Connect with us

china saudi iran

ചൈനയെ ഇനി പിടിച്ചാൽ കിട്ടില്ല

സാമ്പത്തിക താത്പര്യത്തിൽ മാത്രം ഊന്നിയ വിദേശ ബന്ധത്തിൽ നിന്ന് രാഷ്ട്രീയ, സൈനിക താത്പര്യങ്ങൾ മുന്നിട്ടു നിൽക്കുന്ന നയത്തിലേക്ക് ചുവടുമാറാൻ ഷീ ജിൻപിംഗിന്റെ മൂന്നാം വരവിൽ ചൈന തീരുമാനിച്ചിരിക്കുന്നു. ആ ചുവടുമാറ്റത്തിന്റെ ആദ്യ ഉത്പന്നമാണ് ഇറാൻ- സഊദി ബന്ധത്തിലെ വിപ്ലവകരമായ മാറ്റം. ചൈനക്ക് എന്താണിതിൽ നേട്ടമെന്ന ചോദ്യത്തിന് ഇപ്പോൾ തന്നെ ഉത്തരം ലഭിച്ച് കഴിഞ്ഞു, യു എസിനെ മറികടന്നിരിക്കുന്നു.

Published

|

Last Updated

ചൈനയെ ഇനി പിടിച്ചാൽ കിട്ടില്ല എന്ന തലക്കെട്ട് ഒട്ടും അതിശയോക്തിപരമല്ല. അമേരിക്കക്ക് ഏത് അർഥത്തിലും വെല്ലുവിളിയാകാനുള്ള പുറപ്പാടിൽ തന്നെയാണ് പീപിൾസ് റിപബ്ലിക് ഓഫ് ചൈന. ഈ പ്രയാണത്തിൽ ആ രാജ്യം അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ പൊളിച്ചെറിഞ്ഞേക്കാം. ഇന്ത്യയടക്കമുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളോട് കൂടുതൽ അക്രമാസക്ത ബന്ധത്തിലേക്ക് നീങ്ങിയേക്കാം. ആയുധ കമ്പോളത്തിലെ പുതിയ വിൽപ്പനക്കാരനും മേലാളനുമായി ചൈന മാറിയേക്കാം. അതൊക്കെയാണെങ്കിലും, തകർന്നു കൊണ്ടേയിരിക്കുന്ന അമേരിക്കയുടെ ഏക ധ്രുവ ലോക സ്വപ്നം എന്നെന്നേക്കുമായി കുഴിച്ചു മൂടുകയെന്ന ലക്ഷ്യം ചൈന നേടുക തന്നെ ചെയ്യും. സാമ്പത്തിക താത്പര്യത്തിൽ മാത്രം ഊന്നിയ വിദേശ ബന്ധത്തിൽ നിന്ന് രാഷ്ട്രീയ, സൈനിക താത്പര്യങ്ങൾ മുന്നിട്ടു നിൽക്കുന്ന നയത്തിലേക്ക് ചുവടുമാറാൻ ഷീ ജിൻപിംഗിന്റെ മൂന്നാം വരവിൽ ചൈന തീരുമാനിച്ചിരിക്കുന്നു. ആ ചുവടുമാറ്റത്തിന്റെ ആദ്യ ഉത്പന്നമാണ് ഇറാൻ- സഊദി ബന്ധത്തിലെ വിപ്ലവകരമായ മാറ്റം. ഈ മുന്നേറ്റത്തിന് എത്രമാത്രം ഗുണഫലങ്ങളുണ്ടാക്കാനാകും? യമൻ, ലബനാൻ, സിറിയ, ഇറാഖ്, ഫലസ്തീൻ വിഷയങ്ങളിൽ എല്ലാവർക്കും സ്വീകാര്യമായ പരിഹാരമുണ്ടാക്കാവുന്ന വിതാനത്തിലേക്ക് ഈ ബന്ധം ഉയരുമോ? ഈ ചോദ്യങ്ങളുടെ ഉത്തരം കാലം പറയേണ്ടതാണ്. എന്നാൽ ചൈനക്ക് എന്താണിതിൽ നേട്ടമെന്ന ചോദ്യത്തിന് ഇപ്പോൾ തന്നെ ഉത്തരം ലഭിച്ച് കഴിഞ്ഞിരിക്കുന്നു, യു എസിനെ മറികടന്നിരിക്കുന്നു.

ബീജിംഗ് പഴയ ബീജിംഗല്ല

സഊദിയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം വിച്ഛേദിച്ചിട്ട് ഏഴ് വർഷമേ ആയിട്ടുള്ളൂവെന്നത് സാങ്കേതികമായ കാര്യം മാത്രമാണ്. സഊദിയിലെ ശിയാ പക്ഷ നേതാവ് നിംറ് അൽ നിംറിന്റെ വധശിക്ഷയാണ് ബന്ധവിച്ഛേദനത്തിന് കാരണമായതെന്ന് പറയാറുണ്ട്. അത് പൂർണമായും ശരിയല്ല. പതിറ്റാണ്ടുകൾ നീണ്ട അവിശ്വാസത്തിന്റെയും പ്രത്യയശാസ്ത്ര ഭിന്നതയുടെയും നിഴൽ യുദ്ധത്തിന്റെയും ചരിത്രമുള്ള ഈ രാജ്യങ്ങൾ തമ്മിൽ സമ്പൂർണ വേർപിരിയലിന് ആ വധം കാരണമായെന്നേയുള്ളൂ. ഇത്രമേൽ ആഴത്തിലുള്ള ബന്ധവിച്ഛേദനത്തെ വിളക്കി ചേർക്കാൻ ചൈനക്ക് സാധിക്കുന്നുവെന്നത് ചില്ലറ കാര്യമല്ല. ഇറാന്റെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ശംഖാനി, സഊദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാദ് ബിൻ മുഹമ്മദ് അൽ ഐബാൻ, ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി എന്നിവർ നിർണായകമായ ധാരണയിൽ എത്തുന്നത് ബീജിംഗ് ഉച്ചകോടിയിലാണെന്നോർക്കണം. ആർക്കും ഇരുന്ന് സംസാരിക്കാനും രഞ്ജിപ്പിലെത്താനുമുള്ള ഇടമായി ബീജിംഗ് മാറുന്നുവെന്നതിന് വേറെന്ത് തെളിവു വേണം.
കുട്ടനെയും മുട്ടനെയും കുത്ത് കൂടിച്ച് ചോര കുടിക്കാൻ നിൽക്കുന്ന കുറുക്കൻ പഴയ കഥയിലെ കളവാണെങ്കിൽ ഇറാനും സഊദിക്കുമിടയിലെ അമേരിക്ക വർത്തമാനകാല യാഥാർഥ്യമായിരുന്നുവല്ലോ. തരാതരം ചങ്ങാത്തം മാറ്റി വരച്ച് തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിച്ചു നിർത്താനാണല്ലോ അതത് കാലത്തെ യു എസ് ഭരണാധികാരികൾ ശ്രമിച്ച് കൊണ്ടിരുന്നത്. ബരാക് ഒബാമയുടെ കാലത്ത് ഇറാനുമായി ആണവ കരാർ ഒപ്പുവെച്ചു; ഉപരോധം നീക്കാൻ ശ്രമം തുടങ്ങി. “ട്രംപ് വന്നപ്പോൾ ആ കരാർ വലിച്ചു കീറി ദൂരെയെറിഞ്ഞു. മരുമകൻ ജെറാർഡ് കുഷ്‌നറുടെ ഉപദേശ പ്രകാരം ട്രംപ് സഊദിയോടടുത്തു. ജോ ബൈഡൻ വന്നപ്പോൾ എവിടെ നിൽക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. ഇറാനെതിരായ ഉപരോധം പിൻവലിക്കാമെന്ന വാഗ്ദാനം ബൈഡൻ വിഴുങ്ങി. ഇസ്‌റാഈലുമായി അറബ് രാജ്യങ്ങളെ അടുപ്പിച്ച് മറ്റൊരു കുതന്ത്രത്തിന് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു. ഈ കെട്ട കളികൾക്കിടയിലേക്കാണ് ചൈന യഥാർഥ നയതന്ത്ര ഇടപെടൽ പുറത്തെടുത്തത്. ഏത് ഭിന്നതയും അവസാനിപ്പിക്കാനും രൂക്ഷമാക്കാനും മിടുക്കുണ്ടെന്ന അമേരിക്കൻ ധാർഷ്ട്യത്തെ ചൈന വെല്ലുവിളിക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും തളർന്ന അമേരിക്കയാണ് ഇപ്പോഴുള്ളത്. ഈ ഇരിപ്പിടത്തിലേക്ക് കൃത്യ സമയത്ത് കേറിയിരിക്കുകയാണ് ചൈന.

പഴക്കമില്ലാത്ത ചരിത്രം

ഒറ്റയടിക്ക് സാധ്യമായ നയതന്ത്ര വിജയമല്ല ഇത്. ചുരുങ്ങിയത് 2016ലെങ്കിലും തുടങ്ങിയ നീക്കത്തിന്റെ വിളവെടുപ്പായി ഇതിനെ വിലയിരുത്തേണ്ടിയിരിക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് മധ്യപൗരസ്ത്യ ദേശത്തേക്ക് 2016 ജനുവരിയിൽ നടത്തിയ യാത്രയിൽ മൂന്ന് രാജ്യങ്ങളാണ് സന്ദർശിച്ചത്- ഇറാൻ, ഈജിപ്ത്, സഊദി അറേബ്യ. പതിനാല് വർഷത്തെ ഇടവേളക്ക് ശേഷം ആദ്യമായാണ് ഒരു ചൈനീസ് നേതാവ് അന്ന് ഇറാനിലെത്തിയത്. 17 കരാറുകളാണ് ടെഹ്‌റാനിൽ അന്ന് പിറന്നത്. അടിസ്ഥാന സൗകര്യ വികസനം, ഊർജം, പഴയ സിൽക്ക് പാതയുടെ പുനരുജ്ജീവനം തുടങ്ങിയ മേഖലകളിലായിരുന്നു കരാറുകൾ. ഈജിപ്തിന് നൂറ് കോടിയുടെ സാമ്പത്തിക സഹായം. സഊദിയുമായി സമഗ്ര ഉഭയ കക്ഷി ബന്ധം ശക്തമാക്കുന്നതിനും ആണവ നിലയം പണിയുന്നതിനുമുള്ള കരാർ. ഫലസ്തീൻ വിഷയത്തിൽ അക്കാലം വരെ ചൈന പുലർത്തിയിരുന്നത് വൃത്തികെട്ട സമദൂരമായിരുന്നു. അന്നാദ്യമായി ഷീ ജിൻപിംഗ് പ്രസ്താവനയിറക്കി, ജറൂസലം ആസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കണം. ഷീ ജിൻപിംഗിന്റെ വിദേശ നയത്തെ വിശേഷിപ്പിച്ചിരുന്നത് “നോ എനിമി പോളിസി’യെന്നാണ്. ആരോടും പ്രത്യേകിച്ച് മമതയില്ല. ബിസിനസ്സ് ടു ബിസിനസ്സ് പോളിസിയെന്നും പറയാം. സാമ്പത്തികാധിഷ്ഠിത നയതന്ത്രം. ആ നില മാറുന്നതും രാഷ്ട്രീയ ഉള്ളടക്കമുള്ള വിദേശ നയത്തിലേക്ക് ചൈന കാലെടുത്ത് വെച്ചതും അന്നത്തെ മധ്യപൗരസ്ത്യ യാത്രയോടെയാണ്. കഴിഞ്ഞ ഡിസംബറിൽ ഷീ ജിൻപിംഗ് ഒന്നു കൂടി സഊദിയിൽ പോയി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാൻ പ്രസിഡന്റ് ഇബ്‌റാഹീം റഈസി ബീജിംഗിലും വന്നു. നിർണായകമായ ചുവടുവെപ്പിനുള്ള മണ്ണൊരുക്കലായിരുന്നു ഈ ഹസ്തദാനങ്ങൾ.

കച്ചവടം പൊടിപൊടിക്കും

മിഡിൽ ഈസ്റ്റിലെ കച്ചവടത്തിൽ ചൈന ഇതിനകം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഈ മേഖലയിലെ ചൈനയുടെ വ്യാപാരം കുതിച്ചുയരുകയും വികസിക്കുകയും ചെയ്തു. 2019ലെ 180 ബില്യൺ ഡോളറിൽ നിന്ന് 2021ൽ 259 ബില്യൺ ഡോളറായി വർധിച്ചു. അതേസമയം, അമേരിക്കയുമായുള്ള മിഡിൽ ഈസ്റ്റേൺ വ്യാപാരം 2019ൽ 120 ബില്യണിൽ നിന്ന് 2021ൽ 82 ബില്യൺ ഡോളറായി കുറഞ്ഞു. ഈജിപ്ത്, ഇറാൻ, ജോർദാൻ, കുവൈത്ത്, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ പ്രാദേശിക ശക്തികളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നിലയിൽ ശക്തമായ സ്ഥാനം ഉറപ്പിച്ച് മുന്നേറുകയാണ് ചൈന. ഉപരോധത്തിൽ തകർന്നടിഞ്ഞ ഇറാന് ചൈനയുടെ വ്യാപാര പങ്കാളിത്തം വലിയ ആശ്വാസമായിരുന്നു. ആണവ കരാറിന് പിറകേ ഉപരോധം നീങ്ങുന്ന സ്ഥിതി വന്നപ്പോൾ ഇറാനിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭൂതപൂർവമായ കുതിച്ചു ചാട്ടമുണ്ടായി. അന്ന് ഇത്തരം പ്രൊജക്ടുകളുടെ നടത്തിപ്പുകാരായി ചൈന മാറി. ഇപ്പോൾ ശിയാ രാഷ്ട്രം വീണ്ടും ഉപരോധത്തിലുഴലുമ്പോൾ എണ്ണ വാങ്ങാൻ ചൈനയും വെനിസ്വേലയുമൊക്കെ തന്നെയാണ് ഉള്ളത്. ഇറാനോട് കച്ചവടമുറപ്പിക്കാൻ വലതു കരം നീട്ടുമ്പോൾ ഇടതുകരം സഊദിക്ക് നൽകുന്നു ചൈന. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ സിംഹ ഭാഗവും സഊദിയിൽ നിന്നാണ്. ചൈനീസ് വ്യവസായ വികസനത്തിന്റെ ആക്‌സിലറേറ്റർ റിയാദിലാണെന്ന് ചുരുക്കം.

എല്ലാവർക്കും പ്രയോജനം

ഇറാൻ, സഊദി, ചൈന കൂട്ടുകെട്ടിന് പരസ്പര പ്രയോജനത്തിന്റെ തലമുണ്ട് എന്നതാണ് പ്രധാനം. അമേരിക്കൻ ഉപരോധത്തിൽ വലയുന്ന ഇറാന് ചൈന എല്ലാ അർഥത്തിലും ശക്തമായ കൂട്ടാണ്. ചൈനയെപ്പോലെ ഒരു വീറ്റോ രാജ്യം കൂടെയുള്ളപ്പോൾ അന്താരാഷ്ട്ര രംഗത്തെ ഒറ്റപ്പെടൽ മറികടക്കാൻ ടെഹ്‌റാന് സാധിക്കും. അറബ് മേഖലയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം എന്ന നിലയിൽ അവിടെ സമാധാനവും സ്ഥിരതയും ചൈനക്ക് പ്രധാനമാണ്. സഊദിക്കാണെങ്കിൽ യമനിലെ സംഘർഷാവസ്ഥ നീക്കേണ്ടത് അടിയന്തര അനിവാര്യതയാണ്. പരിഷ്‌കരണത്തിന്റെയും സ്വയംപര്യാപ്തതയുടെയും പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സഊദിക്ക് രാജ്യത്തിന്റെ മേഖലയിലെ കടുത്ത സുരക്ഷാ പ്രശ്‌നമാണ് യമൻ. ജി സി സി രാജ്യങ്ങളുടെ സഹകരണത്തോടെ സഊദി നടത്തിയ സംയുക്ത സൈനിക നീക്കം ഹൂതി തീവ്രവാദികളെ അമർച്ച ചെയ്യുന്നതിൽ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടില്ല. ഇറാനുമായുള്ള ബന്ധം ദൃഢമാക്കാനിറങ്ങുമ്പോൾ സഊദിയുടെ മുമ്പിലെ പ്രധാന ലക്ഷ്യം യമൻ തന്നെയാണ്. മാത്രവുമല്ല ഇറാനുമായുള്ള പരോക്ഷ യുദ്ധങ്ങൾ വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നതെന്നും സഊദി തിരിച്ചറിയുന്നു.

മധ്യപൂർവേഷ്യൻ രാജ്യങ്ങളും അറബ് രാജ്യങ്ങളും സഊദി- ഇറാൻ ബന്ധം പുനഃസ്ഥാപിച്ചതിനെ പൂർണമായും സ്വാഗതം ചെയ്യുന്നത് അവരെല്ലാം നേരിട്ടോ അല്ലാതെയോ ഈ മുന്നേറ്റത്തിന്റെ ഗുണഭോക്താക്കളാണെന്നത് കൊണ്ടാണ്. യു എ ഇ, ഒമാൻ, ഖത്വർ, ബഹ്‌റൈൻ, കുവൈത്ത്, ഇറാഖ്, ഈജിപ്ത്, തുർക്കി തുടങ്ങിയവരെല്ലാം സ്വാഗതം ചെയ്തു. മറിച്ചൊരു അഭിപ്രായപ്രകടനം നടത്തിയത് ഇസ്‌റാഈൽ മാത്രമാണെന്നോർക്കണം. ചിത്രം വ്യക്തമാണ്. സഊദി- ഇറാൻ സമാഗമത്തിന് മാധ്യസ്ഥ്യം വഹിച്ച ചൈന മേഖലയിലെ ഇസ്‌റാഈൽ ഒഴിച്ചുള്ളവർക്കിടയിൽ സ്വീകാര്യത നേടുകയാണ്. അമേരിക്ക പതുക്കെ ഔട്ടാകുന്നു. ഇസ്‌റാഈലിനെയും സഊദിയെയും കൂടെക്കൂട്ടി ഇറാനെതിരെ തിരിയാമെന്ന അമേരിക്കയുടെ കുടില പദ്ധതിയാണ് പൊളിയുന്നത്. യുക്രൈനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു എസിന് കിട്ടിയ പ്രഹരമാണ് ഇറാൻ- സഊദി കരാർ.

ഒരു രാജ്യത്തിന്റെയും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനില്ലെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പ്രഖ്യാപിക്കുമ്പോഴും നയതന്ത്ര ഇടപെടലിലൂടെ കൈവരുന്ന സ്വീകാര്യതയും സാമ്പത്തിക ശക്തിയും അവർ എന്തിന് ഉപയോഗിക്കുമെന്നത് പ്രധാനമാണ്. ഏഷ്യൻ അയൽക്കാരെ പേടിപ്പിച്ച് നിർത്താനാണെങ്കിൽ ചൈന മറ്റൊരു യു എസായി അധഃപതിക്കും. യമനിലെ ഹൂതികൾക്കും ഇറാഖിലെ ശിയ ഗ്രൂപ്പിനും ലെബനാനിലെ ഹിസ്ബുല്ലക്കും നൽകുന്ന പിന്തുണ കുറക്കാനെങ്കിലും ഇറാന് മേൽ സമ്മർദം ചെലുത്താൻ ചൈന തയ്യാറാകുമോ? നിഗൂഢ ബാന്ധവങ്ങൾ അവസാനിപ്പിച്ച് സുതാര്യമായ മിതത്വത്തിലേക്ക് ഇറാനെ കൊണ്ടുവരാൻ ചൈനക്ക് കഴിയുമോ? ഇറാന്റെ വിദേശ നയം തെല്ലും മാറുന്നില്ലെങ്കിൽ ചൈനയുടെ മധ്യസ്ഥതയിൽ പിറന്ന കരാർ ചാപിള്ളയാകും. 1979ലെ ശിയാ വിപ്ലവത്തിന് ശേഷം ഇറാൻ തുടരുന്ന അക്രമസക്ത നയം ഉപേക്ഷിക്കാതെ മേഖലയിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. സഊദി അറേബ്യയോടും മേഖലയിലെ മറ്റ് രാജ്യങ്ങളോടുമുള്ള ഇറാന്റെ ആത്മാർഥത തെളിയിക്കാനുള്ള അവസരമാണിത്. ആ നിലയിലേക്ക് ശിയാ നേതൃത്വത്തെ നയിക്കാൻ ചൈനക്ക് സാധിച്ചാൽ പിന്നെ മുൻപിൻ നോക്കേണ്ടതില്ല. ചൈനയെ പിടിച്ചാൽ കിട്ടില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest