Connect with us

Uae

തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് കനത്ത പിഴ; ഉത്തരവുമായി യു എ ഇ സര്‍ക്കാര്‍

വര്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധം. സ്വദേശിവത്കരണത്തില്‍ വ്യാജ നിയമനം അരുത്.

Published

|

Last Updated

ദുബൈ | തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് കനത്ത പിഴ ചുമത്താന്‍ യു എ ഇ സര്‍ക്കാര്‍ ഉത്തരവ്. പത്ത് ലക്ഷം വരെ പിഴ ആകാമെന്ന് ഉത്തരവില്‍ പറയുന്നു. വര്‍ക്ക് പെര്‍മിറ്റ് നല്‍കാതെ തൊഴിലെടുപ്പിച്ചാല്‍ ഗുരുതര കുറ്റമായി കാണണം. തൊഴില്‍ ബന്ധങ്ങളുടെ ഫെഡറല്‍ ഡിക്രി-നിയമത്തിലെ നിര്‍ദിഷ്ട വ്യവസ്ഥകള്‍ ഭേദഗതി ചെയ്തിട്ടുണ്ട്.

പുതിയ വ്യവസ്ഥകള്‍ പ്രകാരം, ലംഘനങ്ങള്‍ക്ക് തൊഴിലുടമകളില്‍ നിന്ന് 1,00000 ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍ തീര്‍പ്പാക്കാതെ സ്ഥാപനം അടച്ചുപൂട്ടരുത്. സ്വദേശിവത്കരണത്തില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിക്കരുത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജോലിക്ക് നിയമിക്കരുത്. സാങ്കല്‍പ്പിക തൊഴില്‍ ഉള്‍പ്പെടെ തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന നിയമങ്ങളോ ചട്ടങ്ങളോ ലംഘിക്കരുത്. തൊഴില്‍ദാതാവ് പിഴയുടെ മൂല്യത്തിന്റെ 50 ശതമാനമെങ്കിലും തൊഴിലാളിക്ക് നല്‍കണം. സ്വദേശിവത്കരണ വ്യാജ ജീവനക്കാര്‍ നേടിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ സര്‍ക്കാരിന് നല്‍കണം. ഒത്തുതീര്‍പ്പുണ്ടാക്കാന്‍ മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന് അധികാരമുണ്ട്.

വ്യാജ സ്വദേശിവത്കരണം ഉള്‍പ്പെടെയുള്ള സാങ്കല്‍പ്പിക തൊഴില്‍ നിയമങ്ങള്‍ക്കായുള്ള ഏതൊരു ക്രിമിനല്‍ നടപടികളും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രിയുടെയോ അംഗീകൃത പ്രതിനിധിയുടെയോ അഭ്യര്‍ഥന പ്രകാരം മാത്രമേ ആരംഭിക്കാന്‍ കഴിയൂ.
തര്‍ക്കം പരിഹരിക്കുന്നതില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍, തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ അപ്പീല്‍ കോടതിക്ക് പകരം ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലേക്ക് റഫര്‍ ചെയ്യണം. ഒത്തുതീര്‍പ്പായതോ വിധി പുറപ്പെടുവിക്കുന്നതിനായി മാറ്റിവെച്ചതോ ആയ തര്‍ക്കങ്ങള്‍ ഒഴികെയുള്ള എല്ലാ കേസുകള്‍ക്കും ഇത് ബാധകമാണ്.

വ്യവസ്ഥകള്‍ നടപ്പിലാക്കുന്ന തീയതി മുതല്‍, തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച എല്ലാ അഭ്യര്‍ഥനകളും തര്‍ക്കങ്ങളും പരാതികളും ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ അപ്പീല്‍ കോടതി ഉത്തരവുണ്ടാകണം. തൊഴില്‍ ബന്ധം അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ക്ലെയിമുകളുമായുള്ള നടപടി കോടതി റദ്ദാക്കും. നിയമനിര്‍മാണപരവും നിയമപരവുമായ ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉത്തരവ്. തൊഴില്‍ വിപണിയുടെ കാര്യക്ഷമതയും മത്സരക്ഷമതയും ഉറപ്പാക്കുക, തൊഴില്‍ ബന്ധങ്ങള്‍ നിയന്ത്രിക്കുക, ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങളും കടമകളും വ്യക്തമായി നിര്‍വചിക്കുക, നിയമപ്രകാരം അവരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

 

Latest