National
ഷാഹി ഈദ്ഗാഹ് തർക്കസ്ഥലമായി പ്രഖ്യാപിക്കണമെന്ന ഹിന്ദു പക്ഷത്തിന്റെ ഹരജി ഹൈക്കോടതി തള്ളി
നിലവിലെ കേസ് രേഖകളിലും ഭാവിയിലെ നടപടികളിലും 'ഷാഹി ഈദ്ഗാഹ് മസ്ജിദ്' എന്ന പദത്തിന് പകരം 'തർക്കനിർമ്മിതി' എന്ന് രേഖപ്പെടുത്താൻ ബന്ധപ്പെട്ട സ്റ്റെനോഗ്രാഫർക്ക് നിർദ്ദേശം നൽകണമെന്ന്

ലഖ്‌നൗ | മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനെ തർക്കസ്ഥലമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു പക്ഷം സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഷാഹി മസ്ജിദിനെ ഔദ്യോഗികമായി കോടതി രേഖകളിലും തുടർ നടപടികളിലും ‘തർക്ക നിർമ്മിതി’ (disputed structure) എന്ന് രേഖപ്പെടുത്താൻ ആവശ്യപ്പെട്ട് സമർപ്പിച്ചതായിരുന്നു എ-44 എന്ന ഈ ഹർജി. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തോട് ചേർന്നുള്ള ഭൂമി ഷാഹി ഈദ്ഗാഹ് മസ്ജിദ് കൈയേറി എന്നാരോപിച്ചുള്ള കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിംഗ് ആണ് ഹരജി നൽകിയത്. ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്.
നിലവിലെ കേസ് രേഖകളിലും ഭാവിയിലെ നടപടികളിലും ‘ഷാഹി ഈദ്ഗാഹ് മസ്ജിദ്’ എന്ന പദത്തിന് പകരം ‘തർക്കനിർമ്മിതി’ എന്ന് രേഖപ്പെടുത്താൻ ബന്ധപ്പെട്ട സ്റ്റെനോഗ്രാഫർക്ക് നിർദ്ദേശം നൽകണമെന്ന് എ-44 ഹർജിയിൽ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പള്ളിയെക്കുറിച്ചുള്ള ഔദ്യോഗിക പരാമർശങ്ങളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിനെ എതിർത്ത് മുസ്ലീം പക്ഷം രേഖാമൂലം എതിർപ്പ് സമർപ്പിക്കുകയായിരുന്നു. ഇരുപക്ഷത്തിന്റെയും വാദം കേട്ട ഹൈക്കോടതി, ഹർജി തള്ളുകയും മുസ്ലീം പക്ഷം ഉന്നയിച്ച എതിർപ്പ് അംഗീകരിക്കുകയും ചെയ്തു.
മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് മസ്ജിദ് എന്നിവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ സംബന്ധിച്ച് ഹിന്ദു പക്ഷത്തെ വിവിധ അംഗങ്ങൾ സമർപ്പിച്ച 18 ഹർജികളിൽ ഒന്നാണ് ഈ കേസ്. ഹൈന്ദവ വിശ്വാസികൾ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി കരുതുന്ന സ്ഥലത്തോട് ചേർന്നാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
കേസിൽ അടുത്ത വാദം കേൾക്കുന്നത് ഓഗസ്റ്റ് 2-ലേക്ക് മാറ്റിയിട്ടുണ്ട്.