National
ഗുജറാത്തിലെ കച്ചില്‍ വാഹനാപകടം; കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു
ഭുജിലേക്ക് പോവുകയായിരുന്ന കാറും, എതിര്‍ദിശയില്‍ ഖാവ്ദയിലേക്ക് വരികയായിരുന്ന ചരക്ക് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.
അഹമ്മദാബാദ് | ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജ്-ഖാവ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സൗരവ്സിംഗ് ജസ്പാല്സിംഗ് നേഗി, ഭാര്യ സവിത, ഇവരുടെ മൂന്ന് മാസം പ്രായമുള്ള മകള്‍ സിവിക, റിങ്കി നിതിന്‍ ഗുന്സായി, മകള്‍ വമിക, രാജേഷ് സിംഗ് റാവത്ത്, ഏഴ് വയസ്സുകാരിയായ മകള്‍ രക്ഷിക എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രെയിലര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡില്‍ നിന്ന് കച്ച് സന്ദര്‍ശനത്തിനെത്തിയ ഒരേ കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചവര്‍. ഇതില്‍ ഒരു ദമ്പതികളും അവരുടെ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു.
രാത്രി 9.30-ഓടെ മരുഭൂമിക്ക് സമാനമായ പ്രദേശത്തുവെച്ചായിരുന്നു അപകടം. ഭുജിലേക്ക് പോവുകയായിരുന്ന കാറും, എതിര്‍ദിശയില്‍ ഖാവ്ദയിലേക്ക് വരികയായിരുന്ന ചരക്ക് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകരുകയും രണ്ടായി പിളരുകയും ചെയ്തു.
അപകടം നടന്നയുടന്‍ നാട്ടുകാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അധികൃതരെത്തി ആംബുലന്‍സുകളും വിന്യസിച്ചു. മരിച്ച ഏഴ് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഭുജിലെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍പ്പെട്ടവര്‍ സൈനിക കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. വിവരമറിഞ്ഞ് ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കഴിഞ്ഞ മാസം ഒമ്പതിന് ഖാവ്ദ റിന്യൂവബിള്‍ എനര്‍ജി പാര്‍ക്ക് റോഡിലുണ്ടായ മറ്റൊരു അപകടത്തില്‍ ഏഴുപേര്‍ മരിച്ചിരുന്നു.
Content Highlights: Seven members of a family, including children, lost their lives in a road accident in Kutch, Gujarat. Emergency teams and police arrived at the scene to carry out rescue and investigation work. Authorities are looking into the cause of the fatal crash.


