Uae
ഗദീര്‍ അല്‍ തൈറില് ദുബൈയുടെ പുതിയ കമ്മ്യൂണിറ്റി പാര്‍ക്ക് തുറന്നു
9,600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയ പാര്‍ക്ക് 35 പുതിയ തലമുറ പാര്‍ക്കുകളില്‍ ആദ്യത്തേത്.
ദുബൈ | അല്‍ ഖൂസിനും മെയ്ദാനും സമീപം 9,600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഗദീര്‍ അല്‍ തൈര് പാര്‍ക്ക് ദുബൈ മുന്‍സിപ്പാലിറ്റി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ദുബൈയിലുടനീളം വികസിപ്പിക്കുന്ന 35 പുതിയ തലമുറ കമ്മ്യൂണിറ്റി പാര്‍ക്കുകളില്‍ ആദ്യത്തേതാണിത്. കായിക-സാമൂഹിക സൗകര്യങ്ങള്‍ താമസക്കാര്‍ക്ക് കൂടുതല്‍ അരികിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ദുബൈ പാര്‍ക്സ് ആന്‍ഡ് ഗ്രീനറി സ്ട്രാറ്റജി 2040, ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ എന്നിവയുടെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി ജനകേന്ദ്രീകൃത നഗരപരിസ്ഥിതി വികസിപ്പിക്കുക, സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വേലികളില്ലാത്ത തുറന്ന രൂപകല്പന
പൊതുഇടങ്ങളുടെ പരമ്പരാഗത വിനോദധര്മത്തിനപ്പുറം താമസമേഖലകള്ക്കുള്ളില് കായികം, വിനോദം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന വിശാലമായ ആശയമാണ് പുതിയ തലമുറ കമ്മ്യൂണിറ്റി പാര്‍ക്കുകള്‍ മുന്നോട്ടുവെക്കുന്നത്. സമീപവാസികള്‍ക്ക് അഞ്ച് മിനുട്ടിനുള്ളില്‍ നടന്നെത്താവുന്ന രീതിയിലാണ് ഗദീര്‍ അല്‍ തൈര് പാര്‍ക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. വേലികളില്ലാത്ത തുറന്ന രൂപകല്പന ചുറ്റുമുള്ള താമസമേഖലകളുമായി പാര്‍ക്കിനെ നേരിട്ട് ബന്ധിപ്പിക്കുന്നു.
കുടുംബത്തിലെ എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് പാര്‍ക്കിലുള്ളത്. രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ആറ് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുമായി രണ്ട് പ്രത്യേക കളിസ്ഥലങ്ങള്‍, ജോഗിംഗ് ട്രാക്ക്, ഔട്ട്ഡോര്‍ ഫിറ്റ്നസ് ഉപകരണങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. സാമൂഹിക പരിപാടികള്‍ക്കായി ഒരു മള്‍ട്ടിപര്‍പ്പസ് ഹാളും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രദേശവാസികള്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കുമായി പാര്‍ക്കിന്റെ മധ്യഭാഗത്ത് പ്രത്യേക കമ്മ്യൂണിറ്റി ഇടവും സജ്ജമാക്കിയിട്ടുണ്ട്. വിനോദത്തിന് പുറമെ താമസക്കാരുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നൂതന സേവനങ്ങള്‍ അവതരിപ്പിക്കാന്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പാര്‍ക്ക് അവസരമൊരുക്കുന്നു.
Content Highlights: Dubai Municipality has opened the 9,600-square-metre Ghadeer Al Tair Park as the first of 35 new community parks. The open-design park offers play zones, a jogging track, fitness equipment, and community spaces. Remaining parks under the initiative will roll out through April 2027.




