ആത്മായനം
തിരുത്തെന്ന തുരുത്ത്
തിരുത്തുകൾ ഇഷ്ടപ്പെടാത്തവർക്ക് തന്റെ തീരുമാനങ്ങളാണ് വലുതെന്ന അഹങ്കാര ഭാവമാണുള്ളത്. "സത്യത്തെ നിരസിക്കലും ജനങ്ങളെ നിസ്സാരമാക്കലുമാണ് അഹങ്കാരം.' (മുസ്്ലിം) അത്തരക്കാരുടെ സഞ്ചാരം എപ്പോഴും കീഴ്പോട്ടായിരിക്കും. വിവേകികളാകട്ടെ തങ്ങളുടെ തീരുമാനങ്ങളെ പ്രതി മറ്റുള്ളവരോട് അഭിപ്രായങ്ങളും ഉപദേശങ്ങളും തേടുകയും ശരിയായ തിരുത്തുകളെ സ്വീകരിക്കുകയും ചെയ്യും.
ഒരാൾക്ക് ഡ്രൈവിംഗിൽ പെർഫെക്്ഷൻ ലഭിക്കുന്നതെങ്ങനെയാണ്? നല്ലൊരു ഷെഫ് രൂപപ്പെടുന്നതെങ്ങനെയാണ്? നല്ലൊരു സംഘാടകൻ ? മികച്ചൊരു ഭരണകർത്താവ്? കിടിലനൊരു പ്രഭാഷകൻ ? അങ്ങനെയങ്ങനെ ഏത് കാര്യത്തിലെയും മികച്ചത് രൂപപ്പെടുന്നതെങ്ങനെയാണ്?.
പ്രിയപ്പെട്ടവരേ…, അതിന് പല കാരണങ്ങളുണ്ട്. അതിൽവളരെ പ്രധാനപ്പെട്ട കാരണം ഓരോന്നിലുമുള്ള പോരായ്മകളെ സമയോചിതമായി തിരുത്തപ്പെട്ടു എന്നതായിരിക്കും. തെറ്റായതിൽ നിന്ന് ശരിയിലേക്കും ശരിയായത് കൂടുതൽ നല്ല ശരികളിലേക്കും അതിൽ നിന്ന് മികച്ചതിലേക്കും വഴി നടത്താൻ ആളുണ്ടാകുമ്പോഴും നമ്മളതിന് തയ്യാറാകുമ്പോഴും മികവ് സാധ്യമാകുന്നു.
തിരുത്തപ്പെട്ടുകൊണ്ടിരിക്കേണ്ടവനാണ് മനുഷ്യൻ. അവന്റെ ചിന്തകളെ, വാക്കുകളെ, പദ്ധതികളെ, പ്രവൃത്തികളെയെല്ലാം തിരുത്തലുകൾക്ക് വിധേയമാക്കപ്പെടണം.
നമ്മൾ ശരിയെന്ന് കരുതിവെച്ചത് പലതും ഭീമാബദ്ധമായിരിക്കും; തിരിച്ചും. പശ്ചാത്തലങ്ങൾ, സംബോധകർ, രീതി, ഭാവം, മാനസികാവസ്ഥ എല്ലാറ്റിന്റെയും ഭേദങ്ങൾക്കനുസരിച്ച് മികച്ച ശരിയും വ്യത്യാസപ്പെടും.
വളരെ സൂക്ഷ്മമായി ശാസ്‌ത്രീയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ നിരീക്ഷണങ്ങൾ പോലും തിരുത്തലുകൾക്ക് വിധേയമാകുന്നുവെന്നിരിക്കേ കൂടുതൽ ആലോചനകളില്ലാതെ വൈകാരികമായി പരിമിതബുദ്ധിയോടെയുള്ള നമ്മുടെ നീക്കങ്ങളിൽ അബദ്ധം പിണയാമെന്നത് ഉറപ്പല്ലേ. അത്തരം പിഴവുകൾ തിരുത്താൻ തയ്യാറാവുന്ന മനുഷ്യനാണ് മികവുള്ളവനും വിവേകിയും.
കൂട്ടുകാരേ… തിരുത്തലുകളെ അലോസരമായി കാണുന്ന പ്രവണതയേറിവരുന്ന കാലമാണിത്. മുതിർന്നവരുടെ ഉപദേശങ്ങളെ തന്തവൈബെന്ന് ചാപ്പ കുത്തി അവഗണിക്കുന്ന ശീലം ഏറിവരുന്നു. അവർക്കൊന്നും നേരം വെളുത്തിട്ടില്ലെന്നും ഒരു അപ്ഡേഷനും അവരിൽ ഉണ്ടായിട്ടില്ലെന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. “fragile Ego’ എന്നാണ് മനഃശാസ്‌ത്രം ഇതിനെ വിളിക്കുന്നത്. ആരെങ്കിലും തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ ഉടൻ തന്നെ അതിനെ ന്യായീകരിക്കാനോ തിരിച്ചു കുറ്റപ്പെടുത്താനോ ശ്രമിക്കുന്നതും (Defensiveness) വിമർശനങ്ങളോട് വിദ്വേഷ ഭാവത്തിൽ സമീപിക്കുന്നതും (Resentment to Criticism) പുതിയ ആശയങ്ങളേയോ തിരുത്തലുകളെയോ ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിലുള്ള കർക്കശ്യവും(Rigidity) മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വിലകൽപ്പിക്കാത്ത മനോഭാവവും (Closed-mindedness) ആ പ്രവണതയുടെ വകഭേദങ്ങളാണ്.
തിരുത്തുകൾ ഇഷ്ടപ്പെടാത്തവർക്ക് തന്റെ തീരുമാനങ്ങളാണ് വലുതെന്ന അഹങ്കാര ഭാവമാണുള്ളത്. “സത്യത്തെ നിരസിക്കലും ജനങ്ങളെ നിസ്സാരമാക്കലുമാണ് അഹങ്കാരം.’ (മുസ്്ലിം) അത്തരക്കാരുടെ സഞ്ചാരം എപ്പോഴും കീഴ്പോട്ടായിരിക്കും. വിവേകികളാകട്ടെ തങ്ങളുടെ തീരുമാനങ്ങളെ പ്രതി മറ്റുള്ളവരോട് അഭിപ്രായങ്ങളും ഉപദേശങ്ങളും തേടുകയും ശരിയായ തിരുത്തുകളെ സ്വീകരിക്കുകയും ചെയ്യും. യഥാർഥ വിശ്വാസികളുടെ സ്വഭാവമതാണ്. “വിശ്വാസികൾക്ക് ഉപദേശം പ്രയോജനപ്പെടും, അതിനാൽ താങ്കൾ ഉപദേശിക്കുക’ എന്ന സൂറ: അദ്ദാരിയാത്തിന്റെ തീർച്ചപ്പെടുത്തലിൽ അതുണ്ട്.
തെറ്റ് തിരുത്തുകയെന്നത് വിശ്വാസിയുടെ സാമൂഹിക ബാധ്യതയാണെന്ന പോലെ തിരുത്തിയതിനെ ഉൾക്കൊള്ളുക എന്നത് അവന്റെ വൈയക്തിക ബാധ്യതയാണ്. തിരുത്തിയത് ശത്രുവായാലും തന്നെക്കാൾ പദവിയിലും പ്രായത്തിലും ചെറിയവനാണെങ്കിലും അത് ഉൾക്കൊള്ളണം. കാരണം അവർ അതുവഴി നമ്മെ സ്വർഗത്തിലേക്കാണ് അടുപ്പിച്ചത്. തന്നെ തിരുത്തിയവർക്ക് വേണ്ടി “എന്റെ പോരായ്‌മകൾ എനിക്ക് സമ്മാനമായി ചൂണ്ടിക്കാട്ടി തരുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ’ എന്ന് ഗൗരവ ശ്രദ്ധയോടെ ജീവിച്ച ഉമർ ബിൻ ഖത്വാബ് (റ) പ്രാർഥിക്കാറുണ്ടായിരുന്നു. സംവാദ വേദികളിൽ “സത്യം എന്റെ നാവിലൂടെയോ അതോ എന്റെ എതിരാളിയുടെ നാവിലൂടെയാണോ പുറത്ത് വരുന്നത് എന്നെനിക്ക് നോട്ടമില്ല (സത്യം വെളിപ്പെട്ടാൽ മതി)’ എന്ന ഇമാം ശാഫി(റ)യുടെ വാക്ക് ഏറെ ശ്രദ്ധേയമാണ്. താൻ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന നിലപാടല്ല അവർക്ക്. സത്യത്തെ വെളിപ്പെടുത്താൻ അനിവാര്യമായ തിരുത്തുകളെ അവർ ഉൾക്കൊള്ളും.
“കാര്യങ്ങളെ ശ്രദ്ധിച്ച് കേൾക്കുകയും ഉത്തമമായതിനെ പിന്തുടരുകയും ചെയ്യുന്നവർ, അവരത്രെ അള്ളാഹു മാർഗനിർദേശം നൽകിയവർ, അവരത്രെ വിവേകമുള്ളവർ’ എന്ന സൂറ: സുമറിന്റെ (18) വാക്യം നല്ലതിനെ കേട്ട് ഉൾക്കൊള്ളാനുള്ള വിശ്വാസികളുടെ മനസ്സിനെയാണ് പ്രചോദിപ്പിക്കുന്നത്. തിരുത്തലുകളെ തന്റെ മുന്നോട്ടുള്ള ഗമനത്തിന്റെ ഇന്ധനമായാണ് കാണേണ്ടതെന്ന് സാരം.
പ്രിയപ്പെട്ടവരേ… നമ്മുടെ മുഖസ്തുതി പറയുന്നവരോട് നമുക്കൊത്തിരി പിരിശമായിരിക്കുമല്ലേ?. അവർ ശരിക്കും നമ്മെ പടുകുഴിയിലേക്കാണ് വലിച്ചിടുന്നത്. ഒരു പ്രയോജനവും തരാത്ത സംസാരങ്ങൾ. എന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചുള്ള സംസാരം നമുക്ക് വലിയ ഉപകാരങ്ങൾ നൽകും. പതിയെ നമ്മൾ സ്വർഗത്തിലേക്കടുക്കും.
അതുകൊണ്ട് നമ്മെ തിരുത്തുന്നവരെ അഭ്യുദയകാംക്ഷി (well – wisher) കളായി കാണാനുള്ള മനസ്സ് നമുക്കുണ്ടാകണം. അതിനെ അരോചകമായി കാണുന്നത് ഒട്ടും ശരിയല്ല. മതകീയ ജീവിതത്തിന് ഗുണകരമാകുന്ന തിരുത്തലുകളെയാണ് പരിഗണിക്കേണ്ടത്. അല്ലാത്തതൊന്നും തിരുത്തലല്ല; കുരുക്കലാണ്. തിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ “സഫലമാകുന്ന ഉപദേശങ്ങൾ’ എന്ന തലവാചകത്തിൽ എഴുതിയ ആത്മായനത്തിൽ നമ്മൾ വായിച്ചതാണ്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ…
Content Highlights:
Achieving perfection in any field, whether driving, cooking, or leadership, relies heavily on timely self-correction and a willingness to improve. Modern tendencies like a fragile ego often lead people to reject constructive advice, viewing it as outdated criticism or an attack on their personality. Islamic teachings strongly encourage humility, listening to good counsel, and valuing those who point out our flaws as true well-wishers. Embracing correction with an open mind acts as a driving force for both worldly success and spiritual elevation.







