Connect with us

From the print

ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസ്സില്‍

വികസനത്തിന് രാഷ്ട്രീയമില്ലെന്ന്. പ്രാദേശിക ലീഗ്-കോണ്‍ഗ്രസ്സ് നേതാക്കളും.

Published

|

Last Updated

തിരൂര്‍ | നാടിന്റെ വികസനം ചര്‍ച്ച ചെയ്യുന്ന നവകേരള സദസ്സ് പോലെയുള്ള പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിനെത്തി. കെ- റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായാണ് പൂക്കയില്‍ സ്വദേശി കൂടിയായ ഹസീബ് സഖാഫ് തങ്ങള്‍ നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിരൂരില്‍ നടന്ന മലപ്പുറം ജില്ലയിലെ ആദ്യ പ്രഭാത സദസ്സില്‍ എത്തിയത്.

രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ ബഹിഷ്‌കരിക്കുന്നതില്‍ അര്‍ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. 2017ല്‍ പ്രകടനപത്രികയില്‍ പറഞ്ഞ തെക്കുവടക്ക് അതിവേഗ പാതയെക്കുറിച്ച് അറിയാനാണ് പരിപാടിയിലെത്തിയത്. മുഖ്യമന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് തടസ്സം എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ തടസ്സം കാരണം ഇത്തരത്തിലൊരു മികച്ച പദ്ധതി നടപ്പാക്കാതിരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. തിരൂരിന് പ്രത്യേകിച്ചും ഏറെ ഗുണകരമാകുന്ന കെ-റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് കരുതുന്നതായും ഹസീബ് തങ്ങള്‍ പറഞ്ഞു.

താനാളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ലീഗ് നേതാവ് ഇബ്റാഹീമും പരിപാടിക്കെത്തി. മുന്‍ ഡി സി സി അംഗമായ എ പി മൊയ്തീനും യു ഡി എഫ് നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി ചടങ്ങില്‍ പങ്കെടുത്തു.

മൊയ്തീനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡി സി സി അറിയിച്ചു.