Connect with us

Uae

പ്രമേഹമുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണും ലഘുഭക്ഷണവും അനുവദിക്കും: യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം

ഇന്‍സുലിന്‍ പമ്പുകളും ഷുഗര്‍ നിരീക്ഷണ ഉപകരണങ്ങളും പിടിച്ചെടുക്കരുതെന്ന് നിര്‍ദേശം.

Published

|

Last Updated

അബൂദബി | പ്രമേഹമുള്ള വിദ്യാര്‍ഥികളുടെ ആരോഗ്യസുരക്ഷയും പഠനാവകാശവും ഉറപ്പാക്കുന്നതിനായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പരീക്ഷാ ഹാളുകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന ഉപകരണങ്ങളും അതുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണുകളും ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കണം. വെള്ളവും ലഘുഭക്ഷണവും പരീക്ഷാ ഹാളില്‍ കൊണ്ടുപോകാനും അനുവദിക്കണം.

പരീക്ഷക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയുകയോ ഉയരുകയോ ചെയ്താല്‍ പരീക്ഷാ സമയം താത്ക്കാലികമായി നിര്‍ത്തിവെച്ച് നഷ്ടപ്പെട്ട സമയം തിരികെ നല്‍കണം. ആരോഗ്യപ്രശ്നം പരീക്ഷയിലെ പ്രകടനത്തെ ബാധിച്ചാല്‍ വീണ്ടും പരീക്ഷ എഴുതാനുള്ള അവസരവും പരിഗണിക്കാം. ഇന്‍സുലിന്‍ പമ്പുകളും തുടര്‍ച്ചയായി രക്തത്തിലെ പഞ്ചസാര നിരീക്ഷിക്കുന്ന സെന്‍സറുകളും മെഡിക്കല്‍ ഉപകരണങ്ങളായതിനാല്‍ അവ നീക്കം ചെയ്യാനോ പിടിച്ചെടുക്കാനോ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ക്ലാസ് മുറികളിലും യാത്രകളിലും പ്രത്യേക പരിഗണന
ക്ലാസ് മുറികളിലും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ രക്തത്തിലെ പഞ്ചസാര പരിശോധിക്കാനും ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ശുചിമുറി ഉപയോഗിക്കാനും അനുമതി നല്‍കണം. ചികിത്സയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ സ്‌കൂളില്‍ ഹാജരാകാന്‍ കഴിയാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കരുത്. ഓരോ വിദ്യാര്‍ഥിക്കും ചികിത്സിക്കുന്ന ഡോക്ടര്‍ അംഗീകരിച്ച വ്യക്തിഗത ആരോഗ്യപരിചരണ പദ്ധതി നിര്‍ബന്ധമാണ്. ഇന്‍സുലിന്‍ ഡോസ്, പരിശോധനാസമയം, അടിയന്തര ചികിത്സ, ഭക്ഷണക്രമം, കായികപ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, രക്ഷിതാക്കളുടെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

കായികപരിപാടികളിലും സ്‌കൂള്‍ യാത്രകളിലും പങ്കെടുക്കുന്നതില്‍ നിന്ന് പ്രമേഹമുള്ള കുട്ടികളെ ഒഴിവാക്കരുതെന്നും ആവശ്യമായ മെഡിക്കല്‍ സഹായവും അടിയന്തര കിറ്റും ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ ആരോഗ്യവിവരങ്ങള്‍ സ്വകാര്യമായി കൈകാര്യം ചെയ്യാനും അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനും സ്‌കൂളുകള്‍ ശ്രദ്ധിക്കണം.

The UAE Ministry of Education permits diabetic students to carry mobile phones and snacks inside exam halls. The measure supports continuous glucose monitoring and blood sugar management during exams. The policy promotes student health and inclusive examination guidelines across the UAE.

 

Latest