Connect with us

Ongoing News

ഐ സി സി ടെസ്റ്റ് റാങ്കിംഗ്; ഓള്‍റൗണ്ടര്‍മാരില്‍ അശ്വിന്‍ രണ്ടാമത്, ബാറ്റിംഗില്‍ മായങ്ക് അഗര്‍വാളിന് 11ാം സ്ഥാനം

Published

|

Last Updated

മുംബൈ | ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ആര്‍ അശ്വിന്‍ രണ്ടാമതെത്തി. മുഹമ്മദ് സിറാജ്, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവരും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് റാങ്കിംഗ് മെച്ചപ്പെടുത്താന്‍ മൂവരെയും സഹായിച്ചത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്, ഇന്ത്യയുടെ തന്നെ രവീന്ദ്ര ജഡേജയെയും മറികടന്നാണ് അശ്വിന്റെ നേട്ടം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 14 വിക്കറ്റ് കൊയ്ത അശ്വിന്‍ 70 റണ്‍സും സ്വന്തമാക്കി. ഓള്‍റൗണ്ടര്‍മാരില്‍ വിന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറാണ് ഒന്നാമത്. ഹോള്‍ഡറിന്റെ റേറ്റിംഗ് 382 ആണ്. അശ്വിന്റെത് 360 ഉം. മൂന്നാമതുള്ള സ്റ്റോക്‌സിന്റെ റേറ്റിംഗ് 348 ആണ്. രവീന്ദ്ര ജഡേജ (346), ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ (327) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

ബൗളര്‍മാരുടെ റാങ്കിംഗിലും അശ്വിന്‍ രണ്ടാമതെത്തി. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ആണ് ഒന്നാമത്. കമ്മിന്‍സിന് 908, അശ്വിന് 883 എന്നിങ്ങനെയാണ് റേറ്റിംഗ്. ഓസീസ് താരം ജോഷ് ഹേസല്‍വുഡ് (816), ന്യൂസീലന്‍ഡ് താരം ടിം സൗത്തി (814), പാക്കിസ്ഥാന്റെ ഷഹീന്‍ അഫ്രീദി (810) എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. മുഹമ്മദ് സിറാജ് ആറ് സ്ഥാനങ്ങള്‍ കയറി 41 ാമതെത്തി. മുംബൈ ടെസ്റ്റില്‍ അര്‍ധ ശതകവും ശതകവും അടിച്ചെടുത്ത മായങ്ക് അഗര്‍വാള്‍ ബാറ്റിംഗില്‍ 11 ാമതെത്തി. 30 സ്ഥാനങ്ങളാണ് മായങ്ക് മെച്ചപ്പെടുത്തിയത്.