Connect with us

Prathivaram

ഞാൻ അപ്ഡേറ്റാണ്

സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം നേടിയ പി വത്സല പ്രതിവാരത്തോട് എഴുത്തു ജീവിതം പങ്ക് വെക്കുന്നു.

Published

|

Last Updated

? 1993ൽ ശൂരനാട് കുഞ്ഞൻപിള്ളയിൽ തുടങ്ങിയതാണ് എഴുത്തച്ഛൻ പുരസ്കാരം. തകഴി, ബാലാമണിയമ്മ, മുകുന്ദൻ, ആനന്ദ്, സക്കറിയ തുടങ്ങി ഇപ്പോഴിത് ടീച്ചറിൽ എത്തി നിൽക്കുകയാണല്ലോ. ഭാഷാ പിതാവിന്റെ പേരിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ പുരസ്കാരത്തെ ടീച്ചർ എങ്ങനെയാണ് നോക്കിക്കാണുന്നത്?

= എഴുത്തുകാരിയെന്ന നിലയിൽ വളരേ വലിയ സന്തോഷവും അഭിമാനവുമാണുള്ളത്. പുരസ്കാര ലബ്ധിയിൽ തീർത്തും സംതൃപ്തയാണ്. കാരണം, മഹാരഥൻമാരായ എത്രയോ എഴുത്തുകാർക്കു കിട്ടിയ പുരസ്കാരമാണല്ലോ എനിക്കും കിട്ടിയിട്ടുള്ളത് – ഇതു നൽകാൻ വലിയ മനസ്സ് കാണിച്ച പുരസ്കാര കമ്മിറ്റിയോട് ഞാൻ നന്ദി പറയുന്നു. കേരളത്തിലെ എഴുത്തുകാർക്കിടയിൽ അത്രയൊന്നും പ്രശസ്തിയില്ലാത്ത വ്യക്തിയായിട്ടാണ് ഞാനെന്നെ കാണുന്നത്. പഴയ ക്ലാസിക്കുകളൊന്നും വശമില്ലാത്ത ഞാനെങ്ങനെ എഴുത്തുകാരിയായി എന്നോർക്കുമ്പോൾ വലിയ അത്‌ഭുതവും തോന്നുന്നുണ്ട്.

? അവാർഡുകൾ സാഹിത്യത്തിന്റെ വളർച്ചക്ക് എത്രമാത്രം ഗുണകരമാകുമെന്നാണ് ടീച്ചർ വിചാരിക്കുന്നത്? എല്ലാ അവാർഡുകളും സത്യസന്ധം എന്നു പറയാമോ? കള്ളനാണയങ്ങളുമില്ലേ?

= കള്ളനാണയങ്ങളെമ്പാടുമുണ്ട്. ഞാനെന്റെ കാര്യം പറയാം. അവാർഡിനു വേണ്ടി ഇന്നേവരെ ഞാനൊരു ശ്രമവും നടത്തിയിട്ടില്ല. ഇതെനിക്ക് അഭിമാനത്തോടെ പറയാനാകും. ഞാനൊരിക്കലും അവാർഡുകൾക്കു പുറകേ പോയിട്ടില്ല. എല്ലാവരും എഴുതുന്ന പോലെ എഴുതി പുസ്തകമാക്കുക മാത്രമാണ് ചെയ്യുന്നത്. അവാർഡുകൾ ഉണ്ടാക്കുന്നതിനു പിന്നിൽ കളികൾ ഒരുപാടുണ്ട്. എനിക്കങ്ങനെ കളിക്കാനറിയില്ല എന്നതാണു സത്യം.

? കുട്ടിക്കാലത്തെ വായന എങ്ങനെയായിരുന്നു? പുസ്തകങ്ങൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നോ?

= ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു തന്നെ വായനയുണ്ടായിരുന്നു. തുടർന്ന് ജീവിതത്തിന്റെ വലിയൊരു ഭാഗവും വായനക്കായാണ് മാറ്റിവെച്ചത്. വീട് നിറയെ പുസ്തകങ്ങളായിരുന്നു. അമ്മ മികച്ച വായനക്കാരിയായിരുന്നു. അങ്ങനെയാണ് ഞാനും ഒന്നാന്തരം വായനക്കാരിയാകുന്നത്. എട്ടാം തരം വരെ അമ്മ നന്നായി പഠിച്ചിരുന്നെങ്കിലും ഉദ്യോഗത്തിനൊന്നും ശ്രമിച്ചില്ല. എപ്പോഴും വായനയായിരുന്നു. അച്ഛനും വീട്ടിലൊരമ്മാവനും നല്ല വായനക്കാരായിരുന്നു. അങ്ങനെ ഞങ്ങൾ ആറ് മക്കളടക്കം വീടാകെ പുസ്തകം മടിയിൽ വെച്ച് സ്വപ്നം കാണുന്ന വായനക്കാരുടെ വലിയൊരു സമൂഹമായിരുന്നു ഞങ്ങളുടെ കുടുംബം.
അക്കാലത്ത് ഞങ്ങൾ കുട്ടികൾക്ക് ജന്മദിന സമ്മാനങ്ങളായി പുസ്തകങ്ങൾ കിട്ടും. ക്ലാസിക് , ഇംഗ്ലീഷ് പുസ്തകങ്ങളൊക്കെ അച്ഛൻ പരിഭാഷപ്പെടുത്തി തരാറുണ്ട്.

? കൈയെഴുത്തു മാസികകളുമായി ബന്ധമുണ്ടായിരുന്നോ?

= അതെ. കൈയെഴുത്തു മാസികകളുടെ കൊയ്ത്തു കാലമായിരുന്നു അതെന്നു പറയാം. ഞാൻ ഒരു കൈയെഴുത്ത് മാസികയുടെ എഡിറ്റർ കൂടിയായിരുന്നു. മലാപറമ്പിലെ ഒരു വായനശാല കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സഹൃദയ കലാസമിതി പുറത്തിറക്കിയിരുന്ന മാസികയിൽ ഞാനന്ന് ഇഷ്ടം പോലെ കഥകൾ എഴുതിയിരുന്നു. എന്റെ എഴുത്തിന്റെ തുടക്കവും വളർച്ചയും കൈയെഴുത്തു മാസികകളിലൂടെയാണ്.

? ആദ്യ കഥയെ കുറിച്ചും എഴുത്തിനെ പ്രോത്സാഹിപ്പിച്ച ഒരാളെ കുറിച്ചും പറയാനുണ്ടാവുമല്ലോ.?

= എന്റെ എല്ലാ കഥകളും അനുഭവത്തിൽ നിന്നു മാത്രം മുളച്ചുവന്നതാണ്. കൂട്ടുകൃഷിയാണ് ഞാനാദ്യമെഴുതിയ കഥ. അന്ന് എട്ടിൽ പഠിക്കുകയാണ്. നല്ല ഒരു മലയാളം ടീച്ചറും എനിക്കുണ്ടായിരുന്നു. അവർ ഞങ്ങളുടെ പ്രിൻസിപ്പൽ കൂടിയായിരുന്നു. അവർ എന്റെ കഥകൾ വായിച്ച് വേണ്ട നിർദേശങ്ങൾ തരുമായിരുന്നു. എൻ വി കൃഷ്ണവാരിയരുടെ പ്രോത്സാഹനം എന്റെ എഴുത്തിന് വലിയ തണലും പ്രചോദനവും ആയിട്ടുണ്ട്. ഒരു രസം പറയാം. കഥകൾ എഴുതുന്നതിനു മുമ്പേ ഞാൻ നിരൂപണങ്ങളാണ് എഴുതിയിരുന്നത്. വേണ്ട നിർദേശങ്ങളൊക്കെ തന്നിട്ട് എൻ വി ഓരോ കെട്ട് പുസ്തകങ്ങൾ തപാലിൽ അയച്ചു തരും. അതു വായിച്ച് പുസ്തകത്തിന്റെ സൈസ് അനുസരിച്ച് ഗ്രേഡ് ചെയ്ത് ലേഖനങ്ങൾ അയച്ചു കൊടുക്കും.
ഞാനന്ന് സ്കൂളിൽ സ്ഥിരമായി കോമ്പോസിഷൻ എഴുതാറുണ്ടായിരുന്നു. അങ്ങനെയാണ് ലേഖനങ്ങളെഴുതാനുള്ള ഗദ്യം എനിക്കു വഴങ്ങുന്നത്. അച്ഛനുമമ്മയും അമ്മാവനും പിന്തുണയുമായി കൂടെ നിന്നു. നിരൂപണമെഴുത്ത് അധികകാലം തുടർന്നില്ല. ഞാനതുപേക്ഷിച്ച് കഥയിൽ മാത്രം ശ്രദ്ധിച്ചു.

? കഥകളെഴുതി പരാജയപ്പെട്ടവരാണ് നിരൂപകരെന്ന് പൊതുവെ പറയാറുണ്ട്. ടീച്ചർ നിരൂപണമെഴുതി പരാജയപ്പെട്ട കഥാകാരിയാണോ?

= അങ്ങനെയല്ല. ഞാൻ നിരൂപണമെഴുതി പരാജയപ്പെട്ടതല്ല. എന്റെ തട്ടകം കഥയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ് അതിൽ മാത്രം കോൺസൻട്രേറ്റ് ചെയ്യുകയായിരുന്നു.

? നെല്ലിലും കൂമൻ കൊല്ലിയിലും ആഗ്‌നേയത്തിലും ആദിവാസി ജീവിതമാണല്ലോ പ്രമേയം. അധികാരവും സമ്പത്തുമുള്ള ആധുനിക സമൂഹം ഈയൊരു വിഭാഗത്തെ ഇപ്പോഴും പീഡിപ്പിക്കുന്നു എന്നു പറഞ്ഞാൽ?

= വളരെ ശരിയാണ്. ആദിവാസി ജനവിഭാഗങ്ങൾക്ക് ഈ ആധുനിക യുഗത്തിലും ഇവിടെ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഞാനവരെ കുറിച്ച് ആലോചിക്കാറുണ്ട്. അവിടെ പോവാറുണ്ട്. തിരുനെല്ലിയിൽ ഞങ്ങൾക്ക് വീടുണ്ട്. ആദിവാസികളെ കുറിച്ചോർക്കുമ്പോഴുള്ള ഒരു വേദന, വട്ടിയൂർകാവ് ഉത്സവവുമായി ബന്ധപ്പെട്ടുള്ളതാണ്. അവരുടെ പ്രധാനപ്പെട്ട ഉത്സവമാണത്. ഒരു വർഷം അവർ അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവനും ഉത്സവപ്പറമ്പിൽ കണ്ണിൽ കണ്ടതെല്ലാം വാങ്ങി അവർ ധൂർത്തടിക്കും. അവസാനം ഉത്സവപ്പറമ്പിൽ നിസ്സഹായരായിപ്പോവുമ്പോൾ അടിമപ്പണിക്കായി ജന്മികൾ ഇവരെ കണ്ടെത്തുകയാണ്.
അടുത്ത വർഷം നെല്ലിന് 50 വയസ്സ് തികയുകയാണ്. എന്നാൽ അന്നത്തെ സാഹചര്യത്തിൽ നിന്നും ആദിവാസി വിഭാഗത്തിന് മോചനം ലഭിച്ചില്ല എന്നത് വേദനയാണ്.

? പുതിയ തലമുറയെ ടീച്ചർ വായിക്കുന്നുണ്ടോ? കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് പുതിയ എഴുത്തുകാർക്ക് ജീവിതാനുഭവങ്ങൾ കുറവാണെന്നു പറയാമോ? ന്യൂ ജനറേഷൻ എഴുത്തിനെ എങ്ങനെ കാണുന്നു?

= അവർ കാര്യമായി തീം തിരഞ്ഞെടുക്കുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. ഞാൻ അപ്ഡേറ്റാണ്. എല്ലാ എഴുത്തുകാരേയും വായിക്കുന്നുണ്ട്. എഴുത്തിൽ താത്പര്യമുള്ള കുട്ടികളോട് പറയാനുള്ളത്. എഴുത്ത് ഒരിക്കലും ഒരു പാർട്‌ടൈം ജോബായി കാണരുത്. ഞാൻ കണ്ടുമുട്ടിയ പോലുള്ള ജനങ്ങളെ കണ്ടുമുട്ടുന്ന സാഹചര്യം പുതിയ എഴുത്തുകാർക്ക് കുറവാണ്. ഇത് കാലത്തിന്റെ മാറ്റമാണ്. അവർക്കു മുന്നിൽ ഇന്റർനെറ്റും സിനിമയുമായി കാഴ്ചയുടെ വലിയൊരു ലോകമുണ്ട്. അതവർക്ക് ഒരുപാടു തീമുകളും എക്സ്പ്ലോഷറും കൊടുക്കുന്നുണ്ട്. കാഴ്ചാനുഭവങ്ങൾക്കപ്പുറം അവർക്ക് ജീവിതാനുഭവങ്ങൾ ഉണ്ടാവട്ടെ എന്നാണ് പറയുന്നത്.

Latest