Connect with us

Educational News

കെമിസ്റ്റാകാം

ഭക്ഷണം, ഗൃഹ നിർമാണം, പെട്രോളിയം, ഗതാഗതം തുടങ്ങിയവയുൾപ്പെടുന്ന എല്ലാ വ്യവസായങ്ങൾക്കും രസതന്ത്രം ആവശ്യമാണ്.

Published

|

Last Updated

സതന്ത്രം നമുക്ക് ചുറ്റും വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു വരെ, ശരത്കാലത്ത് ഇലകൾ നിറം മാറുന്നത് മുതൽ സോപ്പിലെ ഘടനകൾ എങ്ങനെ വൃത്തിയാക്കുന്നതിനെ സഹായിക്കുന്നു എന്നതു വരെയുള്ള എല്ലാ മേഖലകളിലും രസതന്ത്രമുണ്ട്. സങ്കീർണമായ രാസപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും അവയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നതിനും രസതന്ത്രം അത്യാവശ്യമാണ്. ഭക്ഷണം, ഗൃഹ നിർമാണം, പെട്രോളിയം, ഗതാഗതം തുടങ്ങിയവയുൾപ്പെടുന്ന എല്ലാ വ്യവസായങ്ങൾക്കും രസതന്ത്രം ആവശ്യമാണ്. അതുപോലെ ആരോഗ്യ മേഖല, കാർഷികരംഗം എന്നിവിടങ്ങളിലും കെമിസ്ട്രിയുടെ പ്രാധാന്യം വലുതാണ്. അതുകൊണ്ടു കെമിസ്ട്രി ഐച്ഛികവിഷയമായി പഠിക്കാനുള്ള താത്പര്യവും ഇപ്പോൾ വർധിച്ചു വരുന്നു.

കെമിസ്ട്രിയുടെ വിവിധ മേഖലകൾ

അനലിറ്റിക്കൽ കെമിസ്ട്രി

ദ്രവ്യത്തിന്റെ തിരിച്ചറിയൽ, വേർതിരിക്കൽ, അളവ് നിർണയം, എന്നിവയുടെ സംയോജനമാണ് അനലിറ്റിക്കൽ കെമിസ്ട്രി. ഇത് രസതന്ത്രത്തിന്റെ മിക്ക മേഖലകളിലെയും വിവിധ വ്യവസായങ്ങളിലെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നു.

ബയോ കെമിസ്ട്രി

ജീവജാലങ്ങൾക്കുള്ളിലെയും അവയുമായി ബന്ധപ്പെട്ടതുമായ രാസപ്രക്രിയയെ കുറിച്ചുള്ള പഠനമാണിത്. ജെനറ്റിക്‌സ്, മൈക്രോബയോളജി, ഫോറൻസിക് എന്നിങ്ങനെയുള്ള ശാസ്ത്ര വിഷയങ്ങളും ബയോകെമിസ്ട്രിയിൽ ഉൾപ്പെടുന്നു.

ഫിസിക്കൽ കെമിസ്ട്രി

രസതന്ത്രത്തിന്റെയും ഭൗതികശാസ്തത്തിന്റെയും സംയോജിത പഠനമാണിത്. രാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിനും തന്മാത്രകളുടെ ഭൗതിക സവിശേഷതകളുടെ വിശകലനത്തിനും ഈ പഠന മേഖല സഹായിക്കുന്നു.

ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി

മെഡിസിനൽ കെമിസ്ട്രിയെന്നും ഈ മേഖല അറിയപ്പെടുന്നു. മരുന്നുകൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ആശയവുമായി ബന്ധപ്പെട്ടതാണ് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി. പുതിയ മരുന്നുകൾ കണ്ടെത്തുന്നതിനോ ഇതിനകമുള്ള മരുന്നു ചേരുവകൾ രൂപാന്തരപ്പെടുത്തുന്നതിനോ സഹായിക്കുന്നു. മോളിക്യൂലാർ ബയോളജി, സ്ട്രക്ചറൽ ബയോളജി, ഫാർമക്കോളജി, ഫിസിക്കൽ കെമിസ്ട്രി, ബയോകെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ ടെക്‌നോളജി, ടോക്‌സിക്കോളജി എന്നീ മേഖലകൾ ഇവിടെ ഒത്തുചേരുന്നു.

അസ്‌ട്രോ കെമിസ്ട്രി

നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, വാൽ നക്ഷത്രങ്ങൾ, നക്ഷത്രാന്തര ഗോളങ്ങൾ എന്നിവയുടെ രാസഘടനകൾ മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള പഠനമാണിത്. പരിസ്ഥിതിയിലും ബഹിരാകാശത്തും തന്മാത്ര നില വിശകലനം ചെയ്യുന്നതാണ് അസ്‌ട്രോ കെമിസ്ട്രി.

ജിയോ കെമിസ്ട്രി

ഭൂമിശാസ്ത്ര പ്രതിഭാസങ്ങളെ വിശദീകരിക്കാൻ രസതന്ത്രം ഉപയോഗപ്പെടുത്താറുണ്ട്. അതാണ് ജിയോ കെമിസ്ട്രി. ഇത് പ്രധാനമായും ഭൂമിയുടെ പുറംതോടും അതിലെ സമുദ്രങ്ങളുമാണ് നോക്കുന്നത്. എന്നിരുന്നാലും സൗരയുഥത്തിലെ മറ്റ് പ്രകൃതിദത്ത ഘടനകളും വിഷയത്തിൽ ഉൾപ്പെടും.

ഇൻഡസ്ട്രിയൽ കെമിസ്ട്രി

വ്യവസായങ്ങളുടെ വിവിധ ഘടകങ്ങളിൽ രസതന്ത്രത്തിന്റെ ചേരുവകൾ ചേർത്ത് ഉത്പന്നങ്ങളുടെ ഗുണനിലവാരവും പ്രായോഗികതയും വർധിപ്പിക്കാൻ സഹായിക്കുന്ന വിഷയമാണിത്.

ടെക്‌സ്റ്റൈൽ കെമിസ്ട്രി

തുണി നിർമാണത്തിൽ അതിന്റെ നിറം, ചേരുവ, ആകർഷകത തുടങ്ങിയ ഘടകങ്ങൾ ഈ വിഷയത്തിലൂടെ നിർണയിക്കുന്നു. അതുകൊണ്ടു തന്നെ തുണി വ്യവസായത്തിൽ ഇതിന്റെ പ്രാധാന്യവും വലുതാണ്.

പോളിമർ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ഹൈഡ്രോ കെമിസ്ട്രി, ഫോറൻസിക് കെമിസ്ട്രി, മറൈൻ കെമിസ്ട്രി, കമ്പ്യൂട്ടേഷനൽ കെമിസ്ട്രി, എൻവയോൺമെന്റൽ കെമിസ്ട്രി തുടങ്ങിയവയും ഈ പഠന ശാഖയുടെ വിഷയ മേഖലകളാണ്.

കോഴ്‌സുകൾ, സ്ഥാപനങ്ങൾ

ബിരുദ ബിരുദാനന്തര തലത്തിൽ കെമിസ്ട്രി വിഷയം പഠിക്കാനുള്ള സ്ഥാപനങ്ങൾ നിരവധിയുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിലും കെമിസ്ട്രി മുഖ്യവിഷയമായി എടുത്ത് ബി എസ്‌സിക്കും എം എസ്‌സിക്കും ചേരാൻ അവസരമുണ്ട്. ചിലയിടത്തെല്ലാം മുകളിൽ പറഞ്ഞ സ്‌പെഷ്യലിസ്റ്റ് വിഷയങ്ങളും തിരഞ്ഞെടുക്കാം. അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും സർവകലാശാലാ പഠന വകുപ്പുകളിലും പിഎച്ച് ഡി പ്രോഗ്രാമിനും ചേരാം. കൂടാതെ പഠന വകുപ്പുകളിൽ പി ജി കോഴ്‌സുകൾ വേറെയുമുണ്ട്. ഇന്ത്യയിലെ മുൻനിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടികൾ, എൻ ഐ ടികൾ, ഐസറുകൾ എന്നിവിടങ്ങളിൽ കെമിസ്ട്രി വിഷയത്തിൽ വ്യത്യസ്ത കോഴ്‌സുകൾ പഠിക്കാം.

ഐ ഐ ടികളിൽ എം എസ്‌സിയും ഇന്റഗ്രേറ്റഡ് പിഎച്ച് ഡിയും എൻ ഐ ടികളിലും ഐസറുകകളിലും എം എസ്‌സി പ്രോഗ്രാമുകളുമാണുള്ളത്. സംസ്ഥാന സർവകലാശാലകളിലെ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലും അതത് സർവകലാശാലകളുടെ ഏക ജാലക സംവിധാനത്തിലൂടെയാണ് വിദ്യാർഥിപ്രവേശനം. കേന്ദ്ര സർവകലാശാലകൾക്ക് അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സി യു ഇ ടി) ആണ് ബാധകം. ഐ ഐ ടി/ എൻ ഐ ടി/ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു എന്നിവിടങ്ങളിൽ ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം)വഴി കോഴ്‌സുകളിൽ ചേരാം.

വേറെയും കോഴ്‌സുകൾ

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി കൊച്ചി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, റീജ്യനൽ ക്യാൻസർ സെന്റർ തിരുവനന്തപുരം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി മുംബൈ, ഹോമി ഭാവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് മുംബൈ, മണിപ്പാൽ യൂനിവേഴ്‌സിറ്റി, യേനപ്പോയ യൂനിവേഴ്‌സിറ്റി മംഗളൂരു, ക്രിസ്ത്യൻ മെഡിക്കൽ കോളജ് വെല്ലൂർ തുടങ്ങിയ സ്ഥാപനങ്ങളിൽ കെമിസ്ട്രി ബിരുദക്കാർക്ക് ചേരാൻ ഉതകുന്ന നിരവധി പഠന പ്രോഗ്രാമുകളുണ്ട്. ഇവയിൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകളും ഉൾപ്പെടും.

തൊഴിലവസരങ്ങൾ നിരവധി

കെമിസ്ട്രി വിഷയങ്ങളിൽ ഉന്നത പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് വ്യത്യസ്ത മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള കലാലയങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ അധ്യാപകർ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങളിൽ സയന്റിസ്റ്റ് തുടങ്ങിയ പദവികളിൽ പ്രവേശിക്കാം. വസ്ത്ര നിർമാണം, ടെക്‌സ്റ്റൈൽ ഡൈ, ഫാർമസ്യൂട്ടിക്കൽസ്, പെർഫ്യൂം, കോസ്‌മെറ്റിക്‌സ്, പ്ലാസ്റ്റിക്, സെറാമിക്, സിമന്റ്, പെയിന്റ് തുടങ്ങിയ വൈവിധ്യമാർന്ന മേഖല കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെ കാത്തു നിൽക്കുന്നു. ഡേറ്റ അനലിസ്റ്റ്, ഫോറൻസിക് സയന്റിസ്റ്റ്, ക്ലിനിക്കൽ സയന്റിസ്റ്റ്, ഫാർമക്കോളജിസ്റ്റ്, ടോക്‌സിക്കോളജിസ്റ്റ്, ബയോകെമിസ്റ്റ്, ലാബ് കെമിസ്റ്റ് എന്നീ തൊഴിലുകളിലും പ്രവേശിക്കാം.

ഫോറൻസിക് സയൻസ് ലബോറട്ടറി, കെമിക്കൽ എക്‌സാമിനർ ലബോറട്ടറി തുടങ്ങിയവയിൽ സയന്റിഫിക് ഓഫീസർ, ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ ഫുഡ് സേഫ്റ്റി ഓഫീസർ തുടങ്ങിയ ജോലികളും കെമിസ്ട്രിയിൽ ഉപരിപഠനം നടത്തിയിട്ടുള്ളവർക്ക് വേണ്ടിയുള്ളതാണ്.

 

---- facebook comment plugin here -----