Ongoing News
ഹമ്പോ! എന്തൊരു പതനം; ജഡേജക്കും അശ്വിനും മുമ്പില്‍ വീണ്ടും ഇടറിവീണ് ഓസീസ്
ജഡേജക്ക് ഏഴും അശ്വിന് മൂന്നും വിക്കറ്റ് ലഭിച്ചു.

ന്യൂഡല്‍ഹി | ഇന്ത്യയുടെ സ്പിന്‍ മാന്ത്രികതക്കു മുമ്പില്‍ വീണ്ടും അടിതെറ്റി ആസ്‌ത്രേലിയ. രണ്ടാമിന്നിങ്‌സില്‍ 52 റണ്‍സെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റ് വീണ് തോല്‍വിയെ കാത്തിരിക്കുകയാണ് ഓസീസ്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ചേര്‍ന്നാണ് ആസ്‌ത്രേലിയയെ കറക്കിവീഴ്ത്തിയത്. ജഡേജക്ക് ഏഴും അശ്വിന് മൂന്നും വിക്കറ്റ് ലഭിച്ചു.
ഇന്നലെ മികച്ച നിലയിലായിരുന്ന ആസ്ത്രേലിയ ഇന്ന് തകര്‍ന്ന് തരിപ്പണമാകുന്ന കാഴ്ചക്കാണ് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 113 റണ്‍സിന് ടീം കൂടാരം കയറി.
ഇന്നലെ രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗ് നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് 61 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. 115 റണ്‍സിന്റെ ലക്ഷ്യം മാത്രമാണ് ആതിഥേയര്‍ക്ക് ഇന്ത്യക്കു മുമ്പില്‍ വെക്കാനായത്.
രണ്ടാം ഇന്നിംഗ്സോടെ 115 റണ്‍സ് ലീഡാണ് ടീമിനുള്ളത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് കെ. എല്‍ രാഹുലിന്റെയും നായകന്‍ രോഹിത് ശര്‍മയുടെയും വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 56/2 എന്ന നിലയിലാണ് ഇന്ത്യ.
മൂന്നു പന്ത് നേരിട്ട രാഹുല്‍ ഒരു റണ്‍ മാത്രം നേടിയാണ് ഔട്ടായത്. രാഹുലിനെ നഥാന്‍ ലിയോണിന്റെ പന്തില്‍ അലക്സ് കാരിക്ക് പിടികൂടുകയായിരുന്നു. 31 റണ്‍സെടുത്ത രോഹിതിനെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് റണ്ണൗട്ടാക്കി.