Kerala
ഹിറ്റാച്ചിക്ക് മുകളില്‍ കൂറ്റന്‍ പാറകള്‍ വീണു; തൊഴിലാളികൾ മൂന്ന് മണിക്കൂറിലേറെ പാറകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു
രക്ഷാദൗത്യം വിഫലം, കുടുങ്ങിയത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ

കോന്നി | പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണ് ജീവനക്കാര്‍ അപകടത്തില്‍പ്പെട്ടു. കൂറ്റന്‍ പാറകള്‍ക്കടിയില്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും വിഫലമായി. വിവരമറിഞ്ഞ് പോലീസും ഫയര്‍ ഫോഴ്സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാന്‍ സാധിച്ചിട്ടില്ല. തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ പാറകള്‍ വീഴുന്നതും കൂറ്റന്‍ പാറകള്‍ മാറ്റാന്‍ സാധിക്കാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രക്ഷാപ്രവര്‍ത്തകരും അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അപകട സ്ഥലത്തേക്ക് നേരിട്ട് എത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. രക്ഷാദൗത്യം തുടരുന്നത് സംബന്ധിച്ച് ആശങ്ക തുടരുകയാണ്.
പണി നടക്കുന്നതിനിടെ ഉച്ചക്ക് മൂന്നോടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഒഡിഷ, ബിഹാർ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍പ്പെട്ടത്. പാറമടയിലെ ക്രഷറിന്റെ ലൈസന്‍സ് ഇക്കഴിഞ്ഞ ജൂണ്‍ 30ന് അവസാനിച്ചതാണ്. പാറമടക്കെതിരെ പഞ്ചായത്ത് മുന്‍ അംഗം ബിജി കെ വര്‍ഗീസ് കോന്നി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. 120 ഏക്കര്‍ ഭൂമിയിലാണ് പാറമട പ്രവര്‍ത്തിക്കുന്നത്.