Connect with us

Articles

സുസ്ഥിര വികസനത്തിലേക്ക് ഇനിയെത്ര കാതം?

സുസ്ഥിര വികസനം ഉറപ്പാക്കുന്നതില്‍ ഇന്ന് ലോക രാജ്യങ്ങള്‍ക്ക് വെല്ലുവിളി തീര്‍ക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് കാലാവസ്ഥാ വ്യതിയാനം . പാരീസ് ഉടമ്പടിക്ക് ശേഷം ലോകരാജ്യങ്ങള്‍ തങ്ങള്‍ക്ക് കഴിയും വിധം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിനുള്ള വിവിധ അജന്‍ഡകളില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നിരവധി ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

Published

|

Last Updated

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ആഗോള, ദേശീയ, പ്രാദേശിക തലങ്ങളില്‍ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വര്‍ധിച്ചുവരികയാണ്. നയനിര്‍മാതാക്കളും ശാസ്ത്രജ്ഞരും വിദഗ്ധരും ചേര്‍ന്ന് ഇത്തരത്തിലുള്ള സംഭവ വികാസങ്ങളെ ചെറുക്കാനും പ്രധിരോധിക്കാനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങളിലുമാണ്. സുസ്ഥിര വികസനം ഉറപ്പാക്കുന്നതില്‍ ഇന്ന് ലോക രാജ്യങ്ങള്‍ക്ക് വെല്ലുവിളി തീര്‍ക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് കാലാവസ്ഥാ വ്യതിയാനം എന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം പബ്ലിഷ് ചെയ്ത റിപോര്‍ട്ടില്‍ പറയുന്നു. പാരീസ് ഉടമ്പടിക്ക് ശേഷം ലോകരാജ്യങ്ങള്‍ തങ്ങള്‍ക്ക് കഴിയും വിധം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിനുള്ള വിവിധ അജന്‍ഡകളില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നിരവധി ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

ഇത്തരത്തിലുള്ള വികസന, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ക്ക് ഭീമമായ മൂലധനം ആവശ്യമായി വന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ചെലവ് വളരെ വലുതാണ്. ചില കണക്കുകള്‍ പ്രകാരം 200 ബില്യണ്‍ യു എസ് ഡോളര്‍ മുതല്‍ 1,000 ബില്യണ്‍ യു എസ് ഡോളര്‍ വരെ രാജ്യങ്ങള്‍ക്ക് ചെലവായേക്കാം എന്ന് കണക്കാക്കപ്പെടുന്നുണ്ട്. ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കു പ്രകാരം ലോകത്തെ മൊത്തം ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി ഏകദേശം 44 ട്രില്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് കണക്കാക്കുന്നു.

നമ്മുടെ രാജ്യമായ ഇന്ത്യയും ഇതിനു വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 2008ലാണ് നാഷനല്‍ ആക്്ഷന്‍ പ്ലാന്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് ഇന്ത്യയില്‍ രൂപം കൊള്ളുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട എട്ട് പ്രധാനപ്പെട്ട ദൗത്യങ്ങളാണ് ഇതിനു കീഴില്‍ വരുന്നത്. നാഷനല്‍ സോളാര്‍ മിഷന് കീഴില്‍ 2014ന് ശേഷം ഏഴ് വര്‍ഷത്തിനുള്ളില്‍ 100 ജിഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദനം ആയിരുന്നു പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാല്‍ 2021 ഡിസംബര്‍ 31 ആയിട്ടും 49.35 ജിഗാവാട്ട് മാത്രമാണ് ഉത്പാദിപ്പിക്കാന്‍ സാധിച്ചത്.

സുസ്ഥിരമായ പരിസ്ഥിതിയോടു കൂടെ വളര്‍ച്ച കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി നാഷനല്‍ മിഷന്‍ ഫോര്‍ എന്‍ഹാന്‍സ്ഡ് എനര്‍ജി എഫിഷ്യന്‍സി എന്ന പദ്ധതിക്ക് കീഴില്‍ നിരവധി ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്ന വ്യവസായശാലകള്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഊര്‍ജക്ഷമത കൈവരിക്കുക എന്ന ലക്ഷ്യം. ഇത്തരത്തില്‍ ഊര്‍ജക്ഷമത കൈവരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നികുതിയിളവും മറ്റു ആനുകൂല്യങ്ങളും നല്‍കുക എന്നതും മറ്റൊരു ലക്ഷ്യമാണ്. നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ഇതിന്റെ ടാര്‍ഗറ്റ് പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ വനമേഖലയാണ് ഇന്ത്യക്കുള്ളത്. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വനവിസ്തൃതി വര്‍ധിച്ച രാജ്യങ്ങളില്‍ 2020ല്‍ ഇന്ത്യ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്. 2020ലെ കണക്ക് പ്രകാരം ഇന്ത്യയുടെ 24 ശതമാനവും വനപ്രദേശങ്ങളാണ്. ലോകത്തിലെ മൊത്തം ഭൂമിശാസ്ത്രത്തില്‍, വനമേഖലയുടെ രണ്ട് ശതമാനം ഇന്ത്യയിലായി വരും. 2011 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ വനവിസ്തൃതി മൂന്ന് ശതമാനത്തിലധികം വര്‍ധിച്ചു എന്നും ഈ കാലയളവിലുണ്ടായ ഇടതൂര്‍ന്ന വനങ്ങളുടെ വര്‍ധനവാണ് പ്രധാനമായും ഇതിന് കാരണം എന്നുമാണ് പറയപ്പെടുന്നത്. നാഷനല്‍ മിഷന്‍ ഫോര്‍ ഗ്രീന്‍ ഇന്ത്യയുടെ കീഴില്‍ ആവാസ വ്യവസ്ഥയുടെ വികസനത്തിന് നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. രാജ്യത്ത് അഞ്ച് മില്യണ്‍ ഹെക്ടര്‍ ഭൂമി വനവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി 2015 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 14 സംസ്ഥാനങ്ങള്‍ക്കും ഒരു കേന്ദ്രഭരണ പ്രദേശത്തിനുമായി 455.75 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്. ഇതിലൂടെ 11,17,757 ഹെക്ടര്‍ ഭൂമി വനവത്കരിച്ചു എന്നാണ് ഈ വര്‍ഷം പുറത്തിറക്കിയ ഇക്കണോമിക്‌സ് സര്‍വേയില്‍ പറയുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജലസ്രോതസ്സുകളുടെ സംരക്ഷണം, അവയുടെ കാര്യക്ഷമമായ ഉപയോഗം, കൂടാതെ ഭൂഗര്‍ഭ ജലത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങളും ഗുണമേന്മാ പരിശോധനയും, ആളുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ജലസംരക്ഷണത്തിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക തുടങ്ങിയവയാണ് നാഷനല്‍ വാട്ടര്‍ മിഷന് കീഴിലുള്ള പ്രധാന ലക്ഷ്യങ്ങള്‍. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി ആയിരിക്കും ഇതിന് മേല്‍നോട്ടം വഹിക്കുക. ജലസംരക്ഷണത്തിന്റെ പേരില്‍ ധാരാളം തുക ചെലവഴിച്ചിട്ടും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടും രാജ്യത്തെ പ്രധാന നദികള്‍ ഇപ്പോഴും ശോചനീയാവസ്ഥയിലാണെന്ന കാര്യം മറക്കാനുള്ളതല്ല.
ഹൈഡ്രജന്‍ മിഷനിലൂടെ ഹരിതോര്‍ജത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും സി എന്‍ ജി പോലെയുള്ള പരിസ്ഥിതി സൗഹാര്‍ദ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തി ഗതാഗത സംവിധാനങ്ങളും വ്യവസായ ശാലകളും കൂടുതല്‍ ക്ഷമതയുള്ളതാക്കാനും പദ്ധതികളുണ്ട്. 2030 ആകുമ്പോഴേക്കും റിന്യൂവബിള്‍ ഊര്‍ജ സ്രോതസ്സുകള്‍ മാത്രം ഉപയോഗിച്ച് സീറോ കാര്‍ബണ്‍ എമിഷനാക്കി മാറ്റാന്‍ രാജ്യത്തെ വലിയ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ട്. 2023 ഡിസംബര്‍ ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ റെയില്‍വേ ട്രാക്കുകളും വൈദ്യുതീകരിക്കുക എന്നുള്ളതാണ് ഇതിന്റെ ആദ്യ ചവിട്ടുപടി. ഇത്തരം പദ്ധതികളുടെ കൃത്യമായ ആസൂത്രണവും ഇടവേളകളിലുള്ള പരിശോധനകളും നടന്നാല്‍ മാത്രമേ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. കടല്‍പ്രദേശങ്ങളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഗവണ്‍മെന്റ് ഓഫ് ഷോര്‍ വിന്‍ഡ് എനര്‍ജി പോളിസി ആസൂത്രണം ചെയ്തിട്ടുണ്ട്. ഗുജറാത്ത്, തമിഴ്‌നാട് തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കടല്‍ക്കാറ്റ് ഉപയോഗപ്പെടുത്തി ഊര്‍ജം ഉത്പാദിപ്പിക്കലാണ് ലക്ഷ്യം.
2020-21ല്‍, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ മുന്നോട്ട് വന്നിട്ടുണ്ട്. നിതി ആയോഗ് എസ് ഡി ജി ഇന്ത്യ സൂചികയില്‍ 2020-21ല്‍ ഇന്ത്യയുടെ സ്‌കോര്‍ 66 ആണ്. 2019-20ല്‍ ഇത് 60 ആയിരുന്നു. 2018-19ല്‍ 57ഉം ആയിരുന്നു. സംസ്ഥാനങ്ങളുടെ പ്രകടനം രാജ്യത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ സൂചികയില്‍ ബഹുദൂരം മുന്നിലാണ്.

ഇന്റര്‍നാഷനല്‍ സോളാര്‍ അലയന്‍സ് (ISA), കോയലിഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റസിലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (സി ഡി ആര്‍ ഐ), ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്‍ (ലീഡ് ഐ ടി ഗ്രൂപ്പ്) തുടങ്ങിയവയില്‍ രാജ്യം അന്താരാഷ്ട്രാടിസ്ഥാനത്തില്‍ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവര്‍ത്തനങ്ങില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആഭ്യന്തരാടിസ്ഥാനത്തിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഗ്രീന്‍ ബോണ്ടുകള്‍ വഴിയും സുസ്ഥിര വികസന ബോണ്ടുകള്‍ വഴിയും ഇന്ത്യയിലുള്ള റിന്യൂവബിള്‍ കമ്പനികള്‍ക്ക് ധനസമാഹരണം നടത്താന്‍ റിസര്‍വ് ബേങ്കിന്റെ ഉദാരവത്കരിച്ച വായ്പാ മാനദണ്ഡങ്ങള്‍ സഹായകരമായിട്ടുണ്ട്. ഇന്ത്യ നിരവധി സുസ്ഥിര വികസന സംരംഭങ്ങളില്‍ അംഗമാണ്. ബേസല്‍ കമ്മിറ്റി രൂപവത്കരിച്ച കാലാവസ്ഥയുമായി ബന്ധപ്പെട്ട ടാസ്‌ക് ഫോഴ്സിലെ അംഗം കൂടിയാണ് റിസര്‍വ് ബേങ്ക്. ഇന്റര്‍ നാഷനല്‍ പ്ലാറ്റ്‌ഫോം ഫോര്‍ സസ്്റ്റൈനബിൾ ഫിനാന്‍സിലെയും അംഗമാണ് ഈ ബേങ്ക്. ഏത് രാജ്യമായാലും സംഘടനയായാലും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമേ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പോലെയുള്ളവ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരം ശ്രമങ്ങളിലൂടെ മാത്രമേ സുസ്ഥിര വികസനവും യാഥാര്‍ഥ്യമാകൂ.

---- facebook comment plugin here -----

Latest