Connect with us

From the print

മധ്യ കേരളത്തിൽ കനത്ത മഴ; മേഘവിസ്ഫോടനം

കോട്ടയത്ത് ഉരുൾപൊട്ടൽ • വെള്ളത്തിൽ മുങ്ങി കൊച്ചി

Published

|

Last Updated

കൊച്ചി | മധ്യ കേരളത്തിൽ ഇടതടവില്ലാതെ പെയ്ത മഴയിൽ കനത്ത നാശം. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ പെരുമഴ പലയിടത്തും വെള്ളപ്പൊക്കത്തിന്റെ പ്രതീതി സൃഷ്ടിച്ചു. എറണാകുളം കളമശ്ശേരിയിൽ ലഘു മേഘവിസ്‌ഫോടനമുണ്ടായി. ഒന്നര മണിക്കൂറിൽ നൂറ് മില്ലി മീറ്റർ മഴയാണ് കൊച്ചിയിൽ പെയ്തത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) റഡാർ ഗവേഷണ കേന്ദ്രത്തിൽ സ്ഥാപിച്ച മഴ മാപിനിയിൽ 98.4 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഈ വർഷം ആദ്യമായി രേഖപ്പെടുത്തുന്ന ലഘു മേഘവിസ്‌ഫോടനമാണിത്.
മധ്യ, തെക്കൻ കേരളത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. മരങ്ങൾ കടപുഴകി വീണും വെള്ളക്കെട്ട് രൂപപ്പെട്ടും റോഡ് തകർന്ന് പലയിടത്തും ഗതാഗതം നിലച്ചു. വലിയ രീതിയിലുള്ള കൃഷിനാശവുമുണ്ടായി. മീനച്ചിലാറ്റിലും മണിമലയാറ്റിലും, മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് കുത്തനെ ഉയർന്നു.

നിർത്താതെ പെയ്ത മഴയിൽ കൊച്ചിയിൽ കനത്ത വെള്ളക്കെട്ടുണ്ടായി. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശ്ശേരി, തൃപ്പൂണിത്തുറ മുനിസിപാലിറ്റികളിലുമാണ് വെള്ളക്കെട്ട് ഏറെ ബാധിച്ചത്. കളമശ്ശേരിയിൽ മാത്രം ഇരുനൂറോളം വീടുകളിൽ വെള്ളം കയറി. ഇവിടെ ഒറ്റപ്പെട്ടുപോയവരെ ഫയർ ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. രാമേശ്വരം വില്ലേജിൽ സൗദി ഭാഗത്ത് ചെറിയ ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെയും രക്ഷപ്പെടുത്തി. എറണാകുളം ബൈപാസ്സിലടക്കം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂക്ഷമായി. ഫോർട്ട് കൊച്ചിയിൽ കെ എസ് ആർ ടി സി ബസിന് മുകളിൽ മരം വീണ് ഒരാൾക്ക് പരുക്കേറ്റു.
കോട്ടയത്ത് ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി നാശനഷ്ടമുണ്ടായി. ഏഴ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. രാവിലെ മുതൽ കോട്ടയത്തെ മലയോര മേഖലകളിലും പൂഞ്ഞാർ ഉൾപ്പെടെയുള്ളിടങ്ങളിലും ശക്തമായ മഴയായിരുന്നു. മീനച്ചിൽ താലൂക്കിലെ മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മേലുകാവ്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, തലനാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലെല്ലാം മഴ ശക്തമായിരുന്നു.
റോഡിന് മുകളിലെ പുരയിടത്തിൽ നിന്ന് കല്ലും മണ്ണും വൻതോതിൽ വീണ് വാഗമൺ റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇത് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാല യാത്രയും നിരോധിച്ചു.
ദുരിതാശ്വാസ ക്യാന്പ് തുറന്നു
ആലപ്പുഴയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അമ്പലപ്പുഴ താലൂക്കിലെ പുറക്കാടാണ് ക്യാമ്പുകൾ തുടങ്ങിയത്.

Latest