Connect with us

Health

ടോണ്‍സിലെറ്റിസിനുള്ള വീട്ടുവൈദ്യം

തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട്, വായ്‌നാറ്റം, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍, ചെവി വേദന, മലബന്ധം എന്നിവ ടോണ്‍സിലെറ്റിസിന്റെ ലക്ഷണങ്ങളാണ്.

Published

|

Last Updated

ശ്വാസകോശത്തിന്റെയും അന്നപഥത്തിന്റെയും പ്രവേശന ദ്വാരം വലയം ചെയ്ത് സ്ഥിതി ചെയ്യുന്ന വാല്‍ഡേയര്‍ വലയത്തിന്റെ പ്രധാന ധര്‍മം രോഗപ്രതിരോധമാണ്. ഈ ഭാഗത്തുണ്ടാക്കുന്ന ബാക്ടീരിയല്‍, വൈറല്‍ ബാധയേയും മറ്റുതരത്തിലുള്ള വീക്കത്തേയും ടോണ്‍സിലെറ്റിസ് എന്നു പറയുന്നു.

രോഗാണുബാധയെ തുടര്‍ന്ന് ടോണ്‍സിലുകള്‍ ചുവന്നു വീര്‍ക്കുന്നു. പഴുപ്പടങ്ങുന്ന വെള്ള കുത്തുകള്‍ പ്രതലത്തില്‍ കാണാനാവും. മോണകളും കഴുത്തിലെ ലസിക സന്ധികളും പഴുക്കാറുണ്ട്. തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട്, വായ്‌നാറ്റം, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങള്‍, ചെവി വേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ശബ്ദത്തിന് കനം വെയ്ക്കുകയും വായ തുറക്കാന്‍ തന്നെ പ്രയാസമനുഭവപ്പെടുകയും ചെയ്യും.

ടോണ്‍സിലൈറ്റിസിന്റെ ലക്ഷണങ്ങളെ താല്‍ക്കാലികമായി പ്രതിരോധിക്കാനും ഇതുകാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍നിന്ന് ആശ്വാസം ലഭിക്കാനും പെട്ടെന്ന് ചെയ്യാവുന്ന ചില കാര്യങ്ങള്‍:

1. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി വെള്ളം, ചായ, സൂപ്പ് തുടങ്ങിയ ദ്രാവകങ്ങള്‍ ധാരാളം കുടിക്കുക.
2. ആവശ്യത്തിന് വിശ്രമിക്കുക. ശരീരത്തിന്റെ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനായി രോഗാവസ്ഥയില്‍ ധാരാളം വിശ്രമിക്കുക.
3. ഉപ്പുവെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുക. 1/4 ടീസ്പൂണ്‍ ഉപ്പ് 8 ഔണ്‍സ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടയിലെ പ്രയാസം കുറയ്ക്കും.
4. ഇടക്കിടെ ഇത്തിരി തേന്‍ കുടിക്കാം. തേനിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ തൊണ്ടവേദന ശമിപ്പിക്കുന്നു.
5. ഊഷ്മളത നല്‍കുന്ന തുണി ഉപയോഗിക്കുക, കഴുത്തില്‍ ചൂടുള്ളതും നനഞ്ഞതുമായ തുണി ചുറ്റിയിടുക. ആവല്‍ മരത്തിന്റെ ഉണങ്ങിയ തൊലി ചായയിലിട്ടു കുടിക്കാം.
6. വെളുത്തുള്ളി നല്ലൊരു ആന്റിബയോട്ടിക്കാണ്. ഇത് ഭക്ഷണത്തില്‍ ഉപയോഗിക്കാം.

മേല്‍പറഞ്ഞ മരുന്നുകളും പ്രഥമശുശ്രൂഷയും കൊണ്ട് മാറാത്ത ടോണ്‍സിലെറ്റിസിന് ഡോക്ടറെ കണ്ടു ആന്റിബയോട്ടിക്ക് കഴിക്കേണ്ടിവരും. ഈ അസുഖം ആവര്‍ത്തിച്ചുവരുന്നത് ആശാസ്യമല്ല. നല്ല ശുചിത്വം ശീലിക്കുക. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക ,
ഫ്‌ലൂ, എച്ച് പി വി എന്നിവയ്ക്കെതിരെ വാക്സിനേഷന്‍ എടുക്കുക. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുക എന്നിവയാല്‍ ഒരു പരിധിവരെ ടോണ്‍സിലെറ്റിസ് വരാതെ സൂക്ഷിക്കാനാവും.

 

 

 

Latest