Connect with us

Articles

തണലറ്റവര്‍ക്ക് തുണയാകുക

ജീവിതത്തിലെ ഭൂരിഭാഗം സമയവും രോഗത്തോട് മല്ലിട്ട് മരുന്നുകളും ആശുപത്രി വാര്‍ഡുകളുമായി കഴിയുന്ന ലക്ഷക്കണക്കിന് രോഗികളാണ് നമുക്ക് ചുറ്റുമുള്ളത്. രോഗത്തിന്റെ പാതി വഴിയില്‍ ഉറ്റവരും ഉടയവരും കൈ വിട്ടവര്‍, പുറം ലോകം കാണാതെ റൂമിലും ആശുപത്രികളിലുമായി കഴിയുന്ന രോഗികള്‍, ജീവിതത്തില്‍ ആശയറ്റ അഗതികള്‍ തുടങ്ങിയവരെയാണ് ഈ ക്യാമ്പയിന്‍ പ്രധാനമായും ഫോക്കസ് ചെയ്യുന്നത്

Published

|

Last Updated

ആരോഗ്യകരമായ വ്യക്തിത്വത്തിന്റെ സവിശേഷമായ ഗുണങ്ങളില്‍ ഒന്നാണ് മനുഷ്യന്റെ സാമൂഹിക ബോധം. അപരരെ സ്‌നേഹിക്കുന്നതും അവരുമായി സഹവസിക്കുന്നതും അവരുടെ ഉന്നമനങ്ങള്‍ക്ക് വേണ്ടി പരസ്പരം സഹകരിക്കുന്നതുമാണ് സാമൂഹികത കൊണ്ട് അര്‍ഥമാക്കുന്നത്. മനുഷ്യനെ സാമൂഹിക തലത്തില്‍ ഇടപെടാനും സാമൂഹിക ജീവിയായി അനുവര്‍ത്തിക്കാനും ഇസ്‌ലാം നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട്. മാത്രമല്ല, മനുഷ്യന്‍ കേവലം ഒരു സാമൂഹിക ജീവിയായി നിലകൊള്ളണം എന്ന് ഉത്‌ഘോഷിക്കുന്നതിലുപരി, പലവിധ മാര്‍ഗങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും പ്രായോഗികവത്കരിക്കാനും ഇസ്‌ലാം ശ്രമിക്കുന്നുണ്ട്.
കാരുണ്യവും അനുകമ്പയുമാണ് ഇസ്‌ലാമിക അധ്യാപനങ്ങളുടെ പൊരുള്‍. വിശ്വാസികള്‍ പരസ്പരം കെട്ടിടങ്ങള്‍ പോലെയാണ് എന്നുള്ള പ്രവാചക അധ്യാപനവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധാനമായി ഖുര്‍ആന്‍ വിശേഷിപ്പിച്ച മനുഷ്യകുലം ആദരിക്കപ്പെടേണ്ട വിഭാഗമാണ്. ജീവിത ചുറ്റുപാടുകള്‍ക്കിടയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കാനും അവര്‍ക്ക് തണലാകാനുമാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. സ്രഷ്ടാവിനോടെന്ന പോലെ നാം ജീവിക്കുന്ന ചുറ്റുപാടിലെ ഇതര സൃഷ്ടിജാലങ്ങളോടും നമുക്ക് കടമകളുണ്ട്. ആ കടമകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ പൂര്‍ണനാകുന്നത്. ഇതെല്ലാം സമാശ്വാസത്തിന്റെയും പാരസ്പര്യത്തിന്റെയും ഭാഗമാണ്. കൂട്ടമായുള്ള നിസ്‌കാരം മുതല്‍ നോമ്പ്, ഹജ്ജ് പോലെയുള്ള ആരാധനകളിലും പരസ്പര സഹവര്‍ത്തിത്വത്തിന്റെ അന്തരാര്‍ഥങ്ങള്‍ കാണാന്‍ സാധിക്കും. പരസ്പര സാഹോദര്യത്തിന്റെ മതമാണ് ഇസ്‌ലാം. തന്റെ സഹോദരന്റെ ഇഷ്ടങ്ങള്‍ തന്റെയും ഇഷ്ടങ്ങള്‍ ആകുന്നത് വരെ ഒരാളും യഥാര്‍ഥ വിശ്വാസിയാകുന്നില്ല.
ഇസ്‌ലാം എപ്പോഴും മനുഷ്യനെ ഉണര്‍ത്തി കൊണ്ടിരിക്കുന്നത് സേവനത്തെ കുറിച്ചാണ്. സേവനത്തിന് പല അര്‍ഥ തലങ്ങളുണ്ട്. ആശയങ്ങള്‍ക്ക് നിറം പകരലും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കലുമാണ് അതിന്റെ ആത്യന്തിക താത്പര്യം. ഇസ്‌ലാം അത്യുത്കൃഷ്ടമെന്ന് പരിചയപ്പെടുത്തുന്ന രോഗസന്ദര്‍ശനവും ശുശ്രൂഷയും കുടുംബ-അയല്‍പക്ക സന്ദര്‍ശനങ്ങളും അവരോടുള്ള സല്‍സഹവര്‍ത്തിത്വവും വിശക്കുന്നവരെ ഭക്ഷിപ്പിക്കലുമെല്ലാം ഏതൊരാള്‍ക്കും ചെയ്യാനാവുന്ന ലളിതമായ എന്നാല്‍ മഹനീയമായ സേവന കര്‍മങ്ങളുടെ ഉദാഹരണങ്ങളാണ്. ആവശ്യക്കാരെ സഹായിക്കുന്നതും അതിനു വേണ്ടി സഹകരിക്കുന്നതും മനുഷ്യന്റെ സാമൂഹിക ബോധം വളരാന്‍ കാരണമാകുന്നു. “നന്മയിലും ഗുണങ്ങളിലും നിങ്ങള്‍ പരസ്പരം സഹായിക്കുക’ എന്ന ഇസ്‌ലാമികാധ്യാപനം സാമൂഹിക സേവനങ്ങള്‍ക്ക് ഇസ്‌ലാം കൊടുക്കുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.

കേരളത്തിലെ ആതുര-സേവന രംഗത്ത് എസ് വൈ എസ് സാന്ത്വനം നടത്തി വരുന്ന ചുവടു വെപ്പുകള്‍ ഈ ഇസ്‌ലാമിക അധ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ്. സമൂഹത്തിലെ അശരണര്‍ക്കും അഗതികള്‍ക്കും വേദന അനുഭവിക്കുന്നവര്‍ക്കും തണലേകിയ ചരിത്രമാണ് സാന്ത്വനത്തിന്റേത്. ഇന്ന് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മെഡിക്കല്‍ കോളജുകളില്‍ സാന്ത്വനം വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിക്കുന്നതാണ്. കൊവിഡ് മഹാമാരി കാലത്തെ സ്തുത്യര്‍ഹമായ സേവനം, മയ്യിത്ത് പരിപാലനം, മയ്യിത്ത് സംസ്‌കരണം, ദാറുല്‍ ഖൈര്‍ ഭവന പദ്ധതി, പാവപ്പെട്ടവര്‍ക്കുള്ള മെഡിക്കല്‍ കാര്‍ഡുകള്‍, ഡയാലിസിസ് കാര്‍ഡ്, സാന്ത്വനം ക്ലിനിക്കുകള്‍, തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ കെയറുമായി സഹകരിച്ച് നടത്തി വരുന്ന സേവനങ്ങള്‍, മറ്റു ഭവന – വിവാഹ – ചികിത്സാ സഹായങ്ങള്‍, നിത്യ രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും നിരന്തരം സഹായങ്ങള്‍ ചെയ്യുന്ന സാന്ത്വന കേന്ദ്രങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നതില്‍ സാന്ത്വനം വിജയിച്ചിട്ടുണ്ട്.

ഇത്തരം പദ്ധതികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇനിയും കൂടുതല്‍ അശരണരിലേക്ക് സേവനം ലക്ഷ്യം വെച്ച്, “തണലറ്റവര്‍ക്ക് തുണയാകുക’ എന്ന പ്രമേയത്തില്‍ നവംബര്‍ 16 മുതല്‍ ഡിസംബര്‍ 15 വരെ സാന്ത്വന മാസം ആചരിക്കുകയാണ് എസ് വൈ എസ് സാന്ത്വനം. ജീവിതത്തിലെ ഭൂരിഭാഗം സമയവും രോഗത്തോട് മല്ലിട്ട് മരുന്നുകളും ആശുപത്രി വാര്‍ഡുകളുമായി കഴിയുന്ന ലക്ഷക്കണക്കിന് രോഗികളാണ് നമുക്ക് ചുറ്റുമുള്ളത്. രോഗത്തിന്റെ പാതി വഴിയില്‍ ഉറ്റവരും ഉടയവരും കൈ വിട്ടവര്‍, പുറം ലോകം കാണാതെ റൂമിലും ആശുപത്രികളിലുമായി കഴിയുന്ന രോഗികള്‍, ജീവിതത്തില്‍ ആശയറ്റ അഗതികള്‍ തുടങ്ങിയവരെയാണ് ഈ ക്യാമ്പയിന്‍ പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. അവരെ കേള്‍ക്കാനും ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാനും സാധ്യമായവരെ ഒന്നിച്ച് ചെറിയ യാത്രകള്‍ സംഘടിപ്പിക്കാനും ഈ ക്യാമ്പയിന്‍ കാലം ഉപയോഗപ്പെടുത്തും. സര്‍ക്കിള്‍, സോണ്‍, ജില്ല തിരിച്ചുള്ള പല പദ്ധതികളാണ് ഈ ക്യാമ്പയിനിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുള്ളത്.

സര്‍ക്കിള്‍ തലത്തില്‍ വ്യത്യസ്തങ്ങളായ മെഡിക്കല്‍ ക്യാമ്പുകളും, സോണ്‍ തലത്തില്‍ ആശുപത്രികള്‍ തോറും അശരണര്‍ക്കുള്ള ഭക്ഷണ വിതരണവും മാതൃകാ പാലിയേറ്റീവ് പദ്ധതിയും, ജില്ലാ തലത്തില്‍ നിലവിലെ സേവനങ്ങള്‍ കൂടാതെ കൂടുതല്‍ വളണ്ടിയര്‍ സേവനങ്ങളും സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങള്‍ക്കുള്ള പ്രത്യേക കോഴ്‌സ് ആരംഭവും മെഡിക്കല്‍ ഷോപ്പുകളും, സംസ്ഥാനതലത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള ട്രെയിനിംഗും ഓണ്‍ലൈന്‍ മജ്‌ലിസും ഈ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. ആത്മീയ വളര്‍ച്ചക്ക് വേണ്ടിയുള്ള ശൈഖ് രിഫാഈ ഓണ്‍ലൈന്‍ മജ്‌ലിസും ഈ ക്യാമ്പയിന്‍ കാലയളവില്‍ നടത്താന്‍ സാന്ത്വനം പദ്ധതി തയ്യാറാക്കുന്നുണ്ട്. രോഗികളെയും അഗതികളെയും പരിചരിക്കാനുള്ള പ്രാവാചകാധ്യാപനങ്ങളെ പൂര്‍ണമായും മുഖവിലക്കെടുത്ത് നടപ്പില്‍ വരുത്താനുള്ള സാന്ത്വനത്തിന്റെ പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണ്. മനുഷ്യന്റെ വേദനകള്‍ അടുത്തറിയാനും അത് പങ്കിടാനുമുള്ള സാഹചര്യങ്ങള്‍ കൂടിയാണ് ഇത്തരം ക്യാമ്പയിനുകള്‍. ഇരുലോകത്തും ഉപകരിക്കുന്ന ഈ പദ്ധതി പടച്ചവന്‍ സ്വീകരിക്കട്ടെ, ആമീന്‍.

---- facebook comment plugin here -----

Latest