Connect with us

First Gear

ഹോണ്ട ആക്ടിവ, ആക്ടിവ 125 സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു

ഹോണ്ട ആക്ടിവയ്ക്ക് 811 രൂപയും ആക്ടിവ 125 മോഡലിന് 1,177 രൂപയുമാണ്‌ കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ആക്ടിവ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചു. ഹോണ്ട ആക്ടിവ, ഹോണ്ട ആക്ടിവ 125 എന്നിവയ്ക്കാണ് കമ്പനി വില വര്‍ധിപ്പിച്ചത്. ഹോണ്ട ആക്ടിവ മോഡലുകള്‍ ഇനി മുതല്‍ പുതുക്കിയ വിലയിലായിരിക്കും വില്‍പ്പന നടത്തുക. ഹോണ്ട ആക്ടിവയ്ക്ക് 811 രൂപയും ആക്ടിവ 125 മോഡലിന് 1,177 രൂപയുമാണ്‌ കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

ഹോണ്ട ആക്ടിവ 125 പേള്‍ നൈറ്റ് സ്റ്റാര്‍ട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, റിബല്‍ റെഡ് മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നീ അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്. ഹോണ്ട ആക്ടിവയുടെ എക്‌സ് ഷോറൂം വില 75,347 രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ സ്‌കൂട്ടറിന് ഇപ്പോള്‍ 81,348 രൂപ വരെ എക്‌സ് ഷോറൂം വിലയുണ്ട്.

ഹോണ്ട ആക്ടിവ 125ന്റെ എക്‌സ് ഷോറൂം വില 78,920 രൂപ മുതല്‍ 86,093 രൂപ വരെയാണ്. അതേസമയം, ടോപ്പ് എന്‍ഡ് ആക്ടിവ 125 എച്ച്-സ്മാര്‍ട്ട് മോഡലിന് വില വര്‍ധിപ്പിച്ചിട്ടില്ല. പുതിയ ഫീച്ചറുകളുമായി വരുന്ന ആക്ടിവ എച്ച്- സ്മാര്‍ട്ട് മോഡലിന്റെ എക്‌സ് ഷോറൂം വില 88,093 രൂപയാണ്.

ഹോണ്ട ആക്ടിവയ്ക്ക് കരുത്ത് നല്‍കുന്നത് എയര്‍ കൂള്‍ഡ് 109 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 7.73 ബിഎച്ച്പി കരുത്തും 8.90 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ടിവിഎസ് ജൂപ്പിറ്റര്‍, സുസുക്കി ആക്സസ്, യമഹ റേ ഇസെഡ് ആര്‍, ഹീറോ പ്ലഷര്‍ പ്ലസ് എന്നിവയ്ക്കെതിരെയാണ് ആക്ടിവ മത്സരിക്കുന്നത്.

ഹോണ്ട ആക്ടിവ 125ന് കരുത്ത് നല്‍കുന്നത് 124 സിസി, എയര്‍ കൂള്‍ഡ് എഞ്ചിനാണ്. 8.19 ബിഎച്ച്പി കരുത്തും 10.4 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണിത്. സുസുക്കി ആക്സസ് 125, യമഹ ഫസിനോ 125, ടിവിഎസ് ജൂപ്പിറ്റര്‍ 125, ഹീറോ ഡെസ്റ്റിനി 125 എന്നിവയാണ് ഹോണ്ട ആക്ടിവ 125യുടെ എതിരാളികള്‍.