Connect with us

ksrtc bus

കെ എസ് ആര്‍ ടി സി ബസ്സിന്റെ ഹെഡ് ലൈറ്റ് തകര്‍ത്തു; 46,000 രൂപ കെട്ടിവച്ച ശേഷം യുവതിക്കു ജാമ്യം

കാറില്‍ ബസ്സ് തട്ടിയെന്നാരോപിച്ചായിരുന്നു ഹെഡ് ലൈറ്റ് തകര്‍ത്തത്

Published

|

Last Updated

കോട്ടയം | കെ എസ് ആര്‍ ടി സി ബസിന്റെ ഹെഡ് ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത കേസില്‍ യുവതിക്ക് 46,000 രൂപ കെട്ടിവച്ച ശേഷം ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചിങ്ങവനം പോലീസ് കസെടുത്തത്.

പൊന്‍കുന്നം സ്വദേശി 26കാരി സുലുവിനാണ് കോടതി ജാമ്യം അനുവദിച്ചത്. തന്റെ കാറില്‍ ഇടിച്ച ശേഷം കെ എസ് ആര്‍ ടി സി ബസ് നിര്‍ത്താതെ പോവുകയായിരുന്നെന്ന് സുലു ആരോപിച്ചു. ഇന്നലെയാണ് സുലുവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. തിരുവന ന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിനു നേരെയാണ് ആക്രമണം നടന്നത്. ബസ് കോട്ടയത്ത് വച്ച് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ റിയര്‍വ്യൂ മിററില്‍ തട്ടുകയായിരുന്നു. കാര്‍ പെട്ടെന്ന് മറുവശത്തേക്ക് തിരിച്ചപ്പോഴാണ് മിററില്‍ തട്ടിയതെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് വശത്തേക്ക് ഒതുക്കി നിര്‍ത്തിയപ്പോഴാണ് കാറില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഇറങ്ങി വന്നത്.

ആദ്യം ഡ്രൈവറുമായി തര്‍ക്കമുണ്ടായി, രൂക്ഷമായി അസഭ്യം വിളിക്കുകയും ചെയ്തു. യാത്രക്കാര്‍ ഇടപെട്ടപ്പോള്‍ ആദ്യം പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കാറില്‍ പോയി ജാക്കി ലിവര്‍ എടുത്തുകൊണ്ടു വന്ന് ലൈറ്റ് അടിച്ച് തകര്‍ക്കുകയുമായിരുന്നുവെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്.

സ്ത്രീകള്‍ക്ക് നേരെ ഒരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. മുന്‍വശത്തെ രണ്ട് ലൈറ്റുകള്‍ തകര്‍ത്തിട്ടുണ്ട്. ആലപ്പുഴ രജിസ്ട്രേഷനുള്ള കാറിലാണ് സ്ത്രീകള്‍ സഞ്ചരിച്ചിരുന്നതെന്ന് ബസ് ജീവനക്കാര്‍ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുലുവിനെ പിടികൂടിയത്.

 

Latest