Connect with us

Cover Story

പോരാട്ടക്കഥകളുമായി ഇവിടെയുണ്ട് പട്ടാള മുക്ക്

"ഓര്‍ഡര്‍ ആന്‍ഡ് ബോര്‍ഡര്‍' ഇതിനുള്ളിലാണ് ഒരു പട്ടാളക്കാരന്റെ ജീവിതം. അവര്‍ ഉള്ളിലേന്തുന്ന ആ വികാരമാണ് അവരുടെ കണ്ണുകളെ അടയാതെ കാക്കുന്നത്. ആ തുറന്ന ജാഗ്രതയിലാണ് നാം ശാന്തരായുറങ്ങുന്നത്. ദേശാഭിമാനത്തിന്റെ ആരവങ്ങള്‍ എവിടെനിന്നെല്ലാം ഉയരുമ്പോഴും പട്ടാളമുക്കിലെ ധീരരായ മുന്‍ സൈനികര്‍ ജീവിതത്തിന്റെ ആഹ്ലാദം പങ്കുവെക്കുകയാണ്. അങ്ങനെ പട്ടാളമുക്ക് സൈനിക സന്നാഹങ്ങളുടെ ഓർമപ്പെടുത്തലായി ഉന്നതശീര്‍ഷമായി നിലകൊള്ളുന്നു.

Published

|

Last Updated

വര്‍ഷങ്ങള്‍ക്ക് മുന്നേ ദാരിദ്ര്യവും പട്ടിണിയും ഒറ്റപ്പെടലും ജീവിതത്തിന്റെ താരുണ്യാവസ്ഥയില്‍ കറുത്ത മൂടുപടം തീര്‍ക്കുമ്പോള്‍ അതിജീവിനത്തിന്റെ വെളിച്ചം തേടി പലരും പലായനം ചെയ്തത് പട്ടാള ക്യാമ്പുകളിലേക്കായിരുന്നു. അങ്ങനെ കുടുംബം പുലര്‍ത്താന്‍ പട്ടാള ബാരക്കില്‍ അഭയം തേടിയവരുടെ കഥ എത്രയോ നമുക്ക് മുന്നിലുണ്ട്. രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്ക് നാട്ടില്‍ എന്നും നിലയും വിലയുമുണ്ട്. നമ്മുടെ കഥയിലും ചരിത്രത്തിലുമെല്ലാം പട്ടാളക്കാരന്റെ ധീരമായ ചിത്രം എന്നും തെളിഞ്ഞുനില്‍ക്കുന്നു. യുദ്ധാന്തരീക്ഷത്തില്‍ പക്ഷെ പട്ടാളക്കാരന്റെ നാട് വിറങ്ങലിച്ചുനില്‍ക്കും. കേൾക്കരുതെന്ന് ആഗ്രഹിക്കുന്ന വാര്‍ത്തകളായിരിക്കും ചിലപ്പോള്‍ തേടിയെത്തുന്നത്. കാര്‍ഗില്‍ യുദ്ധത്തിന്റെ കഥകളും ക്യാപ്റ്റന്‍ വിക്രം, നളിനാക്ഷന്‍ തുടങ്ങിയവരുടെ വീരമൃത്യുവും നമ്മുടെ ഓര്‍മയിലെ നോവിന്റെ ഉറവിടങ്ങളാണ്. കോവിലന്റെയും നന്തനാരുടെയും പട്ടാളക്കഥകള്‍ സാഹിത്യത്തിലും വേറിട്ട ചരിത്രമായി നിലകൊള്ളുന്നു.

1990, ശ്രീലങ്കയില്‍ നിന്നും പട്ടാളക്കാരുടെ ശമ്പളമടങ്ങുന്ന പണപ്പെട്ടിയുമായി കശ്മീരിലെ തണുത്തുറഞ്ഞ മലമുകളിലൂടെയുള്ള യാത്ര. കൂട്ടിന് ഒന്നോ രണ്ടോ ഗാര്‍ഡുകളും പ്രദേശ നിവാസികളായ ചുമട്ട് തൊഴിലാളികളും, തണുത്തുറഞ്ഞ മഞ്ഞില്‍ കാലൊന്ന് തെന്നിയാല്‍ വഴുതി വീഴുന്ന കൊക്കകള്‍, കൂട്ടത്തില്‍ ഒരാള്‍ ചതിച്ചാല്‍ നഷ്ടപ്പെടുന്ന ലക്ഷ ക്കണക്കിന് രൂപ അങ്ങനെ മാസങ്ങള്‍തോറുമുള്ള ഇത്തരം ജീവന്‍ പണയം വെച്ചുള്ള യാത്രകള്‍. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിയുണ്ടകളേറ്റ് ഉറ്റസുഹൃത്തുക്കള്‍ മരിച്ച് വീണപ്പോള്‍ ശ്വാസം നിലച്ചുപോയ സെക്കൻഡുകള്‍… ഐ ഇ ഡി സ്ഫോടനത്തില്‍ നിന്നും രണ്ട് തവണ വാഹനവുമായി കഷ്ടിച്ച് രക്ഷപ്പെട്ടത്… അങ്ങനെ തന്റെ പതിനെട്ടാമത്തെ വയസ്സില്‍ തുടങ്ങി 39 വര്‍ഷത്തെ പട്ടാള ജീവിതം ഇന്നലെയെന്ന പോലെ ഓര്‍ത്തെടുക്കുകയാണ് ലഫ്നന്റ് കേണല്‍ അനില്‍ കുമാര്‍.
അതെ പട്ടാളമെന്നാല്‍ നമ്മള്‍ക്കെന്നും ഹൃദയത്തുടിപ്പാണ്. പട്ടാള കഥകള്‍ക്ക് കാതുകളും ഏറെയാണ്. അതിര്‍ത്തി കാത്തതും യുദ്ധത്തില്‍ പങ്കെടുത്തതും ശൗര്യമൊട്ടുചോരാതെ ഒരു പട്ടാളക്കാരന്റെ നാവില്‍ നിന്നു കേള്‍ക്കണം. അത് നല്‍കുന്ന “കുളിര് ‘ ഓരോ ഭാരതീയന്റെ രക്തത്തെയും തിളപ്പിക്കുമെന്ന് തീര്‍ച്ച. ഒരു നിമിഷം കണ്ണടച്ചാല്‍ കാണാം കൂരിരുട്ടിലും മഞ്ഞിലും മഴയത്തും അതിര്‍ത്തിയില്‍ തോക്കേന്തി കാവല്‍ നിന്ന ദിവസങ്ങള്‍, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ അങ്ങനെ നൂറുകണക്കിന് കഥകളാണ് ഈ “പട്ടാള മുക്കിനും’ പറയാനുള്ളത്. കോഴിക്കോട് ചെലവൂരിലെ പട്ടാളമുക്കില്‍ 700 മീറ്റര്‍ പരിധിയില്‍ 53 പട്ടാളക്കാരാണ് കുടുംബമായി താമസിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ ഇപ്പോഴും സേവനരംഗത്തുണ്ട്. മറ്റുള്ളവര്‍ രാജ്യ സേവനം കഴിഞ്ഞുള്ള വിശ്രമ വേളയിലാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ സേവനമനുഷ്ഠിച്ച ശശികലയാണ് ഇവിടുത്തെ ഏക വനിതാ സേനാംഗം. സര്‍വീസ് കാലത്തെ ഓർമകളെ നെഞ്ചോട് ചേര്‍ത്തും പുതുതലമുറക്ക് പകര്‍ന്നുമാണ് ഇവരുടെ ഓരോ ദിനവും കടന്നു പോകുന്നത്. രാജ്യം കാത്തവരും കാക്കുന്നവരും ഒരേയിടത്ത് താമസിക്കുന്ന അപൂർവതയാണ് “പട്ടാളമുക്ക്’.

ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന അപ്പുക്കുട്ടി നായരിലൂടെയാണ് ഇവിടുത്തെ സൈനിക പാരമ്പര്യം ആരംഭിക്കുന്നത്. ബ്രിട്ടീഷ് പട്ടാളത്തിലും പിന്നീട് ഇന്ത്യന്‍ പട്ടാളത്തിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. കുട്ടിയായപ്പോള്‍ മുതല്‍ കേള്‍ക്കുന്ന അച്ഛന്റെ പട്ടാള കഥകളില്‍ ആകൃഷ്ടരായി മക്കളില്‍ മൂന്ന് പേരും പട്ടാളത്തില്‍ ചേര്‍ന്നതായി പട്ടാളക്കാരനായ മണികണ്ഠൻ നായര്‍ പറയുന്നു. ഒരാള്‍ക്ക് മാത്രം സെലക്്ഷന്‍ കിട്ടിയില്ല. എന്നാല്‍ അവന്‍ പോലീസില്‍ ചേര്‍ന്നു. അച്ഛന് ശേഷം അമ്മാവന്മാരും അയല്‍ വാസികളുമടക്കം നിരവധി പേര്‍ ഈ ഗ്രാമത്തില്‍ നിന്നും പട്ടാളത്തിലെത്തിയതായി മണികണ്ഠന്‍ നായരുടെ വാക്കുകള്‍. അപ്പുക്കുട്ടി നായരുടെ മരണശേഷം അദ്ദേഹത്തിന്റെ പേരില്‍ അപ്പുക്കുട്ടി സ്മാരക ബസ്റ്റോപ്പും മുണ്ടിക്കല്‍താഴത്തിന് സമീപം നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പണികഴിപ്പിച്ചു. ഓണററി ക്യാപ്റ്റന്‍ നായാടത്തു കുട്ടപ്പന്‍ നായരും, ജെയിംസ് ജേക്കബും, ജൂനിയര്‍ കമ്മിഷണര്‍ ഓഫീസര്‍മാരായ രാജന്‍ നായര്‍, പായോട്ട് സുബ്രമണ്യന്‍, മുരളീധരന്‍ ചെറുമണ്ണില്‍,സദാനന്ദന്‍, ഗോപാലന്‍ നായര്‍ കാമ്പുറത്ത് തുടങ്ങിയവരും ഈ മണ്ണില്‍ നിന്ന് ഉദിച്ചുയര്‍ന്നവരാണ്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഇരുപത് പട്ടാളക്കാരാണ് പട്ടാളമുക്കില്‍ നിന്നും പങ്കെടുത്തത്. ചൈന യുദ്ധത്തിലും 1971ലെ ഇന്ത്യ- പാക് യുദ്ധത്തിലും നാല് സൈനികര്‍ ഇവിടെ നിന്നും പങ്കെടുത്തിട്ടുണ്ട്. പട്ടാളച്ചിട്ടയോടെയുള്ള ജീവിതമാണ് ഇവിടെ. പട്ടാളക്കാരായതിനാല്‍ തന്നെ നാട്ടുകാര്‍ക്കും അൽപ്പം ബഹുമാന കൂടുതലുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പട്ടാളമല്ലേ, ഒരു തരികിട പരിപാടികളും ഇവിടെ നടക്കില്ലെന്ന് ആളുകള്‍ക്കറിയാം. പട്ടാള മുക്കില്‍ വീണു കിടക്കുന്ന ഒരു മിഠായി കടലാസെടുക്കാന്‍ പോലും ആര്‍ക്കും ധൈര്യമില്ലെന്നതാണ് നേര്. പേടി മാത്രമല്ല ഈ ജവാന്മാരോടുള്ള ബഹുമാനവും ആദരവുമാണ് ഈ പെരുമാറ്റത്തിന് കാരണമെന്ന് നിസ്സംശയം പറയാം.
പട്ടാള പേരിട്ട് പട്ടാളക്കാരന്‍

ഇത്രയധികം പട്ടാളക്കാര്‍ എങ്ങനെ ഒരു ഗ്രാമത്തില്‍ എത്തിപ്പെട്ടുവെന്നത് ഇന്നും കൗതുകമാണ്. ചെലവൂരിനും മുണ്ടിക്കല്‍ താഴത്തിനും പാലക്കോട്ട് വയലിനും ഇടയിലുള്ള സ്ഥലമാണ് ഇന്ന് പട്ടാളമുക്ക് എന്ന പേരില്‍ അറിയപ്പെടുന്നത്. പണ്ട് നായടത്ത് എന്ന പേരിലായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. അന്ന് ഈ പ്രദേശത്ത് റോഡില്ലാത്തതിനാല്‍ ഇവിടേക്ക് എത്തിച്ചേരാന്‍ ആളുകള്‍ ഇടവഴിയാണ് ആശ്രയിച്ചിരുന്നത്. കാരന്തൂരിനു സമീപവും നായടത്ത് എന്ന പേരില്‍ മറ്റൊരു സ്ഥലം അറിയപ്പെട്ടിരുന്നു. പിന്നീട് കാലം മാറി. ഗതാഗത സൗകര്യം വന്നതോടെ ചെലവൂര്‍ നായടത്തേക്ക് വിളിക്കുന്ന വാഹനങ്ങള്‍ എല്ലാം നേരേ പോകുന്നത് കാരന്തൂര്‍ നായടത്തേക്കും. ഇതോടെ ഇവിടേക്ക് എത്തിച്ചേരേണ്ടവര്‍ വളരെ ബുദ്ധിമുട്ടിലായി. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായി നായാടത്തു അപ്പുക്കുട്ടി നായരുടെ മകനായ പട്ടാളം രാഘവന്‍ നായരാണ് ഇവിടേക്ക് “പട്ടാളമുക്ക്’ എന്ന പേര് നിര്‍ദേശിച്ചത്. ആര്‍മി മെഡിക്കല്‍ കോറില്‍ നിന്ന് വിരമിച്ചതാണിദ്ദേഹം. ഈ പട്ടാള പേര് നാട്ടുകാര്‍ക്കും പ്രദേശവാസികള്‍ക്കും ബോധിച്ചതോടെയാണ് ഇവിടം പട്ടാളമുക്കെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അതിർത്തിയിലെ ഓരോ വിവരങ്ങളേയും സൂക്ഷ്മതയോടെയാണ് പട്ടാള മുക്കിലുള്ളവർ ശ്രവിക്കുന്നത്. സേവനം നിർത്തിയെങ്കിലും ഊർജസ്വലരായ ജവാന്മാരാണ് ഇവരിപ്പഴും.

വാർധക്യത്തിൽ തങ്ങളുടെ പ്രിയതമന്റെ ഓർമകളുമായി ജീവിക്കുന്ന ഭാര്യമാരും ഈ പട്ടാളമുക്കിലുണ്ട്. അതിർത്തി കാക്കുന്ന ഓരോ സൈനികനും ഈ അമ്മമാരുടെ പ്രാർഥനകളും കൂട്ടിനുണ്ട്. സർവീസിൽ ലഭിച്ച മെഡലുകളും യൂണിഫോമുകളും ഓരോ വീടിനേയും സൈനിക താവളത്തിന് സമാനമാക്കുകയാണ്. അതിർത്തിയിലെ നൂറുക്കണക്കിന് സംഭവങ്ങളാണ് ഓരോ വീട്ടിലും ഉറങ്ങിക്കിടക്കുന്നത്. നെഞ്ചുവിരിച്ച് നടന്നു വരുന്ന പട്ടാളമുക്കിലെ മുൻ സൈനികരെ ഇഷ്ടത്തോടെയും അതിലേറെ ബഹുമാനത്തോടെയുമാണ് നോക്കാൻ കഴിയുക.
“ഓർഡർ ആൻഡ് ബോർഡർ’ ഇതിനുള്ളിലാണ് ഒരു പട്ടാളക്കാരന്റെ ജീവിതം. അവര്‍ ഉള്ളിലേന്തുന്ന ആ വികാരമാണ് അവരുടെ കണ്ണുകളെ അടയാതെ കാക്കുന്നത്. ആ തുറന്ന ജാഗ്രതയിലാണ് നാം ശാന്തരായുറങ്ങുന്നത്. സ്വന്തം കുടുംബം മറന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ സ്വജീവൻ ത്യജിക്കാൻ ഓരോ സൈനികനും സന്നദ്ധരാകുകയാണ്. താൻ മരിച്ചാലും തന്റെ രാജ്യവും ജനങ്ങളും സുരക്ഷിതരായിരിക്കണം എന്ന ദൃഢനിശ്ചയം. അതാണ് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. സൈനികസേവനം ചിട്ടയായ ജീവിതമാണ് പഠിപ്പിക്കുന്നത്. ത്യാഗത്തിന്റെയും സേവനത്തിന്റെയും അംശങ്ങള്‍ ഇതിലുണ്ട്. ദേശാഭിമാനത്തിന്റെ ആരവങ്ങള്‍ എവിടെനിന്നെല്ലാം ഉയരുമ്പോഴും പട്ടാളമുക്കിലെ ധീരരായ മുന്‍ സൈനികര്‍ ജീവിതത്തിന്റെ ആഹ്ലാദം പങ്കുവെക്കുകയാണ്. അങ്ങനെ പട്ടാളമുക്ക് സൈനിക സന്നാഹങ്ങളുടെ ഓർമപ്പെടുത്തലായി ഉന്നതശീര്‍ഷമായി നിലകൊള്ളുന്നു.
.

Latest