Kerala
പത്തനംതിട്ട പുല്ലാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി
പുല്ലാട് സ്വദേശി ശ്യാമ (35)യാണ് മരിച്ചത്. പ്രതി അജിക്കായി തിരച്ചില്‍ നടന്നുവരികയാണ്.

പത്തനംതിട്ട | ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പുല്ലാട്-കാഞ്ഞിരപ്പാറ ആഞ്ഞാനിക്കല്‍ സ്വദേശി ശ്യാമ എന്ന ശാരിമോള്‍ (35)ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാമയുടെ പിതാവ് ശശി, പിതൃ സഹോദരി രാധാമണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശാരിയെ കുത്തിയപ്പോള്‍ പിടിച്ചുമാറ്റുന്നതിനിടയിലാണ് ഇരുവര്‍ക്കും കുത്തേറ്റത്. സംഭവം നടന്ന വീടിന്റെ എതിര്‍വശത്താണ് രാധാമണി താമസിക്കുന്നത്.
കൃത്യത്തിനു ശേഷം ഒളിവില്‍ പോയ പ്രതി കവിയൂര്‍ സ്വദേശി അജി (38)ക്കായുള്ള തിരച്ചില്‍ നടത്തിവരികയാണ് കോയിപ്രം പോലീസ്. ശ്യാമയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുമ്പനാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
കുടുംബ കലഹമാണ് ആക്രമണ കാരണമെന്നാണ് പ്രാഥമിക നിഗമനം.മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ശാരിയെ മര്‍ദിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കോയിപ്രം പോലീസ് സ്‌റ്റേഷനിലുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ ജോണ്‍സണ്‍ തോമസ് പറഞ്ഞു.
ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണ് മരിച്ച ശ്യാമ. വെല്‍ഡറാണ് അജി. ആറാം ക്ലാസ് വിദ്യാര്‍ഥിനി ആവണി, മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി വേണി, എല്‍ കെ ജി വിദ്യാര്‍ഥിനി ശ്രാവണി എന്നിവരാണ് ഇവരുടെ മക്കള്‍.