ക്ഷമ ചോദിക്കാൻ കാണിച്ച മനസ്സ് ആരുടെയെങ്കിലും ഓർമയിൽ അവശേഷിക്കും. പദവികൾക്ക് കാലാവധിയുണ്ട്; എന്നാൽ പെരുമാറ്റം സൃഷ്ടിക്കുന്ന ഓർമകൾക്ക് അങ്ങനെയൊരു കാലാവധിയില്ല. അതുകൊണ്ട് നമ്മൾ വലിയവരാണെന്ന് തെളിയിക്കാൻ മറ്റൊരാളെ ചെറുതാക്കുന്നതിനുമുമ്പ് ഒന്ന് ചിന്തിക്കുക. ഒരു തർക്കത്തിൽ ജയിക്കാം, വിമർശകനെ നിശബ്ദനാക്കാം, അധികാരം സ്ഥാപിക്കാം. പക്ഷേ, അതിനിടയിൽ ഒരാളുടെ വിശ്വാസവും സന്മനസ്സും നഷ്ടപ്പെട്ടാൽ ആ വിജയംകൊണ്ട് എന്താണ് പ്രയോജനം? നിങ്ങൾക്ക് താഴെ എത്രപേർ നിൽക്കുന്നു എന്നതിലല്ല, നിങ്ങൾക്കൊപ്പം നിൽക്കുമ്പോൾ എത്രപേർക്ക് തങ്ങൾ വിലമതിക്കപ്പെടുന്നവരാണെന്ന് അനുഭവപ്പെടുന്നു എന്നതിലാണ് നിങ്ങളുടെ മഹത്വത്തിന്റെ യഥാർഥ അളവ്.

Content Highlights: This article emphasizes that true respect and dignity matter far more than winning arguments or asserting authority. It highlights how empathy, active listening, and appreciating others build strong, lasting relationships. Ultimately, our impact is measured by how valued people feel when they are with us.

---- facebook comment plugin here -----

Latest