Connect with us

Kerala

'മദ്യപാനികളും മോശം പെരുമാറ്റമുള്ളവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുത് '; എസ് പിമാര്‍ക്ക് ഐ ജിയുടെ കത്ത്

നിലയ്ക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ പോലീസുകാരന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും, പോലീസിന് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എസ്പിമാക്ക് അയച്ച കത്തില്‍ ഐജി പറയുന്നു

Published

|

Last Updated

തിരുവനന്തപുരം |  ശബരിമലയില്‍ എത്തുന്നവരോട് മാന്യമായി പെരുമാറാന്‍ അറിയാത്തവരും മദ്യപാനികളുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഐജി പി പ്രകാശ്. നിലയ്ക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ പോലീസുകാരന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും, പോലീസിന് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എസ്പിമാക്ക് അയച്ച കത്തില്‍ ഐജി പറയുന്നു

‘ശബരിമല ഡ്യൂട്ടിയില്‍, മദ്യപാനശീലമുള്ളവരോ പ്രശ്നമുണ്ടാക്കുന്നവരോ ആയ ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കാരണവശാലും ഉള്‍പ്പെടുത്തരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.20.11.2026-ന് നിലയ്ക്കലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണ സംഭവം അതീവ ഗൗരവമുള്ള ഒന്നാണ്. ഇത്തരത്തിലുള്ള പെരുമാറ്റം ഒട്ടും അംഗീകരിക്കാനാവില്ല. ഇത് പോലീസ് സേനയുടെ അച്ചടക്കത്തെ തകര്‍ക്കുന്നതും സേനയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്.നല്ല പെരുമാറ്റവും അച്ചടക്കവുമുള്ളവരും, മദ്യപാനശീലമോ മറ്റ് മോശം പെരുമാറ്റരീതികളോ ഇല്ലാത്തവരുമായ ഉദ്യോഗസ്ഥരെ മാത്രമേ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്നുള്ളൂ എന്ന് ബന്ധപ്പെട്ട മേല്‍നോട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണ്’- കത്തില്‍ പറയുന്നു.

നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടകരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഐജിയുടെ നിര്‍ദ്ദേശം. ഡ്രൈവറെ മര്‍ദിച്ച എഎസ്ഐ ജിജോയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഒടുവില്‍ ആയിരുന്നു മര്‍ദ്ദനം.

Content Highlights: IG P Prakash directed SPs not to deploy police officers with drinking habits or bad behavior for Sabarimala duty. The strict order follows a recent incident at Nilakkal where an officer assaulted a pilgrim vehicle driver over a parking dispute. ASI Jijo was suspended in connection with the assault.

Latest