തെളിയോളം
മലകേറിപ്പോകുന്നുണ്ടോ മനസ്സമാധാനം
"സമാധാനം എന്നത് കുഴപ്പങ്ങൾ ഇല്ലാതിരിക്കലല്ല, മറിച്ച് നമുക്കുള്ളിലെ തെളിമയെ സ്ഥിരതയോടെ പുലർത്താനുള്ള കഴിവാണ്.' ഏത് സന്ദർഭത്തെയും "ഇത് തത്്കാലമാണ്' എന്ന മാനസികാവസ്ഥയിൽ സമീപിക്കുമ്പോൾ അസ്വസ്ഥത നമ്മെ അലട്ടുകയില്ല.
അവധിക്കാലം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ ബെസ്റ്റായിരിക്കും എന്ന് നിങ്ങൾ കൊതിച്ചേക്കാം. മനസ്സംതൃപ്തിയിലാണ് നിങ്ങൾ ഊന്നൽ നൽകുന്നതെങ്കിൽ ആ ചിന്ത വെറുതെയാണ്. ജോലി മാത്രം ആയിരുന്നാൽ നിങ്ങൾക്ക് എത്ര സമാധാനനഷ്‌ടം ഉണ്ടോ, അതേ പ്രശ്‌നങ്ങൾ അവധി മാത്രമായിരുന്നാലും ഉണ്ടാകും. ജീവിതത്തിന് സ്വസ്ഥത ഉണ്ടാകാൻ വേണ്ടി പരിധിയില്ലാതെ പലതും ആഗ്രഹിക്കുന്നവർ യഥാർഥത്തിൽ സമാധാനത്തിന്റെ ഉറവിടത്തെക്കുറിച്ച് അറിവില്ലാത്തവരാണ്. ഇന്ന കാര്യത്തിലാണ് സമാധാനം കുടിയിരിക്കുന്നത് എന്ന് വിശ്വസിച്ച് ആ കാര്യം ജീവിതത്തിൽ ഉടനീളം ഉണ്ടാകാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും. “ഒക്കെ ഇട്ടെറിഞ്ഞ് വല്ല മലയിലും പോയിരുന്നാൽ ഇത്തിരി മനസ്സമാധാനം കിട്ടും’ എന്ന് “തത്്കാലം’ പറയാനേ പറ്റൂ.
നിശബ്ദമായ ഒരു ലക്ഷ്വറി റിസോർട്ടിൽ മന്ദഗതിയിലുള്ള സംഗീതവും വിലകൂടിയ കോഫിയും കൂളായ അന്തരീക്ഷവും ആസ്വദിച്ച് നിങ്ങൾക്ക് എത്രകാലം കഴിയാനാകും!. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ആദ്യ ദിവസം നിങ്ങൾക്ക് സ്വർഗത്തിലെത്തിയ പ്രതീതി ഉണ്ടാക്കിയേക്കാം. എന്നാൽ നാലാം ദിവസമാകുമ്പോഴേക്കും, നാട്ടിലെ മക്കാനിയിലെ പുട്ടും ചായയും എന്ത് രുചിയായിരുന്നു, ഈ റൂം ഫ്രഷ്നറിന് മടുപ്പിക്കുന്ന ഗന്ധമാണ്, വീട്ടിലെ അടുക്കള മണം മിസ് ചെയ്യുന്നു എന്നൊക്കെയായിരിക്കും നിങ്ങളുടെ ഉൾവിചാരങ്ങൾ.
“നിങ്ങൾ എവിടെ പോയാലും നിങ്ങളെത്തന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകുന്നു’ എന്ന ഒരു ചൊല്ലുണ്ട്. സ്വന്തം മുറിയിൽ സമാധാനമായി ഇരിക്കാൻ അറിയാത്ത ഒരാൾ പറുദീസയിൽ പോയാലും അസ്വസ്ഥനാകും. ഏത് കാര്യവും തുടക്കത്തിൽ വിസ്മയകരവും ആസ്വാദ്യകരവും ആയി തോന്നുമെങ്കിലും പതിയെ വിരസതയും മരവിപ്പും അരിച്ചു കയറാൻ തുടങ്ങും. മനസ്സമാധാനം നമുക്ക് പുറത്തുള്ള എന്തിലെങ്കിലും എടുത്തു വെച്ചിരിക്കുന്നു എന്ന് ധരിക്കരുത്. “എന്തെങ്കിലും ഉണ്ടോ’ എന്ന് ഇടക്കിടെ ഫ്രിഡ്ജ് തുറന്നു നോക്കുന്ന ആൾ എടുക്കാൻ പാകത്തിന് എന്താണ് താൻ അതിൽ വെച്ചത് എന്ന് കൂടി ചിന്തിക്കേണ്ടതല്ലേ.
അസ്വസ്ഥതയിലേക്ക് വഴുതാൻ സമ്മതിക്കാതെ മനസ്സിനെ പാകപ്പെടുത്തണം. അതിന് നല്ല ആത്മബോധം ആവശ്യമാണ്. ഉള്ളിൽ ഉണർവ് വെളിവാകുന്ന ഒരോ നിമിഷവും നമുക്ക് ഊർജം തരും. അത് നീണ്ടുനിൽക്കണം എന്നില്ല. ഒന്നും “സമ്പൂർണ പരിഹാരം’ അല്ല എന്നും ഇത് “താത്കാലികം’ മാത്രമാണ് എന്നും ബോധ്യമുണ്ടാകണം. സ്വസ്ഥത മാത്രമല്ല, അസ്വസ്ഥതയും അങ്ങനെത്തന്നെ. സൂര്യാസ്തമയം ബാക്ക്ഗ്രൗണ്ട് ആക്കി ഒരു ഇൻസ്റ്റഗ്രാം ഫോട്ടോ പോസ്റ്റ് ചെയ്ത് അതിന് താഴെ “നിറഞ്ഞ മനസ്സ്’ എന്ന് ടൈറ്റിൽ ഇട്ട് നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ എതിരെ വന്ന വാഹനം ഒന്ന് വെട്ടിച്ചാൽ മതിയാകും നിറഞ്ഞ മനസ്സ് നീറിയെരിയാൻ. മീറ്റിംഗിലെ ഒരു എതിർ ശബ്‌ദത്തിൽ, നീണ്ട ക്യൂവുകളിൽ, ഭാര്യയുമായുള്ള ഒരു വാഗ്വാദത്തിൽ, തിരക്കേറിയ ബസുകളിൽ, വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്്ഷനുകളിൽ ഒക്കെ നിങ്ങളുടെ ശാന്തത കൈവിട്ടു പോയേക്കാം.
“സമാധാനം എന്നത് കുഴപ്പങ്ങൾ ഇല്ലാതിരിക്കലല്ല, മറിച്ച് നമുക്കുള്ളിലെ തെളിമയെ സ്ഥിരതയോടെ പുലർത്താനുള്ള കഴിവാണ്.’ ഏത് സന്ദർഭത്തെയും “ഇത് തത്്കാലമാണ്’ എന്ന മാനസികാവസ്ഥയിൽ സമീപിക്കുമ്പോൾ അസ്വസ്ഥത നമ്മെ അലട്ടുകയില്ല.
സ്വിറ്റ്‌സർലൻഡിലേക്ക് യാത്ര പോയ ഒരാളുടെ റീല് കണ്ട് അയാൾക്ക് എത്ര സ്വസ്ഥതയുള്ള ജീവിതമാണ് എന്ന് ചുമ്മാ സങ്കൽപ്പിക്കുന്ന നിങ്ങൾ അയാളുടെ കർട്ടനു പിന്നിലെ ജീവിതം കണ്ടിട്ടില്ല. ഏറ്റവും ചുരുങ്ങിയത് അയാളുടെ വിഡിയോ മേക്കിംഗ് സന്ദർഭത്തിലെ സമ്മർദങ്ങൾ പോലും തിരിച്ചറിഞ്ഞിട്ടില്ല.
ജീവിതത്തെ മാറ്റിമറിക്കുമെന്ന് വിശ്വസിച്ച് നിങ്ങൾ വാങ്ങിയ യോഗ മാറ്റ് നിശബ്ദമായി അലമാരയുടെ താഴെ പൊടിപിടിച്ച് കിടക്കുമ്പോഴും ആദ്യ ദിവസം നിങ്ങൾ ഇട്ട സ്റ്റാറ്റസ് നിങ്ങളുടെ സുഹൃത്തുക്കൾ മറന്നിട്ടുണ്ടാകില്ലല്ലോ. അവധിയാഘോഷമോ റിസോർട്ട് വാസമോ ലോംഗ് ട്രിപ്പോ നിശബ്ദമായ ഒരു മുറിയോ ഒന്നും നിങ്ങൾക്ക് സന്തോഷവും സമധാനവും തരില്ല എന്നല്ല, ഒരു ശാന്തത കിട്ടാൻ ആ കാര്യങ്ങൾ തന്നെ വേണം എന്ന അവസ്ഥ അബദ്ധമാണ് എന്നറിയണം. സമാധാനമുള്ള മനസ്സ് വരുന്നത് പുറം ലോകത്തെ സാഹചര്യങ്ങളിൽ നിന്നല്ല, മറിച്ച് നമുക്കുള്ളിലെ ലോകത്തെ മനസ്സിലാക്കുന്നതിൽ നിന്നാണ്. സമാധാനപൂർണമാകുന്നതിനുവേണ്ടി പ്രശ്‌നരഹിതമായ ജീവിതം കാത്തിരിക്കുന്നത് മഴയത്ത് “തുള്ളിക്ക് മാറുന്നതിന്’ തുല്യമാണ്.
ജീവിത പ്രശ്നങ്ങളിൽ നിന്ന് ഓടിരക്ഷപ്പെടുന്നവരല്ല, മറിച്ച് അതിന്റെ മധ്യത്തിൽ ശാന്തമായി പൊരുതാൻ പഠിക്കുന്നവരാണ് ഏറ്റവും ശക്തരായ ആളുകൾ. സമാധാനം കിട്ടാൻ നിങ്ങൾ പോയ മലയിൽ നിന്ന് താഴേക്ക് വരുമ്പോൾ തന്നെ നിങ്ങൾക്ക് വീണ്ടും മുമ്പുണ്ടായിരുന്ന പ്രശ്നങ്ങൾ ഉണ്ടാകും. മലയിൽ തന്നെയാണ് സമാധാനം എന്ന് കരുതി നിങ്ങൾ മൂന്ന് വർഷം അവിടെ താമസിച്ചാൽ കൊതുകുകൾ പോലും നിങ്ങളുടെ സമാധാനം കെടുത്താൻ പരിശീലനം നേടി വന്നിരിക്കുകയാണല്ലോ എന്നായിരിക്കും പിന്നീട് നിങ്ങളുടെ പരാതി. സ്വന്തം മനസ്സിലേക്ക് കേറിക്കോളു, നിങ്ങൾ എവിടെയും പോയില്ലെങ്കിലും അത് നിങ്ങളുടെ കൂടെയുണ്ടാകും. ഉള്ളിൽ സമാധാനം വഹിക്കുന്ന മനുഷ്യൻ എല്ലാ സ്ഥലങ്ങളെയും ഒരു പുണ്യസ്ഥലമാക്കി മാറ്റുന്നു എന്ന് പുതുമൊഴി.
Content Highlights:
True peace of mind cannot be found in external luxuries or continuous vacations, as continuous leisure can bring the same restlessness as continuous work. True tranquility is an internal state achieved through self-awareness and stability, rather than the absence of life challenges. Relying entirely on scenic locations or isolation for calmness is an illusion because unresolved internal anxieties travel with us wherever we go. Ultimately, individuals who learn to maintain their inner clarity amidst everyday struggles are the ones who can turn any environment into a peaceful sanctuary.







