Kerala
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മഞ്ചേരിയില്‍ മണ്ണിടിച്ചില്‍, തിരുവനന്തപുരത്തും ആലപ്പുഴയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
തിരുവനന്തപുരത്ത് മഴയില്‍ തേക്കുംമൂട് ബണ്ട് കോളനിയില്‍ വെള്ളം കയറി

തിരുവനന്തപുരം | സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. മലപ്പുറം ജില്ലയില്‍ മഞ്ചേരി പുല്ലഞ്ചേരി വേട്ടേക്കോട്- ഒടുവങ്ങാട് റോഡില്‍ കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിന് സമീപം താമസിക്കുന്ന എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
തിരുവനന്തപുരത്ത് മഴയില്‍ തേക്കുംമൂട് ബണ്ട് കോളനിയില്‍ വെള്ളം കയറി. 150ഓളം വീടുകളിലാണ് വെള്ളം കയറിയത്. 200 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേര്‍ത്ത, അമ്പലപ്പുഴ താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. തണ്ണീര്‍മുക്കം മരുതൂര്‍വട്ടം എല്‍പി സ്‌കൂളില്‍ 10 കുടുംബങ്ങളിലെ 36പേര്‍ എത്തിയിട്ടുണ്ട്.രാത്രിയും മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയില്‍ പ്രത്യേക ജാഗ്രത വേണമെന്നും വകുപ്പ് അറിയിച്ചു. അതിനിടെ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.