National
ഹെലികോപ്റ്റര്‍ അപകടം; തമിഴ്‌നാട് പോലീസ് അന്വേഷിക്കും

ചെന്നൈ | തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡി ജി പി. ശൈലേന്ദ്രബാബു. ഊട്ടി എ ഡി എസ് പി. മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പ്രദേശവാസികളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും ഡി ജി പി വ്യക്തമാക്കി.
അതേസമയം സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരുടെയും മറ്റ് സൈനികരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ബിപിന്‍ റാവത്തിനും മധുലിക റാവത്തിനും മക്കളായ കൃതികയും തരിണിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു.