Kerala
മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, വധശിക്ഷയുടെ തിയ്യതി തന്നെ അറിയിച്ചത് നിമിഷ; ഭര്‍ത്താവ് ടോമി തോമസ്
നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എംപി ഇന്ന് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.

തിരുവനന്തപുരം| യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്. ഗവര്‍ണറെ ഉള്‍പ്പെടെ കണ്ട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയമുള്‍പ്പെടെ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും ടോമി തോമസ് പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. യെമന്‍ എന്ന രാജ്യത്തിന്റെ പ്രത്യേകത കൊണ്ടാണ് പരിമിതികളുണ്ടാകുന്നതെന്നും ടോമി വ്യക്തമാക്കി. നിമിഷ പ്രിയയുമായി ഫോണില്‍ സംസാരിക്കുന്നുണ്ട്. വധശിക്ഷയുടെ തിയ്യതി സംബന്ധിച്ച കാര്യം തന്നെ അറിയിച്ചത് നിമിഷ തന്നെയാണെന്നും ടോമി വ്യക്തമാക്കി.
ഇന്നലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കൊപ്പം ഗവര്‍ണറെ കണ്ടിരുന്നു. നിമിഷയുടെ അമ്മ വീഡിയോ കോളിലൂടെ ഗവര്‍ണറോട് സംസാരിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ രംഗത്തെത്തി. കെ രാധാകൃഷ്ണന്‍ എംപി, അടൂര്‍ പ്രകാശ് എം.പി, എ എ റഹീം എംപി എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു.
നിമിഷ പ്രിയക്ക് വധശിക്ഷ ഈ മാസം 16ന് നടപ്പാക്കണമെന്നാണ് ജയില്‍ അധികൃതര്‍ക്ക് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിര്‍ദേശം. യെമനിലെ സാമൂഹ്യപ്രവര്‍ത്തകരടക്കം വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും അതില്‍ കേന്ദ്രത്തിന്റെ സഹായവും കൂടി ലഭിച്ചാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ ചെയ്യാനാകുമെന്ന് കെ രാധാകൃഷ്ണന്‍ എം പി പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എംപി ഇന്ന് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. നയതന്ത്രതലത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച്ച. അറ്റോര്‍ണി ജനറല്‍ വെങ്കടരമണിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും നിമിഷപ്രിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിട്ടുണ്ട്. വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് തിങ്കളാഴ്ച്ച അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
2017 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.