Connect with us

local body election 2025

കോട്ടയം ജില്ലാ പഞ്ചായത്ത് വാകത്താനം ഡിവിഷനിൽ കനത്ത പോരാട്ടം

മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ചരിത്രമാണ് ജോഷിക്കുള്ളത്

Published

|

Last Updated

കോട്ടയം | കോട്ടയം ജില്ലാ പഞ്ചായത്ത് വാകത്താനം ഡിവിഷനിൽ കനത്ത പോരാട്ടം. പ്രവചനാതീതമയ മത്സരത്തിൽ യു ഡി എഫിൽ കോൺഗ്രസ്സും എൽ ഡി എഫിൽ സി പി ഐ യുമാണ് കൊമ്പുകോർക്കുന്നത്.
കോൺഗ്രസ്സിനു വേണ്ടി സീനിയർ നേതാവായ ജോഷി ഫിലിപ്പാണ് മത്സരിക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജോഷി ഫിലിപ്പ്, മുൻ വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഡി സി സി അധ്യക്ഷനുമായിരുന്നു. നിലവിൽ കെ പി സി സി ജനറൽ സെക്രട്ടറിയാണ്.

മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ചരിത്രമാണ് ജോഷിക്കുള്ളത്. യു ഡി എഫിന് വൻ സ്വാധീനമുള്ള വാകത്താനത്ത് അനായാസ വിജയമെന്നതാണ് യു ഡി എഫ് പ്രതീക്ഷ. അതേസമയം, പാർട്ടിയിൽ അടുത്തിടെ ഉടലെടുത്ത ചില പ്രശ്നങ്ങൾ ജോഷി ഫിലിപ്പിനെ തിരിച്ചടിയാകുമെന്ന പ്രചാരണമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുത്തിരുന്ന ജോഷി ഫിലിപ്പ് പാർട്ടിയുടെ ശക്തമായ സമ്മർദത്തെ തുടർന്നാണ് മത്സരിക്കാൻ തയ്യാറായതെന്ന് സംസാരമുണ്ട്.

എന്നാൽ സ്ഥാനാർഥിയുടെ മികവിൽ എല്ലാ പ്രശ്നങ്ങളെയും മറികടന്ന് വിജയിക്കാനാകുമെന്ന വിശ്വാസമാണ് യു ഡി എഫ് കേന്ദ്രങ്ങൾക്ക് ഉള്ളത്.ഇടതുപക്ഷ സംഘടനകൾക്കും വേരോട്ടമുള്ള പ്രദേശങ്ങളാണ് വാകത്താനം ഡിവിഷനിലുള്ളത്. ക്രൈസ്തവ സഭകൾക്കും ഒ ബി സി വിഭാഗങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും ഗണ്യമായ രീതിയിൽ വോട്ടുണ്ട്.

സി പി ഐക്കു വേണ്ടി ഡോ. ജയ്മോൻ ജേക്കബാണ് മത്സരത്തിനിറങ്ങുന്നത്. തൃപ്പൂണിത്തുറ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പലായ ജെയ്മോൻ വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തിരഞ്ഞടുപ്പ് രാഷ്ട്രീയത്തിൽ പുതുമുഖമാണ്.

ഒരു നിയമസഭാ മണ്ഡലത്തിന്റെ പകുതിയോളം വരുന്നതാണ് വാകത്താനം ഡിവിഷന്റെ വിസ്തൃതി. വാകത്താനം പഞ്ചായത്തിലെ ആറ് വാർഡുകളും മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകളിലെ വാർഡുകളും ഉൾപ്പെടുന്നതാണ് വാകത്താനം ഡിവിഷൻ. കഴിഞ്ഞ തവണ 22,000 ത്തോളം വോട്ടുകളാണ് യു ഡി എഫ് സ്ഥാനാർഥിക്ക് ലഭിച്ചത്, 16,000 വോട്ടുകൾ എൽ ഡി എഫും നേടിയിരുന്നു. ശക്തമായ മത്സരത്തിൽ വിജയം കൈവരിക്കാൻ ആകുമെന്നാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ

---- facebook comment plugin here -----

Latest