National
ഹെലികോപ്ടര്‍ അപകടം; പ്രതിരോധ മന്ത്രി ഇന്ന് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തും, വ്യോമസേനാ ഉന്നത സംഘം കൂനൂരില്‍

ന്യൂഡല്‍ഹി | രാജ്യത്തിന്റെ സംയുക്ത സൈനിക ജനറല്‍ ബിപിന്‍ റാവത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തും. അന്വേഷണം നടക്കുന്നതിനാല്‍ അപകട കാരണങ്ങളിലേക്ക് അദ്ദേഹം കടക്കില്ല. അതിനിടെ, വ്യോമസേനാ മേധാവി വി ആര്‍ ചൗധരി സംഭവ സ്ഥലത്തെത്തി. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള 25 അംഗ വ്യോമസേനാ ഉന്നത സംഘം കൂനൂരിലെത്തി പരിശോധനകള്‍ നടത്തിവരികയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയാണ് ബിപിന്‍ റാവത്ത്. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തിനും അപകടത്തില്‍ ജീവന്‍ നഷ്ടമായി. ഹെലികോപ്ടറിലുണ്ടായിരുന്ന 14 ല്‍ 13 പേരും മരണപ്പെട്ടു. ഇവരില്‍ മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപും ഉള്‍പ്പെടും. ഗുരുതരമായി പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.